അന്ത്രുക്കയുടെ കൈനീട്ടവും അമ്പലത്തിലെ ഉത്സവവും...
text_fieldsതുർക്കിതൊപ്പിയും ഓവർകോട്ടുമണിഞ്ഞ് വെളുക്കനെ ചിരിച്ചുകൊണ്ട് വിഷുദിവസം പടികയറിവരുന്ന അന്ത്രുക്കയാണ് ഇന്നും മറക്കാത്ത വിഷുഓർമ. അന്ത്രുമാനെന്നാണ് പേരെന്ന് അച്ഛൻ വിളിച്ചറിയാം. നാടും വീടും ഒന്നുമറിയില്ല. അച്ഛന്റെ പ്രിയ സുഹൃത്താണ്. കലണ്ടറും ഫോണുമൊന്നും ഇല്ലാത്ത കാലം വിഷുദിവസം ഇത്രകൃത്യമായി അന്ത്രുക്ക കയറിവരുന്നത് ഞങ്ങൾ കുട്ടികൾക്ക് അത്ഭുതമായിരുന്നു. പാദസരം കണക്കെ കിലുങ്ങുന്ന കീശയിൽ നിറയെ ഒറ്റരൂപ നാണയങ്ങളുണ്ടാവും. ഇന്നത്തെപോലെ തിളക്കമേറെയില്ലാത്ത പിച്ചള നാണയം വിഷുക്കൈനീട്ടമായി കൈയിലെത്തുേമ്പാൾ ഞങ്ങൾ ഓരോരുത്തരുടെയും കണ്ണിലെ തിളക്കം ഇരട്ടിയാവും.
വേനലവധിയിൽ ബന്ധുവീടുകളിൽനിന്നും പാർക്കാനെത്തുന്ന കുട്ടികളുടെ എണ്ണം കണക്കാക്കിയെന്നോണം അദ്ദേഹത്തിെൻറ കീശയും വീർത്തിരുന്നു. ഞങ്ങളുടെ വീട്ടിൽ വെജിറ്റേറിയൻ സദ്യയാണ് പതിവ്. ഇത്രരുചിയോടെ ഒരാൾ ഊണുകഴിക്കുന്നത് അന്ത്രുക്കക്ക് ശേഷം ഞാൻ ഇതുവരെ കണ്ടിട്ടില്ല. കൈനീട്ടവും തന്ന് അച്ഛനോടും ഞങ്ങളോടും യാത്രപറഞ്ഞ് അദ്ദേഹം പോകുേമ്പാൾ ഈ ഒരു രൂപ നാണയം ചെലവഴിക്കേണ്ട ബജറ്റ് ചർച്ച മനസ്സിൽ തുടങ്ങിയിട്ടുണ്ടാവും. ഒരുരൂപ വലിയ തുകയാണ്. അന്ന് ആറ് പൈസക്ക് ചായകിട്ടും. പണം വിനിയോഗിക്കേണ്ട മനക്കണക്കുകൂട്ടൽ തലശ്ശേരി സൈബൂസ് ഐസ്ക്രീം പാർലറിലെ തണുപ്പൻ രുചിയിൽ ചെന്നവസാനിക്കും. അന്ന് ഐസ്ക്രീം പാർലറുകളൊന്നും സജീവമായിട്ടില്ല. അതുകൊണ്ടുതന്നെ ഐസ്ക്രീം ഒരാഡംബരമായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ അച്ഛൻ മരിച്ചതോടെ അന്ത്രുക്കയെ പിന്നെ കണ്ടിട്ടില്ല. വിഷുവാണെന്ന കാര്യം മൂപ്പര് മറന്നുപോയിക്കാണുമോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്.
വിഷുക്കാലമെന്നാൽ ഉത്സവകാലം കൂടിയാണ്. തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുക വിഷുത്തലേന്നാണ്. ചേമഞ്ചേരി കുഞ്ഞിരാമൻ നായരും സംഘവും അരങ്ങുവാണകാലം. അദ്ദേഹത്തിെൻറ എല്ലാ കഥകളും ആദ്യം അവതരിപ്പിക്കുക തിരുവങ്ങാടാണ്. പാണ്ടി, പഞ്ചാരി മേളങ്ങൾ, ഓട്ടന്തുള്ളൽ, കഥകളി ഇവയെല്ലാം ചേർന്നതാണ് ഒരാഴ്ചത്തെ ഉത്സവം. അൽപം വലുതായപ്പോൾ ജോലിതേടി വിദൂരങ്ങളിലേക്ക് ചേക്കേറിയവരൊക്കെ ഉത്സവത്തിനാണ് അവധിയിലെത്തുക. വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇല്ലാത്ത കാലം സൗഹൃദം പുതുക്കിയിരുന്നത് തിരുവങ്ങാട്ടെ മണ്ണിലാണ്. തിരുവങ്ങാട് ക്ഷേത്രോത്സവത്തിന് നാട്ടിലെത്താത്ത തലശ്ശേരിക്കാർ കുറവായിരുന്നു.
അന്നൊക്കെ വലിയമാടാവിൽ വീട്ടിൽ വിഷുവിന് ധാരാളംപേർ എത്തുമായിരുന്നു. എല്ലാവർക്കും അച്ഛൻ കൃഷ്ണമാരാർ കൈനീട്ടം നൽകും. ഞങ്ങൾ മക്കൾക്ക് നൽകിയിരുന്ന അതേ മൂല്യത്തിലുള്ള തുക മറ്റുള്ളവർക്കും ലഭിച്ചിരുന്നു. തലശ്ശേരി കോടതി ജീവനക്കാരനായ അദ്ദേഹം കൈനീട്ടത്തിലും തുല്യനീതി സൂക്ഷിച്ചിരിക്കണം. വീടിനടുത്ത് നെയ്ത്തുഗ്രാമമുണ്ടായിരുന്നു. അമ്മ പാർവതിയും അച്ഛെൻറ സഹോദരിയും ഒരേ പേരുകാരും ഒരുപോലെ ദാനശീലരുമായിരുന്നു. വിഷുക്കാലത്തേക്ക് ആവശ്യമായ അരിയും പച്ചക്കറികളുമെല്ലാം തെരുവിലുള്ളവർക്ക് നൽകും.
ഇന്ന് വിഷുവും ഉത്സവകാലവുമെല്ലാം ഒരുപാടുമാറി. സൗഹൃദവും സ്നേഹവും പുതുക്കാൻ തിരുവങ്ങാട് അമ്പലത്തിലെ ഉത്സവം കൂടാൻ വിദേശത്തുള്ള മക്കൾ സൂര്യക്കും താരക്കും പലപ്പോഴും സാധിക്കാറില്ല. ഭാര്യ രമക്കൊപ്പം കുഞ്ഞുസദ്യയും കണിയുമൊക്കെയായി വിഷു ഒതുങ്ങും. സദ്യ വിളമ്പാറാകുേമ്പാൾ കർണികാരം കണക്കെ ചിരിപടർത്തി വിഷുക്കാല മാവേലിയായി കൈനീട്ടം തരാൻ അന്ത്രുക്കയുടെ തലവെട്ടം കാണുന്നുണ്ടോയെന്ന് അറിയാതെ നോക്കിപ്പോവും. സൈബൂസിലെ ഐസ്ക്രീമിന് ഇന്നും വല്ലാത്ത രുചിയാണ്.
തയാറാക്കിയത്: സന്ദീപ് ഗോവിന്ദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.