ഖാജാമലൈയിലെ ചോദ്യങ്ങൾ
text_fieldsവാഗൺ കൂട്ടക്കൊല നടന്നിട്ട് നവംബർ 19ന് 103 വർഷം പിന്നിടുന്നു.‘1921 നവംബർ മാസത്തിൽ ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ കേരള മലബാർ പ്രദേശത്തെ 122 മാപ്പിള മുസ്ലിംകളെ വാഗണിൽ അടച്ച് തിരിച്ചിയിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മരണപ്പെട്ടു (WAGON TRAGEDY). ജീവത്യാഗം ചെയ്ത ഈ പോരാളികളുടെ മൃതദേഹങ്ങൾ ഇസ്ലാമിക വിശ്വാസികൾ നല്ലരീതിയിൽ ഇവിടെ അടക്കം ചെയ്തിരിക്കുന്നു.’ ചരിത്രകാരന്മാർ പഠിക്കാൻ മറന്ന, തിരുച്ചി ഖാജാമലൈയിലെ ഈ ബോർഡെഴുത്തിന് പിന്നിലെ അന്വേഷണം...
നിരന്തര അസമത്വത്തിനും അടിച്ചമർത്തലുകൾക്കും ഭരണകൂട ക്രൂരതകൾക്കുമെതിരെ ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെ നടത്തിയ പോരാട്ടമാണ് 1921. എന്നാൽ, ഈ സ്വാതന്ത്ര്യ സമരം പണ്ട് ബ്രിട്ടീഷുകാർ വിളിച്ചതുപോലെ മലബാർ ലഹള, മലബാർ കലാപം എന്നീ പേരുകൾ നൽകി ചരിത്രകാരന്മാർ അവരറിയാതെയെങ്കിലും ഇന്നും ഉപയോഗിക്കുന്നു. കുറച്ചു കാലമാണെങ്കിലും ‘സ്വരാജ്’ പ്രഖ്യാപിച്ച് സ്വന്തമായി സൈന്യം, ആയുധ നിർമാണം, ഗറില്ല യുദ്ധമുറകൾ, ചാരന്മാരുടെ സഹായത്താൽ ബ്രിട്ടീഷുകാർക്കെതിരെ പൊരുതൽ, പട്ടാളക്കോടതി, കറൻസിയും പാസ്പോർട്ടുമടക്കം ഏറനാട്ടിൽ ഭരണം സ്ഥാപിച്ചത് കലാപമോ സമരമോ ആയിട്ടല്ല നാം രേഖപ്പെടുത്തേണ്ടത്[1].
വാഗൺ കൂട്ടക്കൊല
വെള്ളക്കാർ നടപ്പാക്കിയ നിഷ്ഠുരമായ കൂട്ടക്കൊലകളിൽ ഒന്നാണ് 1921 നവംബർ 19ന് തിരൂരിൽ നടന്ന വാഗൺ കൂട്ടക്കൊല (Wagon Massacre). 1921ലെ മലബാർ വിപ്ലവത്തിന് മൂന്നുമാസം തികയുമ്പോഴാണ് ‘വാഗൺ ട്രാജഡി’ (വാഗൺ ദുരന്തം) എന്ന പേരിൽ അധിനിവേശക്കാർ നിസ്സാരവത്കരിച്ച കൂട്ടക്കൊല നടന്നത്. ജനമുന്നേറ്റത്തിൽ പിടിയിലായവരെ പാർപ്പിക്കാൻ തിരൂർ സബ് ജയിലിലും മലബാറിലെ മറ്റു ജയിലുകളിലും സ്ഥലമില്ലാത്തതിനാൽ 100 അംഗങ്ങളെ വീതം സംഘങ്ങളായി ബെല്ലാരിയിലേക്ക് ട്രെയിനിൽ അയക്കാൻ ഭരണകൂടം തീരുമാനിച്ചു. മദ്രാസ്-ദക്ഷിണ മറാത്ത റെയിൽവേയുടെ എൽ.വി 1711 എന്ന ചരക്കുവാഗണാണ് തടവുകാരെ കൊണ്ടുപോകാൻ നവംബർ 19ന് ഉപയോഗിച്ചത്. കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 77ാം നമ്പർ ട്രെയിൻ നവംബർ 19ന് സന്ധ്യക്ക് 7.15ന് തിരൂരിൽ എത്തി. 97 പേർ മുസ്ലിംകളും മൂന്നുപേർ ഹിന്ദുക്കളുമായി 100 പേരെ ഒരു വാഗണിൽ കുത്തിനിറച്ച് ട്രെയിനിൽ ഘടിപ്പിച്ചു.
മൂന്ന് അറകളുള്ള വാഗണിന്റെ ബോഡിയുടെ ഇരുവശവും മരപ്പലകകളും മുകൾവശം ഇരുമ്പുമായിരുന്നു. ചരക്കുകൾ കയറ്റുന്നതിനാൽ വാഗണിന് വായു സഞ്ചാരമില്ലാത്ത ഷട്ടറാണ് ഉണ്ടായിരുന്നത്. രാത്രി 12.30ന് പോത്തന്നൂരിൽ എത്തിയപ്പോഴാണ് ട്രെയിനിലെ പൊലീസുകാർ വാഗണിലുള്ളവരുടെ മരണം അറിയുന്നത്. 56 പേരുടെ മരണം സ്ഥിരീകരിച്ച്, മൃതദേഹങ്ങൾ അതേ വാഗണിൽ തിരൂരിലേക്ക് തിരിച്ചയച്ചു. തിരൂരിൽ തിരിച്ചെത്തിച്ച മൃതദേഹങ്ങളിൽ 52 എണ്ണം നാട്ടുകാർ ഏറ്റുവാങ്ങുകയും, 44 മൃതദേഹങ്ങൾ കോരങ്ങോത്ത് പള്ളിയിലും നാലെണ്ണം ജുമുഅത്ത് പള്ളിയിലും അടക്കം ചെയ്തു. ഹിന്ദുക്കളുടെ മൃതദേഹം മൂത്തൂർ കുന്നിലും അടക്കം ചെയ്തു. മരണത്തിൽനിന്ന് രക്ഷപ്പെട്ട 44 പേരുമായി ട്രെയിൻ പോത്തന്നൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂർ എത്തിയപ്പോഴേക്കും ഇതിൽ ആറുപേർ മരിച്ചു. 13 പേരെ കോയമ്പത്തൂർ സിവിൽ ഹോസ്പിറ്റലിലും 25 പേരെ സെൻട്രൽ ജയിൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. സിവിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉദ്ദേശിച്ച 13 പേരിൽ രണ്ടുപേർ അന്നും നാലുപേർ അടുത്ത ദിവസവും മരിച്ചു. നവംബർ 26ന് രണ്ടുപേർകൂടി മരിച്ചു. മൊത്തം 70 പേർ രക്തസാക്ഷികളായ ഭരണകൂട ഭീകരതയിൽ റെയിൽവേയും പൊലീസും കുറ്റക്കാരായിരുന്നില്ല. പ്രഹസനമായ അന്വേഷണത്തിനൊടുവിൽ ചിലർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി അവരെ വെറുതെവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 300 രൂപ വീതം നൽകി[2].
ഖാജാമലൈയും മാപ്പിള മുസ്ലിംകളും
കാവേരി നദീതീരമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എട്ടാം നൂറ്റാണ്ട് മുതൽ മുസ്ലിംകൾ താമസിച്ചു വരുന്നു. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ ഇസ്ലാം വിശ്വാസികൾക്ക് ആരാധന നടത്താൻ സ്ഥലം വിട്ടുനൽകുക വഴി, എ.ഡി 734ൽ ഇന്നത്തെ തിരുച്ചിറപ്പള്ളി ഫോർട്ട് റെയിൽവേ സ്റ്റേഷനടുത്ത് പള്ളി നിർമിച്ചതും ചരിത്രത്തിൽ പ്രസിദ്ധമാണ്[3]. തിരുച്ചിയിൽനിന്നും എട്ട് കിലോമീറ്റർ ദൂരത്തിലുള്ള കുന്നിൻ പ്രദേശമാണ് ഖാജാമലൈ. സൂഫിയായ ഖാജാ സയ്യിദ് അഹ്മദുല്ല ഷാ ഹുസൈനി നൂറ്റാണ്ടുകൾക്ക് മുമ്പ് ജനവാസമില്ലാത്ത ഈ പ്രദേശത്ത് താമസിക്കുകയും പിന്നീട് അദ്ദേഹത്തെ അടക്കം ചെയ്യുക വഴി ഇവിടെ ദർഗ ഉയരുകയുമായിരുന്നു.[4] അതാണ് ഖാജാമലൈ എന്ന പേരിന്റെ പൊരുൾ. ബൗദ്ധിക സുഖലോലുപത ഒഴിവാക്കി, ഫഖീറുമാരായി ദൈവമാർഗത്തിൽ സമയം ചെലവഴിക്കുന്നതിനാൽ ഈ പ്രദേശത്തെ ‘ഫഖീറിന്റെ തോപ്പ്’ എന്നും ബ്രിട്ടീഷുകാർ നാമകരണം ചെയ്തു. പിൽക്കാലത്ത് ഖാജാമലൈയുടെ താഴ്ഭാഗങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കാൻ ആരംഭിച്ചു. ശേഷം, മസ്ജിദ് ഹുസൈനിയും മറ്റു സ്ഥാപനങ്ങളും ഉയർന്നു. ഇന്ന് തിരുച്ചിറപ്പള്ളി കോർപറേഷനിലെ നാൽപത്തി രണ്ടാം വാർഡിൽ ഉൾപ്പെട്ട സ്ഥലമാണിത്.
ഖാജാമലയിലെത്തുന്ന ഓരോ മലയാളിക്കും അവിടെ മസ്ജിദ് ഹുസൈനിയോട് ചേർന്ന വിശാലമായ ഖബർസ്ഥാനിലെ നീല നിറത്തിലുള്ള ബോർഡിൽ ഇങ്ങനെ വായിക്കാം: ‘1921 നവംബർ മാസത്തിൽ ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ കേരള മലബാർ പ്രദേശത്തെ 122 മാപ്പിള മുസ്ലിംകളെ വാഗണിൽ അടച്ച് തിരുച്ചിയിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മരണപ്പെട്ടു (WAGON TRAGEDY). ജീവത്യാഗം ചെയ്ത ഈ പോരാളികളുടെ മൃതദേഹങ്ങൾ ഇസ്ലാമിക വിശ്വാസികൾ നല്ലരീതിയിൽ ഇവിടെ അടക്കം ചെയ്തിരിക്കുന്നു’ എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ചരിത്രവിഷയത്തിൽ പ്രദേശവാസികൾക്കോ മഹല്ല് കമ്മിറ്റിക്കോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കാര്യമായ എഴുത്തുകളോ ഗവേഷണ പ്രസിദ്ധീകരണങ്ങളോ കാണുന്നില്ലെന്നതും ഇത് സത്യമോ മിഥ്യയോ എന്ന സംശയമുയർത്തുന്നു.
ഖാജാമലയിൽ അടക്കം ചെയ്ത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് രണ്ട് അനുമാനങ്ങളാണുള്ളത്. ഒന്ന്, പള്ളി ബോർഡിൽ പറയുന്നതുപോലെ തിരുച്ചിയിൽ ട്രെയിനിൽ മരിച്ചനിലയിൽ കണ്ടെത്തിയവരുടെ മൃതശരീരങ്ങൾ പള്ളി ശ്മശാനത്തിൽ അടക്കം ചെയ്തു. രണ്ട്, മലബാറിൽനിന്ന് 160 മുസ്ലിംകളെ തിരുച്ചിയിൽ കൊണ്ടുവന്ന് അവിടെ തൂക്കിലേറ്റിയശേഷം ‘അൻജുമൻ ഹിമായത്തെ ഇസ്ലാം’ സംഘത്തിന്റെ സഹായത്താൽ ഖാജാമലൈയിൽ അടക്കം ചെയ്തു. ഈ കാര്യം ജമാൽ മുഹമ്മദ് കോളജിലെ ചരിത്രവിഭാഗം മേധാവി ഡോ. അക്ബർ ഹുസൈൻ തന്റെ ഗവേഷണത്തിൽ രേഖപ്പെടുത്തുന്നു[5]. ഹസ്രത്ത് സയ്യിദ് മുർത്തജ പ്രസിഡന്റായി, ഖാൻ ബഹദൂർ ഖലീഫുല്ല, മുഹമ്മദ് യൂസുഫ്, പാലക്കരൈ ഖാജാ മൊയ്തീൻ, മുഹമ്മദ് ഇബ്റാഹീം എന്നിവരുടെ നേതൃത്വത്തിൽ ‘അൻജുമൻ ഹിമായത്തെ ഇസ്ലാം’ രൂപവത്കരിച്ചതുതന്നെ മാപ്പിളമാരെ അടക്കം ചെയ്യാനാണെന്ന് രേഖകൾ പറയുന്നു. അവർ മൃതശരീരങ്ങൾ ഏറ്റുവാങ്ങി ആൾതാമസം കുറവായ ഖാജാമലൈയുടെ ഭാഗത്ത് അടക്കം ചെയ്തു[6]. പതിറ്റാണ്ടുകൾക്കുശേഷം അവിടെ ഹുസൈനി മസ്ജിദ് ഉയർന്നു. മാപ്പിളമാരെ അടക്കം ചെയ്ത ഇടത്തോട് ചേർന്ന ഭൂമിയിൽ പ്രദേശവാസികളെ മറവുചെയ്യാനും തുടങ്ങി. പിൽക്കാലത്ത് ‘അൻജുമൻ ഹിമായത്തെ ഇസ്ലാം’ സംഘം സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ വിവിധ സംഭാവനകൾ നൽകി മുന്നോട്ടുപോയി.
മലബാർ സമരകാലത്ത് കേരളത്തിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്തമാൻ പോലുള്ള ബ്രിട്ടീഷ് കോളനികളിലേക്കും മാപ്പിളമാരെ കൊണ്ടുപോയിട്ടുണ്ട്. അത്തരത്തിൽ തിരുച്ചിറപ്പള്ളിയിലേക്ക് ആളുകളെ കൊണ്ടുവരാൻ സാധ്യത കൂടുതലാണ്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ കലാപം സൃഷ്ടിക്കൽ, ഭരണകൂടത്തിനെതിരെ പ്രവർത്തിക്കൽ തുടങ്ങി വിവിധ വകുപ്പുകളുപയോഗിച്ച് തിരുച്ചിയിൽ തടവിൽ പാർപ്പിച്ചിട്ടുണ്ട്. അവരുടെ പേരും ശിക്ഷ കാലാവധിയും എഴുതിയ രേഖകൾ ഇന്നും ചെന്നൈയിൽ ലഭ്യമാണ്. എന്നാൽ, നൂറിലധികം പേരെ തൂക്കിലേറ്റിയതിനോ ട്രെയിനിൽ കിടന്ന് മരിച്ചതിനോ ഔദ്യോഗികമായി രേഖകളൊന്നുമില്ലെന്നും അത്തരം വാദങ്ങളെല്ലാം തെറ്റാണെന്നുമാണ് ചരിത്രഗവേഷകൻ ഡോ. ജെ. രാജ മുഹമ്മദിന്റെ വാദം. ഹുസൈനി പള്ളിയുടെ ഖബർസ്ഥാനിൽ ഈ പറയപ്പെടുന്ന സ്ഥലത്ത് നൂറിൽ കൂടുതൽ മൃതശരീരം അടക്കാനുള്ള ഇടമില്ലെന്നതും തമിഴ്നാട് മ്യൂസിയം വകുപ്പിൽനിന്ന് അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മുസ്ലിംകളുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, തിരുച്ചിയിൽ വാഗൺ കൂട്ടക്കൊലയുമായി ബന്ധമുള്ള ഒന്നും തന്നെയില്ലെന്ന് ഡോ. രാജ തറപ്പിച്ച് പറയുന്നു. തിരുച്ചി ജയിലിൽനിന്ന് വിരലിലെണ്ണാവുന്ന മാപ്പിളമാർ സ്വാഭാവിക മരണം സംഭവിച്ച് ഖാജാമലയിൽ അടക്കിയതിന്റെ സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.
വിഭിന്നാഭിപ്രായങ്ങൾ തമിഴ്നാട്ടിലെ ചരിത്രകാരന്മാർ പറയുമ്പോഴും ഇതേക്കുറിച്ച് കേരളത്തിലെ ഗവേഷകർ കൂടുതൽ പഠനങ്ങൾക്ക് മുതിരേണ്ടതുണ്ട്. ഭാവിയിൽ തങ്ങൾക്കുനേരെ ചോദ്യങ്ങളും നിയമനടപടികളും ജനരോഷവും ഉണ്ടാകുമോ എന്ന ഭയത്താൽ വെള്ളക്കാർ അൻജുമനെ സമീപിച്ച്, രഹസ്യമായി ആളൊഴിഞ്ഞ പ്രദേശത്ത് മൃതശരീരങ്ങൾ അടക്കം ചെയ്യാനും സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ അന്നത്തെ സർക്കാർ രേഖകളിൽ മാപ്പിളമാരുടെ വിശദാംശങ്ങൾ ലഭ്യമാവണം എന്നില്ല. ഭൂരിപക്ഷം തമിഴ് ചരിത്രകാരന്മാർ വാഗൺ രക്തസാക്ഷികളുടെ ഖബറടക്കം തിരുച്ചിയിൽ നടന്നില്ലെന്ന് പറയുമ്പോഴും ‘അൻജുമൻ ഹിമായത്തെ ഇസ്ലാം’ സംഘം തിരുച്ചിയിൽ രൂപവത്കരിച്ചതുതന്നെ മാപ്പിളമാരെ അടക്കം ചെയ്യാനാണെന്ന ഡോ. അക്ബർ ഹുസൈന്റെ വാദം കൂടുതൽ ഗവേഷണസാധ്യതയിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.