എന്താണ് 'ഹാലോവീൻ' ആഘോഷം...
text_fieldsപ്രധാനമായും പാശ്ചാത്യരാജ്യങ്ങളിൽ നടക്കുന്ന ആഘോഷമാണ് 'ഹാലോവീൻ'. കേരളീയർക്ക് അത്ര പരിചയമുള്ള ആഘോഷമല്ലെങ്കിലും കഴിഞ്ഞ ദിവസം ദക്ഷിണകൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 150ലേറെ പേർ മരിച്ചതോടെ വാർത്തകളിൽ നിറഞ്ഞു. ഹാലോവീൻ ആഘോഷത്തെ കുറിച്ചും അതിന്‍റെ ഉത്ഭവത്തെ കുറിച്ചും അറിയാം...
എന്താണ് ഹാലോവീൻ
ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ (Halloween Day). ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ ഏവരും ഒരുങ്ങും. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31ന് ഈ ആഘോഷം കൊണ്ടാടുന്നു. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ് എന്നാണ് മുഴുവൻ പേര്.
പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചത്. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്" (വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.
വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന പദം രൂപം കൊണ്ടത്.
പാശ്ചാത്യരാജ്യങ്ങളിലാണ് ഹാലോവീൻ പ്രധാനമായും ആഘോഷിക്കാറ്. എന്നാൽ, പിന്നീട് ഇത് ലോകത്തിന്‍റെ മിക്കവാറും ഭാഗങ്ങളിൽ ആഘോഷിച്ചു തുടങ്ങി. ഇപ്പോൾ മലയാളികളും നഗരങ്ങളിൽ ഹാലോവീൻ ആഘോഷിക്കുന്നുണ്ട്.
അതേസമയം, 'ഹാലോവീൻ' പൈശാചിക ആരാധനയ്ക്ക് തുല്യമാണെന്നും അതിനാൽ വിട്ടുനിൽക്കണമെന്നുമാണ് വത്തിക്കാൻ നിലപാട്. ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പകരം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന 'ഹോളീവീൻ' ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കണമെന്നും 2014ൽ വത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.