Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_right'ആര്യൻ അധിനിവേശ...

'ആര്യൻ അധിനിവേശ സിദ്ധാന്തം' തെറ്റാണെന്ന് ഐ.ഐ.ടി ഖരഗ്പൂർ കലണ്ടർ; കാവിവത്കരണത്തിന്‍റെ പുതിയ ശ്രമമെന്ന് വ്യാപക വിമർശനം

text_fields
bookmark_border
IIT Kharagpur calender
cancel

ഹിന്ദുത്വ അജണ്ടകൾ ഉൾകൊള്ളിച്ചുകൊണ്ട് പുനർനിർമിച്ച വ്യാജ ചരിത്രബോധങ്ങളെല്ലാം ഇന്ത്യയുടെ ചരിത്രമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള നിരവധി ശ്രമങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്ര പാഠപുസ്തകങ്ങൾ തിരുത്തിയെഴുതി വിദ്യാഭ്യാസത്തെ 'കാവിവത്കരിക്കാനുള്ള' ശ്രമത്തിന് ശേഷം പുതുതായി ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിച്ച 2022 കലണ്ടറിലൂടെ വീണ്ടും ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ശാസ്ത്രലോകം പൊതുവെ അംഗീകരിച്ച 'ആര്യൻ അധിനിവേശ സിദ്ധാന്തം' തെറ്റായിരുന്നെന്ന് 'തെളിവുകളിലൂടെ' അവകാശപ്പെടുകയാണ് പ്രസ്തുത കലണ്ടർ.

മധ്യേഷ്യയിൽ നിന്ന് കുടിയേറിവന്ന ആര്യന്‍സമൂഹം സിന്ധു-ഗംഗാ സമതലങ്ങളിലേക്കെത്തുകയും ആധിപത്യം അടിച്ചേൽപ്പിക്കുകയും ചെയ്തുവെന്ന വാദം തെറ്റാണെന്നും ഇന്ത്യയുടെ വൈദിക സംസ്കാരം തീർത്തും തദ്ദേശീയമാണെന്നും സ്ഥാപിച്ചെടുക്കാനാണ് കലണ്ടർ ശ്രമിക്കുന്നത്. ഒരു പേജുള്ള കവറും ഔദ്യോഗിക വിശദാംശങ്ങളും നാല് പേജുള്ള സന്ദർഭവിശദീകരണങ്ങളുമുൾപ്പെടെ ആകെ 18 പേജുകളാണ് കലണ്ടറിലുള്ളത്. ഓരോ മാസത്തിനും 12 പേജുകൾ വീതമുള്ള കലണ്ടറിൽ 'ആര്യൻ അധിനിവേശ സിദ്ധാന്തം' തെറ്റായിരുന്നെന്ന് സ്ഥാപിക്കാനുള്ള 12 തെളിവുകളും അവതരിപ്പിക്കുന്നുണ്ട്.

'ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളുടെ അടിത്തറ വീണ്ടെടുക്കൽ' എന്ന തലക്കെട്ടാണ് കവർ പേജിന് നൽകിയിട്ടുള്ളത്. കൂടാതെ വി‍ഷയത്തെ 'വേദങ്ങളുടെ രഹസ്യം തിരിച്ചറിയൽ', 'സിന്ധുനദീതട നാഗരികതയുടെ പുനർവ്യാഖ്യാനം', 'ആര്യൻ അധിനിവേശ മിഥ്യകളെ തിരുത്തിയെഴുതൽ' എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. കെട്ടിച്ചമച്ച തെളിവുകൾ നിരത്തിക്കൊണ്ട് ബി.സി 7000-1500ൽ നിലനിന്നിരുന്ന സിന്ധുനദീതട സംസ്കാരകാലത്ത് തന്നെയാണ് വൈദിക സംസ്കാരവും നിലനിന്നതെന്ന് അവകാശപ്പെടാന്‍ കലണ്ടർ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഭരണകക്ഷിയായ ബി.ജെ.പിയുടെയും അതിന്‍റെ മാതൃസംഘടനയായ ആർ.എസ്.എസിന്‍റെയും താൽപര്യങ്ങളെ പ്രീണിപ്പിക്കുന്ന വിധത്തിലാണ് കലണ്ടർ തയാറാക്കപ്പെട്ടതെന്ന വിമർശനം പരക്കെ ഉയരുന്നുണ്ട്.

കലണ്ടറിൽ നൽകുന്ന പ്രസ്താവനകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് പത്രപ്രവർത്തകനും 2018-ലെ Early Indians: The Story of Our Ancestors and Where We Came From എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ ടോണി ജോസഫ് പറയുന്നത്. 'വലതുപക്ഷ സംഘടനാവാദികൾ തങ്ങളുടെ പ്രത്യയശാസ്തത്തെ മുന്നോട്ടുവെക്കുന്നതിന് തടസ്സമായാണ് 'ആര്യൻ അധിനിവേശ സിദ്ധാന്ത'ത്തെ കാണുന്നത്. അതുകൊണ്ടാണ് അരനൂറ്റാണ്ടായി ഒരു അക്കാദമിക് സിദ്ധാന്തമേ അല്ലായിരുന്ന ഒരു വിഷയത്തെ അവർ വീണ്ടും തെളിവുകൾ നിരത്തി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ബി.സി 2000നും 1500നും ഇടയിൽ മധ്യേഷ്യയിൽ നിന്ന് സ്റ്റെപ്പി പാസ്റ്ററലിസ്റ്റുകളായ ആര്യൻമാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയതിന് ശാസ്ത്രലോകം അംഗീകരിച്ച വ്യക്തമായ തെളിവുകളുണ്ട്' -അദ്ദേഹം പറഞ്ഞു.

2019ൽ പ്രസിദ്ധീകരിച്ച 'The formation of human populations in South and Central Asia' എന്ന ഡേവിഡ് റെയ്ഷിന്‍റെ നേതൃത്വത്തില്‍ വാഗീഷ് നരസിംഹനും സംഘവും നടത്തിയ ജനിതകപഠനത്തിൽ കഴിഞ്ഞ 4000 വര്‍ഷത്തിനും 3000 വര്‍ഷത്തിനുമിടയ്ക്ക് കാസ്പിയന്‍ കടലിനപ്പുറമുള്ള വരണ്ട പുല്‍മേടുകളില്‍ (സ്റ്റെപ്പിയില്‍) നിന്ന് ഒരു വര്‍ഗ്ഗത്തില്‍പെട്ടവര്‍ തുര്‍ക്‌മെനിസ്താന്‍ വഴി ദക്ഷിണേഷ്യയില്‍ പ്രവേശിച്ചുവെന്നും ഇവരാണ് ആര്യന്‍മാരെന്നുമാണ് പറയുന്നത്. മധ്യേഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ പ്രാചീനകാലത്ത് ജീവിച്ചിരുന്ന 837 പേരുടെ ഡി.എൻ.എയെ അടിസ്ഥാനമാക്കി ഇന്ത്യയിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഉൾപ്പടെ 117 ശാസ്ത്രജ്ഞർ ചേർന്നാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ബിസി 2600നടുത്ത് ഹാരപ്പൻ നഗരമായ രാഖിഗർഹിയിൽ താമസിച്ചിരുന്ന സ്ത്രീയുടെ ഡി.എൻ.എയെ അടിസ്ഥാനമാക്കി 28 ശാസ്ത്രജ്ഞർ രചിച്ച 2019ലെ മറ്റൊരു പഠനവും ഇതേ നിഗമനമാണ് മുന്നോട്ടുവെക്കുന്നതെന്നും ജോസഫ് പറഞ്ഞു. ഇത്തരത്തിലുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ പൊതുവെ പിയർ-റിവ്യൂഡ് പഠനങ്ങളിലൂടെ ഉയർന്ന നിലവാരമുള്ള ജേണലുകളിലാണ് പ്രസിദ്ധീകരിക്കുകയെന്നും കലണ്ടറുകളിലൂടെ ആയിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുമതം ഇന്ത്യയുടെ തദ്ദേശീയ നാഗരികതയുടെ ഭാഗമാണെന്നും ഇറാനിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള വിദേശ ഗോത്രങ്ങളുടെ അധിനിവേശത്തിലൂടെ കടന്നുവന്നതല്ലായെന്നും സ്ഥാപിച്ചെടുക്കാനാണ് കലണ്ടർ ലക്ഷ്യമിടുന്നത്. ആര്യന്മാർ സ്ഥാപിച്ച വൈദിക സംസ്കൃതിയിൽ നിന്നാണ് സനാതന ധർമം, ഹിന്ദുധർമ്മം എന്നിവ ഉരുത്തിരിയുന്നത്. ആര്യന്മാർ തദ്ദേശീയരാണെന്ന് വാദിച്ചെടുത്താൽ മാത്രമേ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയുടെ പുറത്തുനിന്ന് വന്നവരാണെന്ന ഹിന്ദുത്വ അജണ്ടകൾക്കും നിലനിൽപ്പുണ്ടാകൂവെന്ന വസ്തുത തന്നെയാണ് ഈ കലണ്ടറിന് പിന്നിലും പ്രവർത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SanghparivarIIT KharagpurAryan race
News Summary - With IIT Kharagpur Calendar, the Hindutva Right Takes Another Step Away From Science
Next Story