ഗ്യാൻവാപി മസ്ജിദിന്‍റെ പേര് വെട്ടി ക്ഷേത്രമെന്ന് മാറ്റി ഹിന്ദുത്വസംഘടനകൾ -VIDEO
text_fieldsലഖ്നോ: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ ദിശാബോർഡിൽ നിന്ന് മസ്ജിദിന്‍റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ദിശാബോർഡിൽ ഗ്യാൻവാപി മസ്ജിദ് എന്നുള്ളത് ഗ്യാൻവാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മസ്ജിദ് എന്നുള്ള ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്‍റെ അടിഭാഗത്തെ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി തുറന്നുകൊടുക്കണമെന്ന് വാരാണസി ജില്ല കോടതി ഉത്തരവിട്ടത്. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാൻ കോടതി വിധിക്കുകയായിരുന്നു.
മസ്ജിദിലെ അംഗശുദ്ധിക്കായുള്ള വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന് ഹിന്ദുത്വവാദികൾ അവകാശപ്പെട്ടതോടെ അടച്ചുപൂട്ടി മുദ്രവെച്ച് സുപ്രീംകോടതി കേന്ദ്ര സേനയെ ഏൽപിച്ചശേഷമാണ് പള്ളിക്കടിയിലെ മുദ്രവെച്ച നിലവറ പൂജ നടത്താൻ തുറന്നുകൊടുക്കുന്നത്. ഉത്തരവിന് പിന്നാലെ ഇന്ന് മസ്ജിദിൽ പൂജ നടത്തി.
വാരാണസി കോടതിയുടെ ഏകപക്ഷീയ ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.