പൊതുമുതൽ നശിപ്പിച്ച കേസ്: 3.8 ലക്ഷം പിഴയടച്ച് മന്ത്രി റിയാസും ഡി.വൈ.എഫ്.ഐ നേതാക്കളും
text_fieldsകോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പിഴയടച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡി.വൈ.എഫ്.ഐ നേതാക്കളും. 2011ൽ വടകര തപാൽ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് 3,81,000 രൂപ പിഴയടച്ചത്.
അന്ന് ഡി.വൈ.എഫ്.ഐ ജില്ല നേതാവ് ആയിരുന്ന മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേരാണ് കേസില്‍ കുറ്റക്കാര്‍. സബ് കോടതിയും ജില്ല കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസാണിത്.
തപാൽ വകുപ്പാണ് പരാതിക്കാർ. പ്രതിഷേധത്തിൽ തപാൽ ഓഫിസിന്‍റെ ജനൽ ചില്ലുകൾ, ഓഫിസ് ഉപകരണങ്ങൾ എന്നിവക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 2014ൽ 1.30 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പിഴ സഹിതം പണം ഒടുക്കിയില്ലെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്തു പണം ഈടാക്കണമെന്ന് തപാൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ മുഖേന മന്ത്രി മുഹമ്മദ് റിയാസ് പിഴ ഒടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.