അമേരിക്ക വിവേകം വീണ്ടെടുക്കുമോ?
text_fieldsമുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനു നേരെയുള്ള വധശ്രമത്തിന്‍റെ ആദ്യ ഞെട്ടലിൽനിന്ന് രാജ്യവും ലോകവും മോചിതമായിത്തുടങ്ങുമ്പോൾ സംഭവം നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ജിജ്ഞാസയാണെങ്ങും. പെൻസൽവേനിയയിലെ ബട് ലറിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ടിരിക്കെ, തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരന്‍റെ വെടിയേറ്റ് പരിക്കേറ്റ ട്രംപ്, അപായപ്പെടുത്താനുള്ള ശ്രമം തന്‍റെ ദൗത്യത്തിന് ശക്തിപകരുകയേയുള്ളൂ എന്ന ശക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ആക്രമിയായ ക്രൂക്സിനെ പ്രസിഡന്‍റിന്‍റെ അതിസുരക്ഷസേനയായ സീക്രട്ട് സർവിസ് ഏജന്‍റുമാർ കൊലപ്പെടുത്തി.
നാൽപത് വർഷത്തിനുശേഷം അമേരിക്കയിൽ നടക്കുന്ന പ്രമാദമായ രാഷ്ട്രീയവധശ്രമത്തെക്കുറിച്ച അന്വേഷണം ത്വരിതഗതിയിൽ നടന്നുവരുകയാണ്. പാതകിയുടെ പശ്ചാത്തലം സംബന്ധിച്ച വിശദമായ അന്വേഷണത്തിനു ശേഷവും അവിവേകത്തിന് അയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമായിട്ടില്ല. റിപ്പബ്ലിക്കൻ രാഷ്ട്രീയനിലപാടുള്ള ഈ കന്നിവോട്ടർക്ക് മനോരോഗമോ ‘തീവ്രവാദ ആശയബാധ’യോ ഇല്ലെന്നാണ് ഏജൻസികളുടെ റിപ്പോർട്ട്. അതിനാൽ തോക്കുസംസ്കാരമെന്ന അമേരിക്കയുടെ ‘ആഭ്യന്തര ഭീകരവാദ’ത്തിന്‍റെ ഇരയാകാം കുറ്റവാളി എന്നാണ് പ്രാഥമികനിഗമനം. ശാന്തനും ഏകാകിയും എന്നാൽ, പഠനത്തിൽ മിടുക്കനുമായിരുന്ന ക്രൂക്സ് ഷൂട്ടിങ് ക്ലബ് അംഗമായിരുന്നു.
ഇരുപതിലൊരാൾ എന്ന നിലയിൽ അമേരിക്കയിൽ വ്യാപകമായ സിവിലിയൻ ഉപയോഗത്തിലുള്ളതാണ് കുറ്റവാളി ഉപയോഗിച്ച എ ആർ-15 ഇനത്തിൽ പെട്ട തോക്ക്. 2012 മുതൽ 2022 വരെയുള്ള ദശകത്തിൽ അമേരിക്കയിൽ നടന്ന 17 കൂട്ടക്കൊലകളിൽ പത്തിലും ഉപയോഗിച്ച അതേ ഇനം ആയുധം. 2012ൽ കൊളറാഡോയിലെ അറോറയിൽ സിനിമ തിയറ്ററിൽ നടന്ന വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. 2018ൽ ഫ്ലോറിഡയിലെ പാർക് ലാൻഡ് സ്കൂളിൽ 17 ഉം 2022 മേയിൽ ടെക്സാസിലെ ഉവാഡെ സ്കൂളിൽ 21 ഉം വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത് ഈ തോക്ക് ഉപയോഗിച്ചാണ്. അതുകൊണ്ട് തോക്ക് ഉപയോഗം സാർവത്രികമാക്കുന്നതിനെ എതിർക്കുന്ന ഡെമോക്രാറ്റുകൾ ഈ തോക്കിനെയും വിലക്കുപട്ടികയിൽ ഉൾപ്പെടുത്തിയതാണ്. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി തോക്ക് വിലക്കിനെ ശക്തമായി എതിർക്കുകയാണ്.
ജനങ്ങൾക്കിടയിലുമുണ്ട് ഈ വിഷയത്തിൽ രണ്ടുപക്ഷം. കഴിഞ്ഞവർഷം നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ തോക്കുകളിയെ 46 ശതമാനം എതിർത്തപ്പോൾ 49 ശതമാനം അനുകൂലിക്കുകയായിരുന്നു. റിപ്പബ്ലിക്കൻ അനുയായിയിൽ നിന്നു തന്നെ സ്ഥാനാർഥിക്ക് വെടിയേൽക്കേണ്ടിവന്ന സാഹചര്യത്തിൽ തോക്കുനിരോധനത്തെ എതിർക്കുന്ന നിലപാടിൽ നിന്ന് അവർ പിറകോട്ടു പോകുമോ എന്ന് പറയാനാവില്ല.
കുഴപ്പം പിടിച്ചതാണ് അമേരിക്കയുടെ നിലവിലെ രാഷ്ട്രീയാന്തരീക്ഷമെന്ന് ആഭ്യന്തരനിരീക്ഷകരെല്ലാം ഒരുപോലെ പരിഭവപ്പെടുന്നുണ്ട്. അതിനിടെ, നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിന്‍റെ അന്തിമഘട്ടത്തിൽ നടന്ന വെടിവെപ്പ് രാജ്യത്തെ കൂടുതൽ അതിക്രമങ്ങളിലേക്കും അരാജകത്വത്തിലേക്കും നയിക്കുമോ എന്ന ആശങ്കയാണ് പൊതുവിൽ ഉയരുന്നത്. അത് കണ്ടറിഞ്ഞു തന്നെയാവണം യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അക്രമത്തെ അപലപിക്കുകയും കുറ്റമറ്റ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. സംഭവത്തെ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിനും ഒടുവിൽ വിജയത്തിനുമുള്ള ഉപാധിയാക്കി ട്രംപും കൂട്ടരും മാറ്റുമോ എന്ന സന്ദേഹം ഇപ്പോഴേ ഉയർന്നിട്ടുണ്ട്. രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ അഖണ്ഡതക്കായി നിലകൊള്ളണമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞത് ഏറ്റുപിടിച്ചായിരുന്നു പതിവിന് വിപരീതമായി ട്രംപും പ്രതികരിച്ചത്. അമേരിക്കക്കാർ ആശയപരമായല്ല, വൈകാരികമായി വിഭജിക്കപ്പെട്ടിരിക്കുന്നെന്നും എതിർകക്ഷിക്കാരെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് അവർ കണ്ടുവരുന്നതെന്നും ഈയിടെ ചില പഠനങ്ങൾ പുറത്തുവന്നിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള അതിക്രമങ്ങൾ അടുത്ത കാലത്തായി വർധിച്ചുവരുന്നത് ഇതിന്‍റെ ഭാഗമാണെന്നാണ് പഠനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാതെ ട്രംപിന്‍റെ ആളുകൾ 2021 ജനുവരി ആറിന് കാപിറ്റോൾ ഹിൽ പിടിക്കാൻ നടത്തിയ അതിക്രമം ഈയിനത്തിലെ ഏറ്റവും മാരകമായതായിരുന്നു. അധികാരത്തിൽ നിന്ന് പുറത്തായത് ട്രംപിനും അനുയായികൾക്കും പൊറുക്കാനായിരുന്നില്ല. അതാണ് അധികാരകേന്ദ്രം കൈയടക്കാനുള്ള അപൂർവ അരാജകനീക്കത്തിന് അനുയായികളെ പ്രകോപിപ്പിച്ചത്. ഇപ്പോഴും ആ തെരഞ്ഞെടുപ്പുഫലത്തെ കൃത്രിമമെന്നുതന്നെ പ്രചരിപ്പിക്കുന്നുണ്ട് ട്രംപ്.
വീണ്ടും അധികാരം പിടിക്കാനുള്ള നീക്കത്തിൽ വലതുപക്ഷ തീവ്രവാദം കത്തിച്ചുനിർത്തുകയാണ് ട്രംപ്. അമേരിക്ക ട്രംപിന്‍റെ കക്ഷിയും ‘ആഭ്യന്തരശത്രുക്കളും’ തമ്മിലുള്ള പോർനിലമായെന്നാണ് അദ്ദേഹത്തിന്‍റെ തത്ത്വശാസ്ത്രം. രാഷ്ട്രീയപ്രതിയോഗികൾക്കെതിരെ അനുയായികളെ ഇളക്കിവിടുന്ന വായ്ത്താരികളാണ് ട്രംപിന്‍റേത്. അവർ എനിക്കു പിറകെയല്ല, നിങ്ങൾക്കു പിറകെയാണ്. ഞാൻ ആ വഴിയിൽ നിന്ന് പെട്ടു എന്നേയുള്ളൂ എന്നാണ് അനുയായികൾക്കുള്ള അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. ഈ തെരഞ്ഞെടുപ്പ് അന്തിമയുദ്ധമാണ്. 2016ൽ ഞാൻ നിങ്ങളുടെ ശബ്ദമായിരുന്നു. ഇന്ന് ഞാൻ നിങ്ങളുടെ യോദ്ധാവാണ്, നിങ്ങളുടെ നീതിയാണ്, വഞ്ചകർക്കുള്ള നിങ്ങളുടെ പ്രതികാരമാണ് എന്നു തുടങ്ങി രാഷ്ട്രീയരക്തസാക്ഷിയുടെ പരിവേഷത്തിൽ അണികളെ ഇളക്കിവിട്ടുകൊണ്ടാണ് ഇത്തവണ ട്രംപ് പ്രചാരണയുദ്ധം നയിക്കുന്നത്. അതിനിടെ, ഇരുപതുകാരന്‍റെ തോക്കിൽ നിന്നുതിർന്ന എട്ട് വെടിയുണ്ടകൾ ഈ രക്തസാക്ഷി പരിവേഷത്തിന് കൂടുതൽ പൊലിമക്കായി ട്രംപ് ഉപയോഗപ്പെടുത്താതിരിക്കാനുള്ള ന്യായമൊന്നും അദ്ദേഹത്തെ അറിയുന്ന നിരീക്ഷകർ കാണുന്നില്ല.
ആഭ്യന്തരശത്രുക്കളെന്ന് പ്രതിയോഗികൾക്കു നേരെ വിരൽചൂണ്ടാറുള്ള ട്രംപിന്‍റെ ചുവടുപിടിച്ച് അതിക്രമത്തെ ബൈഡൻ ഭരണകൂടവുമായി ബന്ധപ്പെടുത്തി റിപ്പബ്ലിക്കൻ നേതാക്കൾ പോലും പ്രസ്താവനയിറക്കി. വധശ്രമത്തിന് ആളുകളെ ഇളക്കിവിട്ടതിന് ബൈഡനെ അറസ്റ്റ് ചെയ്യണമെന്നുവരെ ഒരു ജനപ്രതിനിധി ആവശ്യപ്പെട്ടു. ഈ ദിശയിലാണ് രാഷ്ട്രീയപ്രചാരണം മുന്നോട്ടുപോകുന്നതെങ്കിൽ രാജ്യം കാലുഷ്യത്തിലേക്കാണ് എടുത്തെറിയപ്പെടുക. വധശ്രമം വിഫലമായത് അമേരിക്കക്ക് പകരുന്ന സമാശ്വാസം നിലനിൽക്കണമെങ്കിൽ സമചിത്തതയും രാഷ്ട്രീയപ്രബുദ്ധതയുമുള്ള കൂട്ടായ നീക്കം കൊണ്ടേ കഴിയൂ.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് ഭേദം മറന്ന് അതിനുള്ള മനസ്സാന്നിധ്യവും ഇച്ഛാശക്തിയും വീണ്ടെടുക്കാൻ അമേരിക്കൻ ജനതക്കുള്ള വിവേകം അവിടുത്തെ രാഷ്ട്രീയനേതൃത്വം പ്രകടിപ്പിക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.