ഇതാ സ്നേഹത്തിെൻറ 'ബ്രയാൻ ലിപി'കൾ
text_fieldsചിത്രരചനയുടെ അറിവളവുകൾ വെച്ച് നോക്കിയാൽ ഇതൊന്നും ചിത്രങ്ങളേയല്ലെന്ന് സമ്മതിക്കാം. പക്ഷേ, ഇവ സ്നേഹത്തിെൻറ, ആദരവിെൻറ ലിപികളാണ്. ഉള്ളിൽ അറിവിെൻറ തിരികൊളുത്തിയവരെ ഓർത്തെടുക്കാൻ ബ്രയാൻ വർഗീസ് പ്രദീപ് എന്ന 27കാരൻ മനസ്സിൽ സ്ഫുടം ചെയ്തെടുത്ത സ്നേഹ ലിപികൾ. അവനെ പഠിപ്പിച്ച അധ്യാപകരിൽ ഓരോരുത്തർക്കും മനസ്സ് കൊണ്ട് തൊട്ടാൽ വായിച്ചെടുക്കാൻ കഴിയും ഈ 'ബ്രയാൻ ലിപികൾ'.
ഈ അധ്യാപക ദിനത്തിൽ രണ്ട് പതിറ്റാണ്ട് മുമ്പ് മുതൽ തന്നെ പഠിപ്പിച്ച ഓരോ അധ്യാപകനെയും കൊച്ചുവരകളാൽ ഓർത്തെടുക്കാനുള്ള ശ്രമമാണ് ബ്രയാൻ നടത്തിയിരിക്കുന്നത്. ഒരു 27കാരൻ അങ്ങനെ ചെയ്തതിൽ എന്താണിത്ര പറയാനുള്ളതെന്ന് ആലോചിക്കുന്നവർ ഒന്നറിയുക- ഇഷ്ടമുള്ളവർ വാത്സല്യത്തോടെ സച്ചു എന്ന് വിളിക്കുന്ന ഈ യുവാവ് ഓട്ടിസം ബാധിച്ചയാളാണ്. ആശയങ്ങളും വികാരങ്ങളും പരസ്പരം കൈമാറുന്നതിന് ജന്മനായുള്ള വൈഷമ്യങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം ഓട്ടിസം ബാധിതരും. എന്നാൽ, കൃത്യമായ പരിശീലനത്തിലൂടെ ഇത്തരമൊരു അവസ്ഥയെ മറികടക്കാനാവും എന്നത് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ബ്രയാൻ.
എറണാകുളം വൈറ്റില സ്വദേശിയായ പ്രദീപിെൻറയും അനിതയുടെയും മകനാണ് ബ്രയാൻ. തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന 'രക്ഷ' സ്പെഷൽ സ്കൂളിലായിരുന്ന ബ്രയാെൻറ പ്രാഥമിക പഠനം. പിന്നീട് ചോയിസ് സ്കൂളിലേക്ക് മാറി. ഇതിനിടെ കമ്പ്യൂട്ടർ വിജ്ഞാനം സ്വായത്തമാക്കി. 'രക്ഷ'യിലെ തെൻറ പഴയ അധ്യാപകർ മുതൽ ഓരോരുത്തരെയും ഓർത്തെടുത്ത് അവരുടെ രൂപങ്ങൾ തനിക്ക് ആകുന്ന രീതിയിൽ വരച്ച് അടിയിൽ പേരുമെഴുതിയാണ് ഈ അധ്യാപക ദിനത്തിൽ ബ്രയാൻ അവരോടുള്ള തെൻറ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്. അധ്യാപകർക്കൊപ്പം 'അചാച്ച' എന്ന് എഴുതി കൂടപ്പിറപ്പിനേയും ബ്രയാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം എഴുപത് പേരുടെ നീണ്ട ലിസ്റ്റാണ് ഈ ചിത്രപേജിലുള്ളത്.
താനുമായി പരിചയപ്പെടുന്നവരെ വർഷങ്ങൾ കഴിഞ്ഞാലും ഓർത്ത് വെക്കാനുള്ള പ്രത്യേക കഴിവ് ബ്രയാന് ഉണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. കേവലം നാലു വയസ്സുള്ളപ്പോൾ 'രക്ഷ'യിൽ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകരെ രണ്ട് പതിറ്റാണ്ടിനിപ്പുറവും ബ്രയാന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. വരയുടെ പൂർണത നോക്കേണ്ട, അവരോടുള്ള ബ്രയാെൻറ സ്നേഹാദരങ്ങൾ ഈ ചിത്രപ്പേജിൽ പ്രകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.