ലഹരി മണക്കുന്ന സാൻഡൽവുഡ്...
text_fieldsബംഗളൂരു: ബോളിവുഡ് നടൻ സുശാന്ത്സിങ് രജ്പുത് മുംബൈ ബാന്ദ്രയിലെ വീട്ടിൽ വിഷാദരോഗത്താൽ ജീവനൊടുക്കുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് കന്നട സിനിമാ ലോകത്ത് ഒരു യുവനടന്‍റെ മരണം നടന്നിരുന്നു. മലയാളത്തിലടക്കം നായികയായിരുന്ന നടി മേഘ്ന രാജിന്‍റെ ഭർത്താവും ശ്രദ്ധേയ നടനുമായിരുന്ന ചിരഞ്ജീവി സർജ (39)യുടെ മരണം. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു നടന്‍റെ മരണമെന്നാണ് ആശുപത്രി റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നടനും സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷ് ആരോപണമുയർത്തിയത് സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമാ ലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കി. മരണത്തിന് പിന്നിൽ സാൻഡൽവുഡിലെ മയക്കുമരുന്ന് മാഫിയയുടെ പങ്കുണ്ടോ എന്നത് അന്വേഷണവിധേയമാക്കണമെന്ന ആവശ്യമാണ് ഇന്ദ്രജിത് ഉയർത്തിയത്. എന്നാൽ, സംഭവം കന്നട സിനിമയിലെ പ്രമുഖർ വൈകാരിക വിഷയമായി ഉയർത്തുകയും നടി മേഘ്ന എതിർക്കുകയും ചെയ്തതോടെ ഇന്ദ്രജിത്തിന് മേഘ്നയോട് മാപ്പുപറയേണ്ടിവന്നു. രണ്ടു വർഷം മുമ്പ് ബംഗളൂരു സൗത്ത് എൻഡിൽ ചില യുവ നടന്മാർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടിരുന്നു. കാറിനകത്തുനിന്ന് മയക്കുമരുന്ന് കണ്ടെടുത്തെങ്കിലും ഇൗ കേസിൽ പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ലെന്നും ഇന്ദ്രജിത് ചൂണ്ടിക്കാട്ടിയിരുന്നു.
വഴിത്തിരിവായി അനിഘയുടെ അറസ്റ്റ്
എല്ലാ വിവാദങ്ങളെയും പോലെ അൽപായുസ്സായി ഇതുമടങ്ങുമെന്ന് കരുതിയ നേരത്താണ് കന്നട-മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള വൻ ലഹരി റാക്കറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ വീഴുന്നത്. ബംഗളൂരു സ്വദേശിനിയായ ഡി. അനിഘ, കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരുടെ അറസ്റ്റിന് പിന്നാലെ പ്രതികളുടെ സിനിമാമേഖലയുമായുള്ള ബന്ധവും പൊലീസ് പുറത്തുവിട്ടു. അനിഘയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന പല കന്നട സിനിമാതാരങ്ങളുടെയും പേരുണ്ടെന്നാണ് വിവരം.
ഇതോടെ വീണ്ടും വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ടുവന്ന ഇന്ദ്രജിത് ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിന് മുമ്പാകെ നൽകിയ മൊഴിയിൽ സാൻഡൽവുഡിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട 15 നടീനടന്മാരുടെ പേരുവിവരം കൈമാറി.
ക്രിക്കറ്റ് വാതുവെപ്പിലെ ബന്ധം
മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറുമായി ബന്ധപ്പെട്ട് ചില കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കി വാതുവെപ്പിന് പ്രേരിപ്പിച്ചിരുന്നു. ചില കന്നട സിനിമ നടിമാർക്കൊപ്പമാണ് കളിക്കാർ വിദേശ രാജ്യങ്ങളിൽ പോയി ഉല്ലസിച്ചതെന്നും സംഭവത്തിന് പിന്നിൽ മയക്കുമരുന്ന് ഇടപാട് സംശയിക്കുന്നതായും അന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കളിക്കാരുടെ അറസ്റ്റിനപ്പുറം ലഹരി ഇടപാടിലേക്കൊന്നും ഇൗ കേസിെൻറ അന്വേഷണം നീങ്ങിയില്ല.
സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം പരിധിവിട്ടു തുടങ്ങിയതോടെയാണ് സംവിധായകൻ കൂടിയായ ഇന്ദ്രജിത് പരസ്യമായി രംഗത്തുവന്നത്. രാത്രി ൈവകിയുള്ള പാർട്ടികൾ കഴിഞ്ഞെത്തുന്ന പല നടീനടന്മാരും സംവിധായകർക്കും നിർമാതാക്കൾക്കും തലവേദനയാണ്. സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളിൽ ലഹരി മരുന്നുണ്ടാവാറുണ്ടെന്നും ബംഗളൂരുവിലെ സ്കൂളുകളും കോളജുകളും ലഹരിയുടെ വഴിയിലേക്ക് മാറുകയാണെന്നും ഇന്ദ്രജിത് ചൂണ്ടിക്കാട്ടിയിരുന്നു.
രാഗിണി, സഞ്ജന... ഇനി ആര്?
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്നു റാക്കറ്റുകളെ കുറിച്ച് ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് അതിന്‍റെ ആദ്യഘട്ടത്തിലാണ്. ഇതിനിടെ കന്നട സിനിമയിലെ മുൻനിര നായികമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായി. ക്രിക്കറ്റും രാഷ്ട്രീയവും സിനിമയും ഇഴപിരിഞ്ഞുകിടക്കുന്ന ലഹരി ബന്ധത്തിന്‍റെ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നേയുള്ളൂ. കർണാടക മുൻമന്ത്രിയുടെ മകൻ ഇൗ കേസിൽ ഒളിവിലാണ്. നിശാപാർട്ടികളുടെ മറവിലാണ് മയക്കുമരുന്ന് ഇടപാടുകൾ നടന്നിരുന്നത്. മയക്കുമരുന്ന് വിദേശത്തുനിന്ന് എത്തിച്ചിരുന്നവരെയും താരങ്ങളടക്കമുള്ളവർക്ക് അവ കൈമാറാൻ ഇടനിലക്കാരായി നിന്നിരുന്നവരെയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരെയും വേർതിരിച്ചാണ് അന്വേഷണം മുന്നോട്ടുപോവുന്നത്.
ലഹരിക്കാറ്റ് മോളിവുഡിലേക്കും?
മലയാള സിനിമാ ലോകത്തെ ചില താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണം പുതിയതല്ല. സിനിമ െസറ്റുകളിലടക്കം ഇത് നടക്കുന്നതായി ഉന്നയിക്കപ്പെട്ടിരുന്നു. താരങ്ങൾ പങ്കെടുത്ത പല നിശാപാർട്ടികളും സംശയത്തിന്‍റെ നിഴലിലുമായിരുന്നു. കൊച്ചി കേന്ദ്രമായി നടക്കുന്ന ഇത്തരം പാർട്ടികളിലാണ് കൂടുതലും മയക്കുമരുന്ന് ഇടപാട് നടക്കുന്നതെന്നാണ് വിവരം. കന്നട സിനിമ മേലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊച്ചി അരൂർ സ്വദേശി നിയാസ് അഹമ്മദിന്‍റെ മലയാള-കന്നട സിനിമ ബന്ധം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. മോഡലിങ്, ഇവൻറ് മാനേജ്മെൻറ് കമ്പനികൾ സ്വന്തമായുള്ള ഇയാളുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിശാപാർട്ടികൾ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. മുംബൈയിലും ബംഗളൂരുവിലും നടക്കുന്ന അന്വേഷണത്തിന്‍റെ ചുവടുപിടിച്ച് കൊച്ചിയിലും കാര്യക്ഷമമായ അന്വേഷണം നടന്നാൽ ബോളിവുഡ്-സാൻഡൽവുഡ്-മോളിവുഡ് ലഹരി ശൃംഖലയുടെ വഴി തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.