Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightഇ​ന്ന​സെ​ന്റാ​യ...

ഇ​ന്ന​സെ​ന്റാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ

text_fields
bookmark_border
ഇ​ന്ന​സെ​ന്റാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ
cancel

പേരിന് യോജിക്കുന്നവിധം നിഷ്‍കളങ്കനായ ഗ്രാമീണന്റെ ഇമേജ് ആണ് മലയാള സിനിമ ഇന്നസെന്റിന് നൽകിയിട്ടുള്ളത്. ഹാസ്യനടനും സ്വഭാവനടനുമായി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ എക്കാലവും ജനമനസ്സുകളിലുണ്ടാകും. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും മടുപ്പിക്കാത്തതായിരുന്നു. അതുകൊണ്ടുതന്നെ ദീർഘനാൾ മുൻനിരയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞു.

'രാഘവോ'...ഉണ്ണിത്താൻ/മണിച്ചിത്രത്താഴ്

ഹാസ്യമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. നർമത്തിന്റെ മർമം അറിയുന്ന നടനായിരുന്നു അദ്ദേഹം. കഥാപാത്രങ്ങൾക്ക് ചിരിരസം പകരുന്നതിൽ ഇന്നസെന്റിന്റെ സ്വന്തം സംഭാവന ഏറെയാണെന്ന് സിനിമ അണിയറ പ്രവർത്തകർ പറയാറുണ്ട്. ഹാസ്യത്തിന് ഇണങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും.

'ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ്'... കെ.കെ. ജോസഫ്‍/ വിയറ്റ്നാം കോളനി

തൃശൂരുകാർ പൊതുവെ നർമബോധം കൂടിയവരാണെന്ന് പറയാറുണ്ട്. ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകൻ ഇന്നസെന്റിന്റെ കാര്യത്തിൽ അത് കൃത്യമാണ്. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതയാണ്.

'പുറപ്പെട്ടു, പുറപ്പെട്ടു, പുറപ്പെട്ടിട്ട് അരമണിക്കൂറായി. കുറച്ചൂടെ നേരത്തെ പുറപ്പെടണോ'....മാന്നാർ മത്തായി/ റാംജി റാവ് സ്പീക്കിങ്

കഥാപാത്രങ്ങൾക്ക് വൈവിധ്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റേതായ ഭാഷയും ശൈലിയും ആവർത്തിച്ചു. അതാകട്ടെ ജനങ്ങൾക്ക് ഇഷ്ടവുമായിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ എഴുത്തുകാരും സംവിധായകരും കഥാപാത്രങ്ങൾ ആവർത്തിച്ച് രൂപപ്പെടുത്തുകയായിരുന്നു. അതേസമയം, വേറിട്ട കഥാപാത്രങ്ങൾ നൽകിയപ്പോഴൊക്കെ അദ്ദേഹം ഗംഭീരമായി ചെയ്തിട്ടുണ്ട്.

'മോന്തക്കൊന്ന് കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ച് കൊടുക്കട, അപ്പോ കാണും'... ലൈൻമാൻ കെ.ടി. കുറുപ്പ് /മിഥുനം

അനിയത്തിപ്രാവ്, ഹിറ്റ്ലർ തുടങ്ങിയ ചിത്രങ്ങളിലെ പരുക്കൻ കഥാപാത്രങ്ങൾക്കും ഒരു നിഷ്‍കളങ്കത ഉണ്ടായിരുന്നു. മഴവിൽക്കാവടി, കാബൂളിവാല, റാംജി റാവു സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ്, ഗജകേസരിയോഗം, ഡോക്ടർ പശുപതി, ഗോഡ്ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, യാത്രക്കാരുടെ ശ്രദ്ധക്ക്, മനസ്സിനക്കരെ, രസതന്ത്രം, വേഷം, യെസ് യുവർ ഓണർ, ഇന്നത്തെ ചിന്താവിഷയം തുടങ്ങി അനേകം സിനിമകളിലെ കഥാപാത്രങ്ങൾക്ക് ഇന്നസെന്റിന് പകരം മറ്റൊരു നടനെ ചിന്തിക്കാൻ കഴിയാത്ത വിധം കൈയൊപ്പ് ചാർത്തി.

'അടിച്ചുമോളേ'.... കിട്ടുണ്ണി/കിലുക്കം

കല്യാണരാമനിലെ പോഞ്ഞിക്കര എന്ന കഥാപാത്രം ട്രോളന്മാരുടെ ഫേവറിറ്റുകളിലൊന്നാണ്. ഗൗരവമുള്ള കാരണവർ കഥാപാത്രങ്ങളിലും അദ്ദേഹം തിളങ്ങി. ദേവാസുരം, രാവണപ്രഭു, ട്വന്റി 20, ബാലേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഈ ഗണത്തിൽ പറയാനുണ്ട്. അവസാന കാലത്ത് കൂടുതലും ചെയ്തത് സ്വഭാവ കഥാപാത്രങ്ങളായിരുന്നു. ഡോളി സജാക്കെ രഖ്‌ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലൂടെ മറുഭാഷകളിലും കൈവെച്ചു. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

'നിങ്ങടെ കാര്യമല്ല, ഞാൻ പൊതുവേ പറഞ്ഞതാ'... ഡ്രൈവർ ബാലൻ/നാടോടിക്കാറ്റ്

മഴവിൽക്കാവടി എന്ന സിനിമക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2009ൽ ‘പത്താംനിലയിലെ തീവണ്ടി’യിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടി. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമ നിര്‍മാണ കമ്പനി തുടങ്ങി.

'ചേട്ടാ കുറച്ച് ചോറ് എടുക്കട്ടെ'...പോഞ്ഞിക്കര/കല്യാണരാമൻ

ഈ ബാനറില്‍ ഇളക്കങ്ങള്‍, വിടപറയും മുമ്പേ, ഓര്‍മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, ജഗതി ശ്രീകുമാർ തുടങ്ങി ക്ലാസ് നടന്മാരുടെ അഭാവം കഥാപാത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ വേട്ടയാടുന്നതായി സംവിധായകൻ സത്യന്‍ അന്തിക്കാട് ഒരിക്കൽ പറഞ്ഞിരുന്നു. ആ നിരയിലേക്ക് ഒരു പേരു കൂടി ചേർക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocent
News Summary - Innocent characters
Next Story