മിൽമ ഡയറിയിലെ ഒരു ഒഴിവിലേക്ക് അഭിമുഖം; എത്തിയത് ആയിരക്കണക്കിനുപേർ
text_fieldsകൊല്ലം: മിൽമ ഡയറിയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് അഭിമുഖത്തിെനത്തിയത് ആയിരക്കണക്കിനുപേർ. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് ഗ്രേഡ് രണ്ട് തസ്തികയിലായിരുന്നു ഒഴിവ്. വാക്-ഇൻ ഇൻറർവ്യൂ സംബന്ധിച്ച് മിൽമ പത്രപരസ്യം നൽകിയിരുന്നു. ഒരുഒഴിവാണ് ഉണ്ടായിരുന്നതെങ്കിലും പരസ്യത്തിൽ ഇത് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് വലിയ തിരക്കിനിടയാക്കിയത്.
ഉദ്യോഗാർഥികൾ ചൊവാഴ്ച രാവിലെ 10നും 11നും ഇടയിൽ സർട്ടിഫിക്കറ്റുകളുമായി തേവള്ളിയിലെ ഓഫിസിലെത്തണമെന്നായിരുന്നു അറിയിപ്പ്. ശമ്പളമായി 17000 രൂപയും നിയമാനുസൃതമായ മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നതും സമീപ ജില്ലയിൽ നിന്നടക്കമുള്ള ഉദ്യോഗാർഥികളെ കൊല്ലത്തെത്തിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ മിൽമ ഡയറിക്ക് മുന്നിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. വലിയ കൂട്ടമായതോടെ നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. റോഡിന് ഇരുവശത്തുനിന്നും വലിയനിര പ്രത്യക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാടുപെട്ടു. സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകളൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ക്യൂവിൽ മുമ്പിലുണ്ടായിരുന്ന മൂന്നൂറോളം പേരെ അഭിമുഖം നടത്തി മറ്റുള്ളവർക്ക് ടോക്കൺ നൽകി മറ്റൊരുദിവസം എത്താൻ അറിയിക്കുകയായിരുന്നു. അഭിമുഖത്തിനായി ഓഫിസിലേക്ക് പ്രവേശിപ്പിച്ചവരിൽ നിന്ന് ബയോഡാറ്റ പോലും വാങ്ങിയില്ലെന്നും പേരും ഫോൺ നമ്പരും വാങ്ങി തിരികെ വിടുകയായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മണിക്കൂറുകൾ കാത്തുനിന്ന ഉദ്യോഗാർഥികൾ പലരും ഗേറ്റിന് മുന്നിൽ പ്രതിഷേധമറിയിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.