ജെറി ജീവിക്കും, അഞ്ചുപേരിലൂടെ
text_fieldsതിരുവനന്തപുരം: സ്കൂട്ടറപകടത്തിൽ ജീവൻ നഷ്ടമായ ജെറി വർഗീസ് ഇനിയും ജീവിക്കും, അഞ്ചുപേരിലൂടെ. ജൂലൈ 27 ന് രാത്രിയുണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മണ്ണന്തല കരിമാംപ്ലാക്കൽ വീട്ടിൽ ജെറി വർഗീസിന് വെള്ളിയാഴ്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ജെറിയുടെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകി.
ബൈജൂസ് ലേണിങ് ആപ്പിലെ ബിസിനസ് െഡവലപ്മെൻറ് അസോസിയേറ്റായ ജെറി ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലക്ക് സമീപത്തുെവച്ച് സ്കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല നടപ്പാതയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
ജെറി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും ഭാര്യ ലിൻസിയും ഏകമകള്‍ രണ്ടുവയസ്സുകാരി ജെനീലയും ജീവിതത്തിലേക്ക് അയാള്‍ മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒടുവില്‍ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കി ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു.
ഭര്‍ത്താവിന് സംഭവിച്ച അപകടവും മസ്തിഷകമരണവും ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ലിൻസിക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയില്‍ ചികിത്സതേടുന്ന നിര്‍ധന രോഗികളെയാണ് അവര്‍ക്ക് ആ ഘട്ടത്തില്‍ ഓര്‍മവന്നത്.
ഹൃദയം നുറുക്കുന്ന വേദനയിലും അവര്‍ തെൻറ ആഗ്രഹം ബ്രയിന്‍ ഡെത്ത് സര്ട്ടിഫിക്കേഷന് പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ എച്ച്.വി. ഈശ്വറിനെ അറിയിച്ചു. ലിൻസിയുടെ നിലപാടിനെ പ്രശംസിച്ച അദ്ദേഹം അവരുടെ കാല് തൊട്ട് വന്ദിച്ചശേഷമാണ് മറ്റ് നടപടികളിലേക്ക് കടന്നത്.
ജെറിയുടെ മാതാപിതാക്കളും ബന്ധുക്കളും ലിൻസിയുടെ തീരുമാനത്തെ അംഗീകരിച്ചു. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്.
ലിൻസിയുടെ നിലപാടിനുമുന്നില്‍ ശിരസ്സുനമിച്ച് ഡോക്ടർമാർ
തിരുവനന്തപുരം: ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്കമരണ സ്ഥിരീകരണത്തില്‍ പങ്കാളിയായ ഡോ. എച്ച്.വി. ഈശ്വർ ലിൻസിയുടെ നിലപാടിനുമുന്നില്‍ ശിരസ്സുനമിച്ചു. 31 വയസ്സുമാത്രമുള്ള തെൻറ ഭര്‍ത്താവ് ജെറിയുടെ വിയോഗം ലിൻസിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ജീവിതവഴിയില്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുമകളെയും കൊണ്ട് ജെറിയുടെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളോടൊപ്പം നില്‍ക്കുമ്പോഴാണ് ഡോ. ഈശ്വര്‍ അവിടേക്കെത്തുന്നത്. അപകടത്തില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതിനാല്‍ ജെറിക്ക് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ലെന്ന് ഉറപ്പായിരുന്നു. 'തെൻറ മകനെ രണ്ടുദിവസം കൂടി മെഷീനില്‍ െവച്ചേക്കണം. അവന് തിരിച്ചുവരും' എന്നായിരുന്നു ഡോക്ടറെ കണ്ടയുടന്‍ ജെറിയുടെ അമ്മയുടെ അപേക്ഷ. എന്തുപറയണമെന്നറിയാതെ ആ മാതാവിന് മുന്നിൽ ഡോക്ടര്‍ കുഴങ്ങിനിൽക്കുമ്പോൾ ലിൻസി പറഞ്ഞു - 'എനിക്കറിയാം അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എെൻറ മകളുടെ പിതാവിെൻറ ശരീരത്തിെൻറ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു'.
െബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ ഇങ്ങെനയൊരു നിലപാടെടുത്ത ബന്ധുക്കളെ താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു മാനസികാവസ്ഥയിലും അവരെടുത്ത തീരുമാനത്തെ കാല്‍തൊട്ടുവന്ദിച്ചാണ് ഡോ. ഈശ്വര്‍ അഭിനന്ദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.