തൂപ്പുജോലിയിൽനിന്ന് അധ്യാപികയായി: ലിൻസക്കും കുടുംബത്തിനും ഇന്ന് ഗവർണറുടെ ചായസൽക്കാരം
text_fieldsചെറുവത്തൂർ: തൂപ്പുജോലി ചെയ്യവേ അതേ വിദ്യാലയത്തിൽ അധ്യാപികയായി നിയമനം ലഭിച്ച ലിൻസക്കും കുടുംബത്തിനും ചൊവ്വാഴ്ച രാജ്ഭവനിൽ ചായസൽക്കാരം. വൈകീട്ട് 5.20ന് ഗവർണറാണ് ചായസൽക്കാരം ഒരുക്കുക. കാഞ്ഞങ്ങാട് ഇക്ബാൽ ഹയർസെക്കൻഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്തുവരവേ അധ്യാപക ഒഴിവുവന്നപ്പോൾ മതിയായ യോഗ്യതയുള്ള ആർ.ജെ. ലിൻസക്ക് നിയമനം നൽകുകയായിരുന്നു.
തൂപ്പുകാരി ചേച്ചി ഹൈസ്കൂൾ ക്ലാസിൽ ചോക്കുമായി എത്തിയപ്പോൾ അന്ധാളിച്ച കുട്ടികൾ പിന്നെ ഏറെ ഇഷ്ടമുള്ള ടീച്ചറായി സ്വീകരിക്കുകയും ചെയ്തു.കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജെൻറ മകളാണ് ലിൻസ. സംസ്കൃതാധ്യാപകനായ രാജൻ സർവിസിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. തുടർന്ന് അമ്മക്കും അനുജനും താങ്ങാവാൻ മകളായ ലിൻസ തൂപ്പുകാരിയായി ആശ്രിത നിയമനം നേടുകയായിരുന്നു. ക്ലാസ് മുറികളും ഓഫിസ് മുറികളും തൂത്ത് വൃത്തിയാക്കിയ ശേഷം ലഭിച്ച സമയം പഠനത്തിനുവേണ്ടി വിനിയോഗിക്കുകയും ചെയ്തു.
ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും സ്വന്തമാക്കിയ ലിൻസക്ക് അധ്യാപികയായി ഇതേ വിദ്യാലയത്തിൽ നിയമനം ലഭിക്കുകയും ചെയ്തു. ഭർത്താവും മാധ്യമ പ്രവർത്തകനുമായ സുധീരൻ മയ്യിച്ച, മക്കളായ സോനിൽ, സംഘമിത്ര എന്നിവർക്കൊപ്പമാണ് ലിൻസ ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.