അടൽ ടണലിൽ തലയുയർത്തിയൊരു മലയാളി; പ്രതിസന്ധികളെ അതിജയിച്ച നാളുകൾ ഓർത്തെടുത്ത് പുരുഷോത്തമൻ
text_fieldsമഞ്ഞുവീഴ്ച, മണ്ണിടിച്ചിൽ, തുരങ്കം ഇടിഞ്ഞുവീഴൽ, കോവിഡ് ഭീതി... 10 വർഷത്തെ അടൽ തുരങ്കപാത നിർമാണത്തിനിടെ നേരിട്ട വെല്ലുവിളികൾ നിരവധിയാണ്. ഇവയെല്ലാം അതിയിച്ച് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയെന്ന തലയെടുപ്പുമായി അടൽ ടണൽ യാഥാർഥ്യമായപ്പോൾ മലയാളികളുടെ അഭിമാനമുയർത്തി നിൽക്കുന്നൊരാളുണ്ട്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയറും കണ്ണൂർ ഏച്ചൂർ സ്വദേശിയുമായ കെ.പി. പുരുഷോത്തമൻ.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുേമ്പാൾ പുരുഷോത്തമന് പറയാനുള്ളത് ഇതാണ്- 'ഇതൊരാളുടെ നേട്ടമല്ല, ഒരു കൂട്ടം ആളുകളുടെ സമർപ്പണത്തിെൻറ വിജയമാണ്'. ഹിമാചൽ പ്രദേശിലെ മണാലിയെ ലഹൗൾ– സ്പിതിയുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിെൻറ നിർമാണം അതി സങ്കീർണമായിരുന്നെന്ന് പുരുഷോത്തമൻ പറയുന്നു. ഏത് നിമിഷവും അപകടം പ്രതീക്ഷിച്ചായിരുന്നു നിർമാണത്തിെൻറ ഓരോ ഘട്ടവും. ഭൂമി തുരന്നുള്ള നിർമാണമായിരുന്നതിനാൽ പ്രകൃതിദുരന്തങ്ങൾ മുന്നിൽക്കണ്ട് വേണമായിരുന്നു ഓരോഘട്ടവും മുന്നോട്ടുകൊണ്ടുപോകാൻ. എത്രയൊക്കെ ആസൂത്രണവും സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചെങ്കിലും ഏത് നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് അവസ്ഥയായിരുന്നു. മണ്ണൊലിപ്പും മണ്ണിടിച്ചിലും പാറ പൊട്ടിത്തെറിക്കലുമൊക്കെ പല തവണ ഉണ്ടാകുകയും ചെയ്തു.
രണ്ടു വശങ്ങളെ സൗത്ത് പോർട്ടൽ, നോർത്ത് പോർട്ടൽ എന്ന് തരംതിരിച്ചാണ് തുരങ്കത്തിെൻറ നിർമാണം തുടങ്ങിയത്. മഞ്ഞുവീഴ്ചയും മറ്റും പ്രതിസന്ധി സൃഷ്ടിച്ചതിനാൽ നിർമാണത്തിെൻറ നാലിലൊരു ഭാഗം മാത്രമേ നോർത്ത് പോർട്ടലിൽ നടന്നുള്ളൂ. 25ലധികം തവണയാണ് മണ്ണൊലിച്ചിൽ ഉണ്ടായത്. ഒരിക്കൽ ഉച്ചഭക്ഷണ സമയത്തു തുരങ്കത്തിെൻറ ഒരു ഭാഗം തകർന്നുവീണപ്പോൾ ആരും സ്ഥലത്തില്ലാതിരുന്നതിനാലാണ് ആളപായം ഒഴിവായത്. നിർമാണത്തിനിടെ കോവിഡും പ്രതിസന്ധി സൃഷ്ടിച്ചു. ജോലി സ്ഥലം അടച്ചിടേണ്ടി വന്നു. തൊഴിലാളികളെ കിട്ടാതെയുമായി. പിന്നീട് സർക്കാറിെൻറ പ്രത്യേക അനുമതിയോടെയാണ് നിർമാണം പുനരാരംഭിച്ചത്. ഒരു കോവിഡ് കേസ് പോലും സൈറ്റിൽ ഉണ്ടായില്ലെന്നും പുരുഷോത്തമൻ പറയുന്നു.
മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കേളമ്പേത്ത്് കണ്ണെൻറയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണു പുരുഷോത്തമൻ. കണ്ണൂരിൽ നിന്ന് പോളിടെക്നിക്ക് പാസായ ശേഷം ഡൽഹിയിലെത്തിയാണ് സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടുന്നത്. കൺസ്ട്രക്‌ഷൻ മാനേജ്‌മെൻറിൽ പി.ജി ഡിപ്ലോമയും എം.ബി.എയുമുണ്ട്. 1987ൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക്. അസി. എക്സിക്യൂട്ടീവ് എൻജിനിയറായി ആൻഡമാൻ നിക്കോബാർ ദ്വീപിലായിരുന്നു ആദ്യനിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറം, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അതിർത്തികളിലെ നിർണായക റോഡ് പദ്ധതികളിലും ഭാഗമായിട്ടുണ്ട്. 2015 മുതൽ 2017 വരെ രണ്ട് വർഷം ഡപ്യൂട്ടേഷനിൽ കേരളത്തിലും സേവനമനുഷ്ഠിച്ചു. 2019ൽ വിശിഷ്ട സേവാ മെഡലും ലഭിച്ചു. തലശ്ശേരി സ്വദേശി സിന്ധുവാണ് ഭാര്യ. മകൻ വരുൺ എം.ബി.ബി.എസ് കഴിഞ്ഞു. മകൾ യുവിക എൻജിനിയറിങ് കഴിഞ്ഞ് ഉപരിപഠനത്തിനായി യു.എസിലും.
മിച്ചം പിടിച്ചത് 800 കോടി
കോവിഡ് കാലത്തെ തടസ്സമൊഴിച്ചാൽ മൂന്ന് ഷിഫ്റ്റിലായി 24 മണിക്കൂറും നിർമാണം നടന്നിരുന്നു. ഒരേ സമയം 3000 തൊഴിലാളികളും 770 ഓളം എൻജിനീയർമാരും സൂപ്പർവൈസർമാരും കൺസൾട്ടൻറുമാരും കരാറുകാരും നിർമാണത്തിൽ പങ്കാളികളായി. ഇത്രയധികം ഉയരത്തിലെ കാലാവസ്ഥയിൽ തുടർച്ചയായി ജോലി ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഒരു ടേമിൽ ജോലി ചെയ്തവർക്ക് കുറച്ചുവർഷങ്ങൾക്കു ശേഷമാണ് അടുത്ത ടേം നൽകിയത്. 2010ൽ ആണു തുരങ്കനിർമാണം ആരംഭിച്ചത്. ആറു വർഷത്തിനകം തീർക്കാനായിരുന്നു പദ്ധതി. പക്ഷേ, കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധി തീർത്തപ്പോൾ നാല് വർഷം അധികം വേണ്ടി വന്നു. മണ്ണൊലിപ്പും മറ്റുമുള്ള ഷിയർ സോൺ എന്നറിയപ്പെടുന്ന മേഖലയിൽ 600 മീറ്റർ പൂർത്തിയാക്കാൻ നാലു വർഷത്തോളമെടുത്തു. 4083 കോടി ചെലവു കണക്കാക്കിയിരുന്ന പദ്ധതി 3200 കോടിക്ക് പൂർത്തിയാക്കാനായി. 800 കോടിയിലേറെ രൂപയോളം മിച്ചം പിടിക്കാൻ കഴിഞ്ഞു.
സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ (10,000 അടി) ഉയരത്തിൽ പർവതം തുരന്ന് നിർമിച്ച, 9.02 കിലോമീറ്ററുള്ള, കുതിരലാടത്തിെൻറ ആകൃതിയിലുള്ള സിംഗ്ൾ-ട്യൂബ് ഡബിൾ ലെയിൻ ടണലാണിത്. 12,252 മെട്രിക് ടൺ സ്റ്റീൽ, 1,69,426 മെട്രിക് ടൺ സിമൻറ് 1,01,336 മെട്രിക് ടൺ കോൺക്രീറ്റ് എന്നിവ നിർമാണത്തിന് ഉപയോഗിച്ചു. 5,05,264 മെട്രിക് ടൺ പാറയും മണ്ണുമാണു ഇവിടെനിന്നു തുരന്നെടുത്തത്. സാധാരണ സമാന്തരമായി നിർമിക്കുന്നതിന്പകരം രക്ഷാതുരങ്കം താഴെ നിർമിച്ചിരിക്കുന്നു എന്നതും അടൽ ടണലിെൻറ പ്രത്യേകതയാണ്.
8 മീറ്ററാണു റോഡ്‌വേ. 5.525 മീറ്റർ ഓവർഹെഡ് ക്ലിയറൻസുണ്ട്. സെമി ട്രാൻവേഴ്‌സ് വെൻറിലേഷൻ സിസ്റ്റം, സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്വിസിഷൻ (എസ്.സി.എ.ഡി.എ), നിയന്ത്രിത അഗ്നിശമന-പ്രകാശ നിരീക്ഷണം, ഓരോ 150 മീറ്ററിലും ടെലഫോൺ സൗകര്യം, ഓരോ 60 മീറ്ററിലും ഫയർ ഹൈഡ്രൻറ്, ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ്, ഓരോ കിലോമീറ്ററിലും വായുവിെൻറ ഗുണനിലവാര നിരീക്ഷണം, ഓരോ 250 മീറ്ററിലും സി.സി.ടിവി കാമറകളുള്ള ഓട്ടോമാറ്റിക് ഡിറ്റക്‌ഷൻ സംവിധാനം തുടങ്ങിയവയെല്ലാം ടണലിലുണ്ട്.
ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കും ലേയിലേക്കും എത്താനുള്ള മാർഗം കൂടിയാണു ഹിമാലയത്തിലെ പിർ പഞ്ജൽ റേഞ്ചിലെ തുരങ്കം പൂർത്തിയായതോടെ തുറന്നു കൊടുക്കപ്പെട്ടത്. മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററോളം കുറവുണ്ടാക്കും. മണാലിയിൽനിന്ന് ലഹൗളിലേക്കും സ്പിതി വാലിയിലേക്കുമുള്ള യാത്ര നിലവിൽ അഞ്ച് മണിക്കൂറിൽ നിന്ന് 10 മിനിറ്റായി ചുരുങ്ങി. കനത്ത മഞ്ഞുവീഴ്ച കാരണം ആറുമാസത്തോളം പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന ലഹൗൾ, സ്പിതി വാലി നിവാസികൾക്ക് തുരങ്കം ഏറെ സഹായകമാകും. ലഡാക്കിലുള്ള സൈനികർക്ക് ഏതു കാലാവസ്ഥയിലും യാത്ര സാധ്യമാകുകയും ചെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.