എന്റെ പേര് സിസ്റ്റർ കൊറോണ; പേരിൽ അഭിമാനവുമായി സന്യസ്ത
text_fieldsകുട്ടനാട് (ആലപ്പുഴ): കൊറോണയെന്ന് പേരുള്ളവരെ തിരഞ്ഞുപിടിച്ച് സമൂഹ മാധ്യമങ്ങളിൽ തമാശക്ക് വകനൽകുംവിധം അവതരിപ്പിക്കുന്നതിനിെട ഇതാ ഒരുസന്യസ്ത അഭിമാനപൂർവം പറയുന്നു; ''എെൻറ പേര് കൊറോണ''.കായംകുളം സ്വദേശിനിയായ യുവതി ഈ പേരുള്ളതിനാൽ തനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ആശങ്കപ്പെടുന്നത് പ്രചരിച്ചിരുന്നു.
''എെൻറ പേര് കൊറോണ'' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും അവതാരകൻ ആവർത്തിച്ച് പറയിപ്പിക്കുേമ്പാഴാണ് യുവതി വൈഷമ്യം വെളിപ്പെടുത്തുന്നത്. ഒരുവിശുദ്ധയുടെ പേരാണ് ഇടവക വികാരി തനിക്കിട്ടതെന്ന് അവർ സൂചിപ്പിക്കുന്നുണ്ട്.
കൊറോണയെന്ന് പേരുള്ളവർ ആശങ്കകൾ പങ്കുവെക്കുന്നത് കണ്ടാണ് സിസ്റ്റർ ഈ പേരിലെ അഭിമാനം പ്രകടിപ്പിക്കുന്നത്. ക്രൈസ്തവചരിത്രത്തിലെ വിശുദ്ധരായ ദമ്പതികളാണ് വിക്ടറും കൊറോണയുമെന്ന് റിട്ട. ഹെഡ്മിസ്ട്രസായ ആലപ്പുഴ പഴവങ്ങാടി കോൺവൻറിലെ സിസ്റ്റർ കൊറോണ പറയുന്നു. കോട്ടയം ഇത്തിത്താനം ലിസി എൽ.പി സ്കൂളിൽ 30 വർഷം അധ്യാപികയായിരുന്നു സി.എം.സി സഭയിലെ ചങ്ങനാശ്ശേരി പ്രൊവിൻസിലെ സിസ്റ്റർ. പേര് രോഗത്തിേൻറതായി എന്നതിൽ ഭയമോ ജാള്യമോ വേണ്ടതില്ല. അഭിമാനം മതി.
ശരീരത്തിൽ കിരീടംപോലെ തോന്നിക്കുന്ന ഭാഗത്തെയും കൊറോണ എന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യനും ചില ഗ്രഹങ്ങൾക്കും മറ്റുമുള്ള പ്രഭാവലയത്തെ ജ്യോതിശാസ്ത്രത്തിലും ഇതേ പേരിലാണ് വിശേഷിപ്പിക്കുന്നത് -സിസ്റ്റർ പറഞ്ഞു.1941ൽ സി.എം.ഐയിലെ കൈനകരിക്കാരനായ ഫാ. നോർബർട്ടാണ് തനിക്ക് കൊറോണയെന്ന പേര് നൽകിയതെന്ന് അവർ 'മാധ്യമ'ത്തോട് പറഞ്ഞു. അഞ്ചുവർഷം പ്രധാനാധ്യാപികയൊക്കെ ആയിരുന്നപ്പോൾ തെൻറ പേര് ഹിറ്റായില്ലല്ലോ എന്നതിലാണ് ഇപ്പോൾ വിഷമമമെന്നും തമാശയായി സിസ്റ്റർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.