വെച്ചൂർ പശു സ്നേഹത്തിന്റെ അംഗീകാരമായി ശോശാമ്മ ഐപ്പിന്റെ നേട്ടം
text_fieldsതൃശൂർ: കേരളത്തിലെ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്പിന് 80ാം വയസ്സിൽ പത്മശ്രീ തിളക്കം. വെച്ചൂർ പശു സംരക്ഷണ മേഖലയില്‍ കര്‍മനിരതയാണ് ഇവർ. ഒരുകാലത്ത് കേരളത്തിന്റെ സ്വന്തം ജനുസ്സായിരുന്ന വെച്ചൂർ പശു സംസ്ഥാനത്ത് അന്യംനിന്നുപോയപ്പോൾ ഏഴ് പശുക്കളിൽനിന്ന് ഏഴായിരത്തിലധികം പശുക്കളാക്കി സംരക്ഷിച്ചതിന് പിന്നിൽ ശോശാമ്മ ടീച്ചറുടെ പ്രവർത്തനമാണ്. 1989ല്‍ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ വെച്ചൂർ പശുക്കള്‍ക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു. അതിനാൽ തന്നെ വംശനാശത്തിന്റെ വക്കില്‍നിന്ന് പുനര്ജന്മം ലഭിച്ച കേരളത്തിന്റെ സ്വന്തം കന്നുകാലി ജനുസാണ് വെച്ചൂര്‍.
ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചെങ്കിലും വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനുമായി ശോശാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റ് സജീവമാണ്. ടീച്ചറുടെ പ്രവർത്തനത്തിന് ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എൻ.ഇ.പി) അംഗീകാരം ലഭിച്ചു. ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസിച്ചാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മൂവായിരത്തിലേറെ കർഷകർക്ക് വെച്ചൂർ പശു സംരക്ഷണ ഉപദേശങ്ങൾ നൽകിവരുന്നത്. കാഞ്ഞിരമറ്റത്ത് ട്രസ്റ്റിന്റെ കീഴിൽ ലിക്വിഡ് സെമൻ നൽകുന്ന കേന്ദ്രമുണ്ട്.
വെച്ചൂർ പശു പരിരക്ഷണ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അന്ന് ഇന്ത്യയില്‍ 26 അംഗീകൃത കന്നുകാലി ജനുസുകളുണ്ടായിരുന്നു. കേരളത്തില്‍നിന്ന് ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിൽ നിന്നാണ് കേരളത്തിന്റെ സ്വന്തം പശുവായി വെച്ചൂർ പശുവിനെ ഉയർത്തിയതെന്ന് ശോശാമ്മ ടീച്ചർ പറയുന്നു. അന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ശൈലാസ് മികച്ച പിന്തുണയാണ് നല്‍കിയത്. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പിന്തുണയും ഗ്രാന്റും ലഭിച്ചതായി അവർ വ്യക്തമാക്കി. കാർഷിക സർവകലാശാലയിലെ റിട്ട. പ്രഫസർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.