'നാൻ പെറ്റ മകനേ'; നൊമ്പരക്കാഴ്ചയായി കണ്ണമ്മ
text_fieldsകോഴിക്കോട്: ഒരു വ്യാഴവട്ടം മുമ്പ് വീടുവിട്ട മകൻ വെടിയേറ്റ് പിടഞ്ഞ് നിശ്ചലനായി കിടക്കുന്ന കാഴ്ച ആ അമ്മയുടെ നെഞ്ചു തകർത്തു. പടിഞ്ഞാറത്തറയിൽ െപാലീസ് വെടിവെപ്പിൽ മരിച്ച മാവോവാദി വേൽമുരുകെൻറ അമ്മ കണ്ണമ്മയുെട സങ്കടം മോർച്ചറിയുെട നിശ്ശബ്ദതയിൽ അലയടിച്ചു. മറ്റൊരു മകനായ അഡ്വ. എ. മുരുകനൊപ്പം മോർച്ചറിയിൽ 15 മിനിറ്റോളം വേൽമുരുകെൻറ മുഖം നോക്കിനിന്ന ശേഷം വനിത െപാലീസിെൻറ കൈപിടിച്ച് കണ്ണമ്മ പുറത്തേക്കിറങ്ങി. മോർച്ചറിക്ക് മുന്നിലിരുന്നും അവർ വിങ്ങിപ്പൊട്ടി. കണ്ണു തുറന്ന് എഴുന്നേറ്റ് വരൂ മോനേ എന്ന് വിളിച്ചുപറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന എ. വാസു ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിച്ചപ്പോഴും കണ്ണമ്മ കരച്ചിൽ നിർത്തിയില്ല. പിന്നീട് വാഹനത്തിനടുത്തേക്ക് പോയ കണ്ണമ്മ അവിടെ വിശ്രമിച്ചു.
മജിസ്റ്റീരിയൽ അേന്വഷണത്തിനെത്തിയ മാനന്തവാടി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് പിന്നീട് മൊഴിയെടുക്കുേമ്പാഴും സങ്കടക്കണ്ണീർ തോർന്നിരുന്നില്ല. രാത്രി 7.15ന് ഡി.എൻ.എ പരിശോധനക്കായി കണ്ണമ്മയുടെയും അഡ്വ. മുരുകെൻറയും രക്തസാമ്പിൾ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽനിന്ന് അധികൃതർ ശേഖരിച്ചിരുന്നു. ബുധനാഴ്ച രാവിലെ ആറുമണിക്കാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളം പുതുക്കോൈട്ടയിൽനിന്ന് കണ്ണമ്മയും അഡ്വ. മുരുകനുമുൾപ്പെടെയുള്ളവർ വേൽമുരുകെൻറ മൃതദേഹം കാണാനെത്തിയത്. ബുധനാഴ്ച വൈകീട്ട് 3.45നാണ് ഇവർ മോർച്ചറി പരിസരത്തെത്തിയത്. ആദ്യം മുരുകനെയും അമ്മയെയും അകത്തേക്ക് കയറ്റി വേൽമുരുകെൻറ മുഖം മാത്രം കാണിക്കുകയായിരുന്നു. പിന്നീട് ദേഹം മുഴുവൻ കാണിക്കണമെന്ന് സഹോദരൻ ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് െപാലീസ് സമ്മതിച്ചത്.
ബന്ധു കുമാർ, അഭിഭാഷകരായ കേശവൻ, രാജ, ജ്യോതി എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. 12 വർഷമായി വേൽമുരുകന് കുടുംബവുമായി ബന്ധമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മോര്‍ച്ചറിക്ക് മുന്നില്‍ 75 പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. മാവോവാദി അനുകൂല സംഘടനകളിലുള്ളവരും പ്രവര്‍ത്തകരും മോര്‍ച്ചറിക്ക് മുന്നിലെത്തുമെന്നും പ്രതിഷേധിക്കുമെന്നും രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.