നാടൻ പണിയിലെ പ്രഫഷനലുകൾ
text_fieldsചെറുവത്തൂർ: അഞ്ച് സുഹൃത്തുക്കൾ. അഞ്ചുപേരും ഉന്നത പ്രഫഷനൽ യോഗ്യതയുള്ളവർ. കോവിഡ് ഇവരുടെ മേഖല തകർത്തെറിഞ്ഞപ്പോൾ പരസ്പരം കൈകോർത്തിറങ്ങിയത് നാടൻ പണിക്ക്. കൊടക്കാട് വേങ്ങാപ്പാറയിലെ അഞ്ച് യുവാക്കളാണ് തങ്ങളുടെ നാട്ടിൽ നാടൻ പണികളിൽ സജീവമായത്.
എം.ബി.എ യോഗ്യതയുള്ള അജിത് രാജു, സിവിൽ എൻജിനീയറിങ് പാസായ അശ്വിൻ, ഇലക്ട്രോണിക്സ് ഡിപ്ലോമ നേടിയ രാജുലാൽ, ഹോട്ടൽ മാനേജ്മെൻറ് കഴിഞ്ഞ ഹരികൃഷ്ണൻ, കമ്പ്യൂട്ടർ എൻജിനീയറായ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഏതുജോലിയും ചെയ്യാനുള്ള മനസ്സുമായി ഇറങ്ങിയത്.
കാട് വയക്കൽ, കിളക്കൽ, ചെങ്കല്ല് കടത്തൽ തുടങ്ങി കോവിഡിനുശേഷം ഇവർ ഏർപ്പെടാത്ത തൊഴിലുകളില്ല. രാവിലെ തുടങ്ങിയാൽ പണി തീരുന്നതുവരെ തൊഴിൽ ചെയ്യുന്ന ഇവർക്ക് സമയക്രമമില്ല. കൂലി പറയില്ല എന്നതാണ് ശ്രദ്ധേയം.ഉടമസ്ഥൻ കൊടുക്കുന്നത് വാങ്ങും. പരസ്പരം വീതംവെച്ച ശേഷം വീട്ടിലേക്ക് പിരിയും.
നൽകിയ കൂലി അധികമെന്ന് തോന്നിയാൽ ആ തുക തിരിച്ചേൽപിച്ച സംഭവങ്ങളും നിരവധി. കേരളത്തെ പുതിയൊരു തൊഴിൽ സംസ്കാരം കൂടി പഠിപ്പിക്കുകയാണ് ഈ കൂട്ടുകാർ. ചെങ്കൽ ക്വാറികൾ അനേകമുള്ള കൊടക്കാട്ട് ചെങ്കല്ലുകൾ കെട്ടിടങ്ങളുടെ മുകളിലേക്ക് കയറ്റുന്ന ആയാസകരമായ തൊഴിലാണ് ഇവർ ഇപ്പോൾ ചെയ്യുന്നത്. യോഗ്യതക്കനുസരിച്ചുള്ള ജോലിക്കായി കാത്തുനിൽക്കാതെ പിടിച്ചുനിൽക്കാൻ ഏത് തൊഴിലും ചെയ്യാനുള്ള ചങ്കുറപ്പുണ്ടാകണമെന്നത് ജീവിതത്തിലൂടെ പഠിപ്പിക്കുകയുമാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.