ആ അച്ഛനമ്മമാരോട് കേരളം മാപ്പു പറയണം
text_fieldsദിവസങ്ങളായി നമ്മൾ ചർച്ച ചെയ്യുന്ന അനുപമയുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കാനാഗ്രഹിക്കുന്നു. നൊന്തുപ്രസവിച്ച അമ്മയുടെ, കുഞ്ഞിനെ വേണമെന്ന ആവശ്യത്തിനു മുന്നിൽ അനുപമക്കൊപ്പം മാത്രമേ ഏതൊരമ്മക്കും നിൽക്കാനാകൂ. ഇവിടെ നീറുന്ന ഹൃദയവുമായി കുഞ്ഞിനെ കൈമാറുന്ന ആന്ധ്ര ദമ്പതികൾ സമാനതകളില്ലാത്ത മാനസികാവസ്ഥയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. കൊച്ചു കുഞ്ഞിന് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിലും അതിെൻറ ഓരോ ഏങ്ങലിനും വലിയ ഭാരമുണ്ട്. ഈ വിഷയത്തിൽ അനുപമയെയോ അവരുടെ രക്ഷിതാക്കളെയോ കുറ്റപ്പെടുത്തുന്നവരോട് യോജിക്കാനാവില്ല.
ഈ നാട്ടിൽ ചില നിയമങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കീഴ്വഴക്കങ്ങളുമില്ലേ? സർക്കാറും ശിശുക്ഷേമ സമിതിയുമൊക്കെ ചെയ്ത മാപ്പർഹിക്കാത്ത കുറ്റങ്ങളാണ് ഇന്ന് ഒരുപാടു പേർക്ക് വേദന വരുത്തിവെച്ചിരിക്കുന്നത്. തികഞ്ഞ സൂക്ഷ്മതയോടെ, മാനുഷികതയോടെ പ്രവർത്തിക്കേണ്ട സമിതികളിൽ ഇഷ്ടക്കാരെ തിരുകിെവക്കുന്ന സർക്കാർ പതിവുകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണിവിടെ പല സർക്കാർ-അർധ സർക്കാർ പദവികളും. പദവി നൽകുന്ന വ്യക്തിയോടും പ്രസ്ഥാനത്തോടും നൂറുശതമാനം വിധേയരാകാമെന്ന് പ്രതിജ്ഞ ചെയ്ത്, ജനങ്ങളെ മറന്ന് സർക്കാർ വക ശമ്പളവും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നവർ ഏതു കാലത്തും നാടിനു ബാധ്യതയാണ്. നേരെ ചൊവ്വേ നിയമാനുസൃതം കാര്യങ്ങൾ നോക്കിക്കണ്ടു ചെയ്തിരുന്നെങ്കിൽ, തോരാത്ത കണ്ണുകളുമായി അനുപമയും ആന്ധ്ര ദമ്പതികളും ഇവിടെ നിൽക്കേണ്ടി വരുമായിരുന്നില്ല.
ശിശുക്ഷേമ സമിതിയും അതിെൻറ അമരത്തിരിക്കുന്നവരും അവരെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരും ഒരു കാര്യം ഓർത്തോളൂ- ഒന്നുമറിയാത്ത ആ കുഞ്ഞ് വളർന്നു വരും. പ്രായപൂർത്തിയാകുമ്പോൾ ആ കുഞ്ഞു ചോദിക്കുന്ന ആയിരം ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ നിങ്ങൾ ഉത്തരം മുട്ടുമെന്ന കാര്യം. ആ ആന്ധ്രയിലെ അമ്മ, അവർ പ്രസവിച്ചിെല്ലന്നേയുള്ളൂ, അവർ കണ്ട സ്വപ്നങ്ങൾ, അവരുടെ പ്രതീക്ഷകൾ... ഇതിനാരു സമാധാനം പറയും? ഈ ശിശുക്ഷേമ സമിതി വഴി ദത്തെടുത്ത എത്രയോ രക്ഷിതാക്കൾ ഇപ്പോൾ ഉറക്കമില്ലാത്ത രാവുകൾ തള്ളിനീക്കുകയാണ്, അവർ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന മക്കളെ തിരികെ കൊടുക്കേണ്ടി വരുമോയെന്നു ഭയന്ന്. അവരുടെ വേദനയെ നിരർഥകമായ പ്രസ്താവനകൾകൊണ്ട് നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയുമോ?
അനുപമക്ക് നീതി ഉറപ്പാക്കണം. ഒപ്പം കേരളം ആന്ധ്രയിലെ ആ അച്ഛനമ്മമാരോട് മാപ്പു പറയണം. ഇനിയൊരു കുഞ്ഞിനും മാതാപിതാക്കൾക്കും ഇത്തരമൊരു വിധിയുണ്ടാവരുത്. രാഷ്ട്രീയ താൽപര്യത്തിനു വഴങ്ങി കുട്ടികളെ അപഹരിക്കുകയും കടത്തുകയും ചെയ്യുന്ന ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സകല സംവിധാനങ്ങളുടെയും പ്രവർത്തനം സുതാര്യമാക്കാൻ ജനങ്ങളോരോരുത്തരും ജാഗ്രതയോടെയിരിക്കുക മാത്രമേ പോംവഴിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.