തൽക്കാലം പണം വേണ്ടെന്ന് ടാറ്റയും; നെക്സോൺ ഇ.വിയെ വീട്ടിലെത്തിക്കാൻ അവസരം
text_fieldsഅടുത്ത കാലത്താണ് വാഹനങ്ങൾ വാടകക്ക് നൽകുന്ന സമ്പ്രദായം മാരുതി സുസുക്കി ആരംഭിച്ചത്. ഇതേ വഴിയിൽ ടാറ്റയും പുതിയൊരു സബ്സ്ക്രിപ്ഷൻ പ്ലാനുമായി രംഗത്ത് വന്നിട്ടുണ്ട്.
തങ്ങളുടെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ നെക്സോൺ ഇ.വിയാണ് ടാറ്റ വാടകക്ക് നൽകുക. ഒറിക്സ് ഇന്ത്യ കമ്പനിയുമായി കൈകോർത്ത് അഞ്ച് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. നെക്സോൺ ഇ.വിയുടെ മധ്യനിര വേരിയൻറായ എക്സ് ഇസഡ് പ്ലസാണ് ഇത്തരത്തിൽ നൽകുന്നത്.
എന്താണീ സബ്ക്രിപ്ഷൻ പ്ലാൻ
ഡൽഹി, മുംബൈ, പുനെ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലാണ് പുതിയ പദ്ധതി നടപ്പാക്കുക. മൂന്നുതരം പ്ലാനുകൾ ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. 18 മാസം, രണ്ട് വർഷം, മൂന്ന് വർഷം എന്നിങ്ങനെ കാലയളവുകൾ നമ്മുക്ക് തെരഞ്ഞെടുക്കാം. വാഹനം വേണ്ടയാൾ ആദ്യം 50,000 രൂപ അടക്കണം. ഇത് തിരികെ ലഭിക്കുന്ന പണമാണ്.
18 മാസത്തിെൻറ പ്ലാൻ എടുക്കുന്നയാൾ 48,000 രൂപ വീതമാണ് അടയ്ക്കേണ്ടത്. രണ്ട് വർഷം തെരഞ്ഞെടുക്കുന്നവർ മാസം 45,000 രൂപയും മൂന്ന് വർഷം വേണ്ടവർ 42,000 രൂപയും അടയ്ക്കണം. വാഹനത്തോടൊപ്പം ചാർജർ സൗജന്യമാണ്. ഒരു മാസം 1500 കിലോമീറ്റർ സഞ്ചരിക്കാം. കൂടുതൽ സഞ്ചരിക്കുകയാണെങ്കിൽ ഒരു കിലോമീറ്ററിന് ഏഴ് രൂപവച്ച് നൽകേണ്ടിവരും.
വാഹനം 18 മാസം ഉപയോഗിച്ച് കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും തിരികെ നൽകാം. അതിനുമുമ്പ് തിരികെ ഏൽപ്പിക്കാനുള്ള വ്യവസ്ഥ തൽക്കാലമില്ല. ഒരു മാസത്തെ വാടകയാണ് ക്യാൻസലേഷൻ ഫീസിനത്തിൽ നൽകേണ്ടത്. ഉപയോഗിക്കുന്ന കാലയളവിൽ വാഹനം പണം കൊടുത്ത് വാങ്ങാനുമുള്ള സംവിധാനവും ഒറിക്സ് ഒരുക്കിയിട്ടുണ്ട്.
നെക്സോൺ ഇ.വിയുടെ പ്രത്യകതകൾ
30.2 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയോടുകൂടി വരുന്ന നെക്സോൺ ഇ.വി 129 എച്ച്.പി കരുത്തും 245 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന വാഹനമാണ്. ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 80 ശതമാനം ചാർജ് ഒരു മണിക്കൂർകൊണ്ട് നിറക്കാനാകും. എ.സി ചാർജർ ഉപയോഗിക്കുകയാണെങ്കിൽ എട്ട് മുതൽ 10 മണിക്കൂർവരെ ഫുൾ ചാർജ് ചെയ്യാൻ സമയമെടുക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.