പൈതൃക പദ്ധതിയിൽ സ്വപ്ന നഗരിയാകാനൊരുങ്ങി കിഴക്കിന്‍റെ വെനീസ്
text_fieldsതിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ(1745-1799) രൂപകൽപ്പന ചെയ്ത ആലപ്പുഴയെ 'കിഴക്കിെൻറ വെനീസ്' എന്ന വിശേഷണം നൽകി ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് കഴ്സൺ പ്രഭുവെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ജോർജ്ജ് നഥാനിയൽ കഴ്സനാണ്(1859-1925) .സുഗന്ധദ്രവ്യങ്ങളടക്കമുള്ള തിരുവിതാംകൂറിലെ വനവിഭവങ്ങൾ ഒരു കാലത്ത് കടൽകടന്നത് രാജ്യാന്തര പ്രശസ്തമായ ആലപ്പുഴ തുറമുഖം വഴിയായിരുന്നു.കൊച്ചി തുറമുഖത്തിെൻറ വരവോടെ കാലാന്തരത്തിൽ പ്രസക്തി നഷ‌്ടമായ ആലപ്പുഴ തുറമുഖത്ത് കയറ്റിറക്ക് പതിയെ നിലച്ചു. അവസാനമായി ഈ തുറമുഖത്ത് കപ്പലെത്തിയത് 1989 ലാണ്.
തനിമ നിലനിർത്തി പെരുമ സംരക്ഷിക്കുന്നതോടൊപ്പം പൗരാണികത തെല്ലും ചോരാതെ നഷ്ട പ്രതാപം വീണ്ടെടുത്ത് ഗതകാല പ്രൗഢി തിരിച്ച് പിടിക്കുവാൻ ലക്ഷ്യമിടുന്ന സംരഭമാണ് ആലപ്പുഴ പൈതൃക പദ്ധതി.ആലപ്പുഴയുടെ സാമ്പത്തിക സ്ഥിതി മാറ്റി മറിക്കുവാൻ പോന്ന ഇൗ സമഗ്ര വികസന പദ്ധതി വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.വിവിധ ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് രണ്ട് വർഷം മുമ്പ് തുടക്കമിട്ട് നിശബ്ദമായി മുന്നേറുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളം പ്രത്യേകിച്ചും ആലപ്പുഴ ലോക സാംസ്കാരിക ടൂറിസം രംഗത്ത് കൃത്യമായി അടയാളപ്പെടുത്തപ്പെടും.
അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ച 'കിഴക്കിെൻറ വെനീസ്' എന്ന ആലപ്പുഴ സന്ദര്‍ശിക്കുന്നതിനായി പ്രതിവർഷം അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകൾ വരുന്നുണ്ടെന്നാണ് കണക്ക്. വിദേശികളടക്കമുള്ള ഇവരിലധികവും വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് യാത്ര നടത്തി മടങ്ങുകയാണ് പതിവ്.കുറച്ച് പേർ ലൈറ്റ് ഹൗസും ബീച്ചും സന്ദർശിക്കും. സന്ദർശകരെ തൃപ്തിപ്പെടുത്തുന്നതിനായി കലവൂരിലെ കേന്ദ്ര കയർ മ്യൂസിയവും സ്വകാര്യ വ്യക്തിയുടെ മറ്റൊരു മ്യൂസിയവും മാത്രമെ ആലപ്പുഴയിലുള്ളൂ.കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ പുരാവസ്തുവകുപ്പിെൻറ മ്യൂസിയവും കരുമാടിയിലെ ബുദ്ധപ്രതിമയായ കരുമാടിക്കുട്ടനും അമ്പലപ്പുഴ ശ്രീകൃഷണ േക്ഷത്രവും അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസലിക്കയും പ്രത്യേക താൽപ്പര്യമുള്ളവർ സന്ദർശിച്ചെങ്കിലായി.വിനോദ സഞ്ചാരികൾക്ക് കാണാനായി മ്യൂസിയങ്ങളില്ലെന്ന കുറവ് പരിഹരിക്കുന്നതിനായി വിവിധമേഖലകളുമായി ബന്ധപ്പെട്ട തുറമുഖ,കയർ മ്യൂസിയങ്ങൾ അടക്കം 21 മ്യൂസിയങ്ങളാണ് പൈതൃക പദ്ധതിയിൽ ഒരുങ്ങുന്നത്.കടൽപ്പാല പുനരുദ്ധീകരണം,കനാൽ നവീകരണം പോലെ അഞ്ച് പൊതുവിടങ്ങളുടെ വികസനവും പദ്ധതിയിൽ വിഭാവന ചെയ്തിട്ടുണ്ട്.സർക്കാർ-സഹകരണ-സ്വകാര്യമേഖലകളിലടക്കം 11 പഴയ കെട്ടിടങ്ങളാണ് പുനരുദ്ധീകരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുകയോ പാടില്ലെന്ന കരാറിലാണ് പുതുക്കി പണിയുന്നത‌്.
(പഴയ കടൽപാലം, 1762ലെ ചിത്രം (പുരാവസ്തു ആർക്കൈവ്സ്))
സഞ്ചാരികളെ ആകർഷിക്കാൻ വ്യത്യസ്ത പദ്ധതികൾ
കായൽ യാത്രക്ക് എത്തുന്ന പതിനായിരങ്ങളിൽ പകുതിപേരെങ്കിലും ഒരു ദിവസം നഗരത്തിൽ തങ്ങുകയാണെങ്കില്‍ ആലപ്പുഴയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാകും.സമ്പന്നമായ ആലപ്പുഴയുടെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രം അനാവരണം ചെയ്യുന്ന ൈപതൃക പദ്ധതി അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കാൻ പോന്നതാണ്.രാജ്യത്തെ കൾച്ചറൽ ടൂറിസത്തിന് അത് വലിയൊരു മുതൽക്കൂട്ടാകും.കഴിഞ്ഞ കാലങ്ങളിൽ തീർത്തും ചൂഷണം ചെയ്യപ്പെടാതെ പോയ ഇത്തരമൊരു സാധ്യത സാക്ഷാൽക്കരിക്കുന്നതിെൻറ മുഴുവൻ അഭിനന്ദവും നഗരം സ്ഥിതി ചെയ്യുന്ന ആലപ്പുഴ,അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികളും മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്കിനും ജി.സുധാകരനും മാത്രം അവകാശപ്പെട്ടതാണ്.
(രാജാ കേശവദാസെൻറ ആലപ്പുഴ നഗരത്തിലെ പ്രതിമ)
2018 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇതിനോടകം തയ്യാറായ ബാക്കി പദ്ധതികൾ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.എന്നിരുന്നാലും ലക്ഷ്യമിട്ട ബ്രഹദ് പദ്ധതിയുടെ ചെറിയൊരു ഭാഗം മാത്രമെ ഇത് വരുന്നുള്ളൂ.എന്‍സൈക്ലോപീഡിയ പോലുള്ള ഭീമന്‍ മ്യൂസിയങ്ങള്‍ക്ക് പകരം ഓരോ വിഷയത്തേയും ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളാണ് പൈതൃക പദ്ധതി വിഭാവന ചെയ്യുന്നതെന്ന് മന്ത്രി ഡോ.തോമസ് ഐസക്ക് പറയുന്നു.ലിവിംഗ് മ്യൂസിയങ്ങൾ എന്ന സങ്കൽപ്പത്തിന് അർത്ഥം മ്യൂസിയമായി വേര്‍തിരിച്ചതിന് ശേഷവുള്ള ഇടങ്ങളില്‍ സാധാരണഗതിയിലുള്ള സാമൂഹിക സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങൾ നടക്കുകയെന്നതാണെന്ന് അദ്ദേഹം വിശദമാക്കി.
ആലപ്പുഴ തുറമുഖ മ്യൂസിയവും നവീകരിക്കുന്ന കടൽപ്പാലവും വിദേശരാജ്യങ്ങളിലെ നിർമ്മിതികളോട് കിടപിടിക്കുന്നതായിരിക്കും. നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമേയാകുന്നുള്ളൂവെന്ന് പദ്ധതിയുടെ കൺസർവേഷൻ കൺസൾട്ടൻറായ പ്രമുഖ ആർക്കിടെക്റ്റ് ഡോ.ബെന്നി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പഴയ പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് ഉപയോഗ ശൂന്യമായി കിടന്ന ഇരുപതിനായിരത്തോളം ചതുരശ്ര അടി വരുന്ന പഴയ ഗോഡൗണുകളുമാണ് പോർട്ട് മ്യൂസിയത്തിനായി പുനരുദ്ധീകരിച്ചത്.ഇതിനോട് ചേർന്ന് തുടക്കമിട്ട മിയാവാക്കി വനം കാടുകളില്ലാത്ത ആലപ്പുഴക്ക് പുതിയ അനുഭവമായിരിക്കും.
(നവീകരിച്ച ആലപ്പുഴയിലെ കനാൽ. ഫോട്ടോ: ബിമൽ തമ്പി)
മനോഹാരിത വീണ്ടെടുക്കുന്ന കനാലുകൾ
ആലപ്പുഴയുടെ മാത്രം സവിശേഷതയായ കനാലുകളെ പഴയ പോലെ മനോഹരമാക്കി മാറ്റുവാൻ കഴിയുമെന്ന് ആരും കരുതിയതേയില്ല.എത്ര നല്ല നടക്കാത്ത സ്വപ്നമെന്ന ഗണത്തിൽ ചേർക്കാവുന്ന ഈ പ്രവൃത്തിയുടെ പേരിൽ മുൻകാലങ്ങളിൽ കോടികളുടെ ഫണ്ട് വെട്ടിൽ മാത്രമാണ് നടന്നതെന്ന ആക്ഷേപം ശക്തമാണ്.അതിനാൽ തന്നെ നിലവിലുള്ള സൗന്ദര്യവൽക്കരണത്തെ ആദ്യമാരും കാര്യമാക്കിയില്ല.രോഗം പരത്തുന്ന മാലിന്യവാഹിനികളായി മാറിയ അവയെ പഴയ നിലയിൽ ജലയാനങ്ങൾക്ക് സുഗമമായി കടന്ന് പോകാൻ കഴിയുന്ന നീരൊഴുക്കുള്ളവയാക്കി മാറ്റുന്ന ഇറിഗേഷൻ വകുപ്പിെൻറ കീഴിലെ കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് കോർപ്പറേഷൻ നടത്തിയ നവീകരണം വൻവിജയകരമായിരുന്നു.മുംബൈ െഎ.ഐ.ടിയിലെ അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ പഠനത്തിെൻറ ശിപാർശകൾ മുൻ നിർത്തിയുള്ള ഇടപെടലുകൾ വിജയം കണ്ടു.
കുളവാഴകൾ നിറഞ്ഞ കെട്ടിക്കിടക്കുന്ന പഴയ കനാലുകൾക്ക് പകരം എയറേറ്റർ സംവിധാനം ഏർപ്പെടുത്തിയ കനാലുകളിൽ മത്സ്യസമ്പത്ത് തിരിച്ചു വരികയാണ്.'തോട് ഓടയല്ല'എന്ന സന്ദേശം നൽകി ഹോട്ടൽ മാലിന്യം കനാലുകളിലേക്ക് ഒഴുക്കുന്ന രീതി അവസാനിപ്പിച്ച് ആധുനിക മാലിന്യ ട്രീറ്റ്മെൻറ് പ്ളാൻറും ഒരുങ്ങുന്നു.
നവീകരിക്കുന്ന 24 കിലോ മീറ്റർ കനാലുകളുടെ സംരക്ഷണ ചുമതലയും 'ആലപ്പുഴ പൈതൃക പദ്ധതി'യുടെ നിർവഹണം വഹിക്കുന്ന മുസരീസ് സ്പൈസ് റൂട്ട് ഹെരിറ്റേജ് പ്രോജക്റ്റിനാണ്.അന്തരീക്ഷ മലിനീകരണമില്ലാത്ത ഇലക്ട്രിക്ക് ബോട്ടുകൾ സഞ്ചാരികൾക്കായി ഒരുങ്ങുന്നത്.മനോഹര വൃക്ഷങ്ങൾ തണൽ വീരിക്കുന്ന തീരങ്ങളിൽ സൈക്കിളിങ്ങ് ട്രാക്കുകളുണ്ടാകും.ആകർഷകമായ വൈദ്യുതി വിളക്കുകൾക്ക് കീഴെ വിശ്രമിക്കാനായി ഇരിപ്പടങ്ങളുണ്ടാകും.നഗരം വീണ്ടെടുക്കുന്ന പഴമയെ നിലനിർത്തി കൊണ്ടു പോകാൻ കഴിയുന്ന വിധത്തിലാണ് മുസരീസ് പ്രോജക്റ്റിെൻറ ഘടനയെന്ന് മാനേജിങ്ങ് ഡയറക്ടർ പി.എം.നൗഷാദ് വ്യക്തമാക്കി.കനാലുകളുടെ നവീകരണത്തിനും നഗര ശുചിത്വത്തിനുമായി 150 കോടിയാണ് ചെലവിടുന്നത്.നഗര റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും കനാല്‍ കരകളിലെ നടപ്പാതക്കും സൈക്കിള്‍ ട്രാക്കിനുമൊക്കെയായി 800 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
(ധനമന്ത്രി തോമസ് ഐസക് തോമസ്)
വിഞ്ജാനം പകരുന്ന അതിശയ മ്യൂസിയങ്ങള്‍
കയര്‍ യാൺ, കയർ ചരിത്രം, ലിവിങ് മ്യൂസിയം ഉൾപ്പെടെ വിവിധമേഖലകളുമായി ബന്ധപ്പെട്ട 21 മ്യൂസിയങ്ങളാണ് ആലപ്പുഴയിൽ തയ്യാറാകുന്നത്.കേരള സ‌്റ്റേറ്റ് കയർ കോർപറേഷനിലെ ലിവിംഗ് മ്യൂസിയത്തിൽ കയർ ഉൽപ്പന്നങ്ങളുടെ നിർമാണം നേരിൽ മനസിലാക്കാം. എല്ലാത്തരം കയർ ഉൽപ്പന്നങ്ങളും നിർമിക്കുന്ന തറികളും മ്യൂസിയത്തിലുണ്ടാകും. സർക്കാർ ഏറ്റെടുത്ത് പൊതുമേഖല കയർ ഫാക‌്ടറിയാക്കിയ നൂറ്റാണ്ട‌് പഴക്കമുള്ള ബോംബെ കമ്പനിയെന്ന വൻകിട കയർഫാക‌്ടറിയിലാണ‌് കയര്‍ സാങ്കേതികവിദ്യയുടെ പരിണാമത്തെ സംബന്ധിച്ചുള്ള മ്യൂസിയം.മുന്നിൽ കയർ എമ്പോറിയവും ഒരുക്കുന്നുണ്ട്.
പ്രത്യേക കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലിൽ നിർമിച്ച ഭിത്തികളും തടിത്തൂണുകൾ ഉൾപ്പെടെയുള്ള പഴയ മര നിർമ്മിതികളും ചേർന്ന് പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളുടെ സമുച്ചയമായ ന്യൂമോഡൽ സൊസൈറ്റി സന്ദർശകർക്ക് പ്രിയകരമാകും. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുത്തിരുന്ന 'വാൾക്കോട്ട് കയർ കമ്പനി' പ്രവര്‍ത്തനം നിലച്ചപ്പോൾ തൊഴിലാളികളുടെ സഹകരണസംഘം ഏറ്റെടുക്കുകയായിരുന്നു. നവീകരിക്കുന്ന ഇവിടുത്തെ പുരാതന കെട്ടിടങ്ങളിൽ ഒരുങ്ങുന്ന കയര്‍ വ്യവസായ ചരിത്ര മ്യൂസിയത്തിൽ ആലപ്പുഴയിെല തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളുണ്ടാകും.
സർക്കാർ എറ്റെടുത്ത് 'കയർഫെഡ്' പ്രവർത്തിക്കുന്ന ചരിത്രമുറങ്ങുന്ന ഡാറാസ്മെയിൽ കെട്ടിടത്തിലായിരിക്കും കയർ യാൺ മ്യൂസിയം. അയർലൻഡുകാരായ ജെയിംസ് ഡാറ, ഹെൻടിസ്‌മെയിൽ എന്നീ വ്യവസായികൾ 1859 ൽ ആലപ്പുഴയിലെത്തി ചകിരിയും കയറും ഉപയോഗിച്ച് തടുക്കും പായകളും ഉണ്ടാക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആലപ്പുഴയുടെ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. അവർ രൂപകൽപ്പന ചെയ്ത് തറിയിൽ ആരംഭിച്ച ഡാറാസ്‌മെയിൽ കയർ കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്‌ടറി.
(പഴയ തുറമുഖ ഗോഡൗൺ കാടു പിടിച്ച നിലയിൽ, ഇത് മ്യൂസിയത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ചിത്രം: ബിമൽ തമ്പി)
ഗാന്ധി മ്യൂസിയവും ഗുജറാത്തി പൈതൃക മ്യൂസിയവും
ആലപ്പുഴ പട്ടണത്തിലെ ഗതാഗതസ്മരണകൾ ഉണർത്തുന്ന പഴയ ഗുജറാത്തി സ്ട്രീറ്റും പരിസര പ്രദേശങ്ങളും ചേര്‍ത്ത് 'ഡൗണ്‍ ദ മെമ്മറി ലേയ്ന്‍' എന്ന തെരുവ് കാഴ്ച വിനോദ സഞ്ചാരികൾ നെഞ്ചേറ്റുമെന്നതിൽ സംശയം വേണ്ട. ഒപ്പം ഗുജറാത്ത് ഹെരിറ്റേജ് സെൻററും ഗുജറാത്തി ബിസിനസ് ഹിസ്റ്ററി മ്യൂസിയവുമൊക്കൊ വിനോദ സഞ്ചാരികളെ പ്രത്യേകിച്ചും ഉത്തേരന്ത്യയിൽ നിന്നുള്ളവരെ ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.ഗുജറാത്തികളുടെ സംസ‌്കാരവും ഭക്ഷണരീതികളും അടുത്തറിയാൻ മ്യൂസിയം അവസരമൊരുക്കും.
ഇന്ത്യയിലെ പ്രമുഖ ഗാന്ധി മ്യൂസിയങ്ങളുടെ സഹായത്തോടെ രാഷ്ട്രപിതാവിെൻറ ജീവിതത്തിലെ വിവരങ്ങൾ വിശദമാക്കുന്ന ഗാന്ധി മ്യൂസിയമാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം.കൊമേഴ്സ്യൽ കനാലിെൻറ തീരത്തെ പഴയ മധുര കമ്പനിയുടെ നാശോന്മുഖമായ േഗാഡൗൺ കയർഫെഡിൽ നിന്നും ഏറ്റെടുത്താണ് ഗാന്ധിമ്യൂസിയമാക്കുന്നത്.റിച്ചാർഡ് ആറ്റൺ ബറോ സംവിധാനം ചെയ്ത വിശ്വ പ്രസിദ്ധമായ ഗാന്ധി സിനിമയുടെ പ്രദർശനം എല്ലാ ദിവസവും ഒരുക്കും.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മറ്റൊരു മ്യൂസിയവും പദ്ധതിയിലുണ്ട്.
ആലപ്പുഴയിലെ ജൈനക്ഷേത്രവും പൈതൃക പദ്ധതിയുടെ ഭാഗമാണ്.നഗരത്തിലെ ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം സമുദായങ്ങളുടെ ആരാധനാലയങ്ങളും പദ്ധതിയുടെ ഭാഗമായി മാറ്റുവാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സ്മരണക്കായി കൊച്ചിരൂപത സ്ഥാപിച്ച ലിയോ തേർടീൻത് സ്കൂൾ നവീകരിച്ച് മ്യൂസിയമായി സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി.എസ്.ഡി.വി. സ്കൂളിലെ വിദ്യാഭ്യാസ മ്യൂസിയം, കൊട്ടാരം ആശുപത്രിയിലെ ആരോഗ്യ മ്യൂസിയം,സ്പൈസസ് മ്യൂസിയം തുടങ്ങിയവയും 'പൈപ്പ്ലൈനി'ലുള്ളവയാണ്.
(രാജാ കേശവദാസൻ)
പുതിയ തുറമുഖ മ്യൂസിയവും നവീകരിച്ച കടൽപ്പാലവും
ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധീകരിക്കുന്നതിനുള്ള സമഗ്ര പരിപാടിയിലെ പ്രധാന ഭാഗമാണ് തുറമുഖ മ്യൂസിയം. ഈ മ്യൂസിയം ആലപ്പുഴയിലെ തുറമുഖങ്ങളെ കുറിച്ച് മാത്രമല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.കേരളത്തിെൻറ അതിസമ്പന്നമായ തീര പ്രദേശത്തിേൻറയും വിപുലമായ സമുദ്ര വ്യാപാര പാരമ്പര്യത്തിേൻറയും പശ്ചാത്തലത്തിലായിരിക്കും തുറമുഖ മ്യൂസിയത്തിന്‍റെ തുടക്കം.ആഗോള വ്യാപാരത്തില്‍ മലബാര്‍ തീരത്തിന് പുരാതനകാലം മുതല്‍ സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ചൈന, അറബിരാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഇവിടങ്ങളിലെത്തിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.14-ാം നൂറ്റാണ്ടിലുണ്ടായ വെള്ളപൊക്കത്തില്‍ മുസിരിസ് അടഞ്ഞു. രണ്ട് ഡസനിലേറെ ചെറുതും വലുതുമായ തുറമുഖങ്ങള്‍ വിവിധ കാലയളവില്‍ മലബാര്‍ തീരത്ത് പ്രവര്‍ത്തിക്കുകയുണ്ടായി.അക്കാലത്തെ ആലപ്പുഴ പ്രദേശത്ത് പ്രമുഖ തുറമുഖങ്ങള്‍ അര്‍ത്തുങ്കലും, പുറക്കാടുമായിരുന്നു. ആലപ്പുഴ തുറമുഖം 18-ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് പിറവിയെടുക്കുന്നത്. തിരു-കൊച്ചി സംയോജനത്തെ തുടര്‍ന്ന് വിദേശ വ്യാപാരം കൊച്ചിയിലേക്ക് കേന്ദ്രീകരിച്ചു. ആലപ്പുഴ വഴി അന്ന് റെയില്‍വേ ഇല്ലാതിരുന്നതും തിരിച്ചടിയായി. അവസാനമായി ഒരു കപ്പല്‍ തുറമുഖത്തെത്തിയത്1989 ലാണ് .പിന്നീട് കടല്‍പാലവും റയിലുകളും, അനുബന്ധമായ ഗോഡൗണുകളും ക്രമേണ ക്ഷയിച്ച് ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ് പൈതൃക പദ്ധതി േശഷിക്കുന്നവയെ വീണ്ടെടുക്കുന്നത്.
19 നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ മരം കൊണ്ട് നിർമ്മിച്ച കടല്‍പാലം പിന്നീട് ഇരുമ്പ് തൂണുകള്‍ കൊണ്ടുള്ളതിന് വഴിമാറി.ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം ചരക്ക് നീക്കത്തിന്‍റെ റയില്‍ പാളങ്ങളും റയിലുകളും വന്നു. 1862ലാണ് ലൈറ്റ് ഹൗസ് സ്ഥാപിതമായി.രാജഭരണ കാലത്ത് പ്രവർത്തനം ആരംഭിച്ച സിഗ്നലിങ്ങ് സ്റ്റേഷൻ അടക്കമുള്ള സാങ്കേതിക പുരോഗതിയുടെ വിശദമായ ചിത്രം മാരിടൈം സിഗ്നൽ മ്യൂസിയത്തിലൂടെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും.
(ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ജോർജ്ജ് നഥാനിയൽ കഴ്സൻ)
കടൽപ്പാല നവീകരണത്തിൽ പഴയ തൂണുകൾ അതേപടി നിലനിര്‍ത്തും. കടല്‍പാലത്തിന്‍റെ ഭാരം പുതിയതായി സ്ഥാപിക്കുന്ന തൂണുകളിൽ നിലനിർത്തും. നിശ്ചിത ഫീസ് നൽകി മാത്രം പ്രവേശ ിക്കുവാൻ കഴിയുന്ന അവിടെ ഭക്ഷണ ശാല സ്ഥാപിക്കാനും ആലോചനയുണ്ട്. ചെറിയ പായ്ക്കപ്പലുകള്‍ക്ക് അടുക്കുന്നതിനുള്ള സൗകര്യവും കൂടി ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് രൂപകൽപ്പന.
കടല്‍പ്പാല പുനര്‍ നിര്‍മ്മാണം പോര്‍ട്ട് മ്യൂസിയത്തോട് ബന്ധപ്പെടുത്തിയുള്ളതിനാൽ ആലപ്പുഴ ബീച്ചും കടല്‍പാലവുമായി ബന്ധപ്പെടുത്തി പുറത്ത് വന്ന സിനിമകളിലെ പ്രസക്തഭാഗങ്ങള്‍ തുടര്‍ച്ചയായി ഒരു മുറിയില്‍ പ്രദര്‍ശിപ്പിക്കും.മ്യൂസിയങ്ങളെല്ലാം നാൽപ്പത്തഞ്ചോളം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 'സ‌്പൈസസ് റൂട്ട്' പദ്ധതിയുടെ ഭാഗമാക്കുന്നതോടെ മൂല്യവർദ്ധിത സാധ്യതകൾ തുറന്ന് കിട്ടും. നെതർലാൻഡ‌്, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ വിജയമാണ്.
തുറമുഖ മ്യൂസിയത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഇനം ആലപ്പുഴയില്‍ എത്തിയിരുന്ന കപ്പലുകളുടെ മാതൃകകളുടെ പ്രദര്‍ശനമായിരിക്കും. അറബി ഉരുകള്‍ ,പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ് കപ്പലുകള്‍, അര്‍ദ്ധ സ്റ്റീമര്‍ കപ്പലുകള്‍, ആധുനിക സ്റ്റീമര്‍ കപ്പലുകള്‍ ഇവയുടെയെല്ലാം മാതൃകകള്‍ പ്രദര്‍ശിപ്പിക്കും.
(പോർട്ട് മ്യൂസിയവും മിയാവാക്കി വനവും. ഫോട്ടോ: ബിമൽ തമ്പി)
ആലപ്പുഴ തുറമുഖ മ്യൂസിയത്തിലേക്ക് ഇന്ത്യൻ നേവൽ ഫാസ്‌റ്റ് അറ്റാക്ക് ക്രാഫ്റ്റ് ടി 81 എന്ന കപ്പൽ ഇതിനോടകം നാവികസേന അനുവദിച്ചു.മുംബൈയിലുള്ള കപ്പൽ സതേൺ നേവൽ കമാൻഡിന് ഉടൻ കൈമാറി ആലപ്പുഴയിൽ മ്യൂസിയത്തിനു മുന്നിൽ എത്തിക്കും.
1999 ജൂൺ അഞ്ചിന് കമീഷൻ ചെയ്‌ത കപ്പലിന് 25 മീറ്റർ നീളവും ബീം വീതി അഞ്ച് മീറ്ററുമുണ്ട്. 60 ടൺ കപ്പലായ ഫാസ്‌റ്റ് അറ്റാക്ക് ക്രാഫ്റ്റ് ടി 81 നാൽപത് നോട്ട് വേഗതയിൽ സഞ്ചരിക്കും. നിരീക്ഷണം, ശത്രുസങ്കേതപരിശോധന, രക്ഷാപ്രവർത്തനം, ഹൈസ്‌പീഡ് ഇൻറർസെപ്ഷൻ എന്നിവക്കാണ് കപ്പൽ ഉപയോഗപ്പെടുത്തുന്നത്. നീലയും കറുപ്പും ചേർന്ന കടൽക്കുതിരയുടേതാണ് കപ്പലിെൻറ മുദ്ര. ഫസ്‌റ്റ്, ഫാസ്‌റ്റ്, ഫിയർലെസ് എന്നാണ് കപ്പലിന്റെ മുദ്രാവാക്യം. മ്യൂസിയത്തിൽ ഇന്ത്യൻ നേവിക്കായി ഒരു പ്രത്യേക ഭാഗമുണ്ടാകും. ഇപ്പോൾതന്നെ കൊച്ചി നാവിക ആസ്ഥാനത്തുള്ള ചില വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും അതിലേക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് കപ്പലിന്‍റെ സൗകര്യങ്ങളും രീതികളും പരിചയപ്പെടുത്തുന്നതിന് പഴയ ഒരു കപ്പല്‍ കടല്‍ പാലത്തിനടുത്തായി സ്ഥിരമായി നങ്കൂരമിട്ട് പ്രദര്‍ശനത്തിന്‍റെ ഭാഗമാക്കും. സന്ദര്‍ശകരില്‍ നല്ലൊരു പങ്കും വിദ്യാർത്ഥികളായിരിക്കുമെന്നതിനാൽ പ്രദര്‍ശനത്തിന് പുറമേ സിഗ്നലിംഗ്, മാപ്പ് റീഡിംഗ്, കപ്പല്‍ ഉപകരണങ്ങളുടെ ഉപയോഗിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കും. തുറമുഖത്തോട് ചേര്‍ന്നുള്ള കനാല്‍ ഭാഗത്ത് ചെറിയ കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനുമുള്ള തുഴവഞ്ചികളും ചെറുപായ നൗകകളും ഉണ്ടാകും. ഇതിന് പുറെമെയുള്ള ബോട്ട് മ്യൂസിയത്തിൽ ആലപ്പുഴയില്‍ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യ ബന്ധന യാനങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും പ്രദർശിപ്പിക്കും.
(മുസരീസ് ഹെരിറ്റേജ് പ്രോജക്റ്റ് മാനേജിങ്ങ് ഡയറക്ടർ പി.എം നൗഷാദ്)
സാംസ്കാരിക സമന്വയം വിളിച്ചോതുന്ന ആലപ്പുഴയിലെ വർത്തക സമൂഹം
വിവിധ ദേശക്കാരും ഭാഷക്കാരുമായവർ എങ്ങനെയാണ് ആലപ്പുഴ പട്ടണത്തില്‍ സമന്വയിച്ച് പുതിയൊരു നഗര സംസ്കാരത്തിന് രൂപം നല്‍കിയെന്നത് വർത്തമാന കാല സാമൂഹിക സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഒരു അന്വേഷണ വിഷയമായി മാറേണ്ടതുണ്ട്.അതിനുള്ള കൃത്യമായ ഉത്തരം നൽകും വിധത്തിലാണ് പൈതൃക പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.ആലപ്പുഴയിലെ വ്യാപാരി വ്യവസായികളില്‍ പ്രമുഖരെല്ലാം തന്നെ കേരളത്തിന് വെളിയിൽ നിന്നും പലകാലഘട്ടങ്ങളിലായി എത്തിയവരാണ്.ഇംഗ്ലീഷ് കമ്പനികള്‍ കയര്‍ വ്യവസായത്തിലും കയറ്റുമതി ഇറക്കുമതിയിലും വാണിജ്യത്തിലും മേധാവിത്വം പുലര്‍ത്തി.സഞ്ചാര പ്രിയരും വാണിജ്യ തൽപ്പരുമായ അറബികളും ഒരു കാലത്ത് ആലപ്പുഴയിൽ സജീവമായിരുന്നു. അരി, പുകയില, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയില്‍ ഗുജറാത്തികള്‍ മേൽക്കൈ നേടി. ഇതിനുപുറമെ റെഡ്യാര്‍, ചെട്ടിയാര്‍, ഗൗഡസാരസ്വത ബ്രാഹ്മണർ, തമിഴ് ബ്രാഹ്മണര്‍, വെള്ളാളര്‍, കച്ചി മേമന്‍, ഹലായി മേമന്‍ എന്നിങ്ങനെ ഒട്ടനവധി സമുദായങ്ങളിലെ പ്രമുഖര്‍ ആലപ്പുഴയിലെ വാണിജ്യമേഖയില്‍ സജീവമായിരുന്നു. 1850ൽ രാജാ കേശവദാസൻ അനുവദിച്ച കൊമേഴ്സ്യൽ കനാലിെൻറ വടക്കേ തീരത്തെ സ്ഥലത്ത് നിർമ്മിക്കപ്പെട്ട ഹലായി മേമൻ സമുദായക്കാരുടെ ചിമ്മിനി മിനാരങ്ങളുള്ള ഷൗക്കാർ മസ്ജിദ് തനിമ നിലനിർത്തി നവീകരണം പൂർത്തിയാക്കി.മറ്റൊരു പ്രധാന മുസ്ലീം ആരാധനാലയമായ മഖാം മസ്ജിദ് എക്സിബിഷൻ ഹാൾ അടക്കം അതിമനോഹരമായി പുനരുദ്ധീകരിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് തദ്ദേശീയരായ വ്യാപാരി വ്യവസായികള്‍ മുന്‍പന്തിയിലേക്ക് വന്നത് . തച്ചന്‍ മാത്തു തരകനെന്ന വർത്തക പ്രമാണി ഇതിൽ പ്രധാനിയാണ്. രാജകേശവദാസിന്‍റെ ക്ഷണമനുസരിച്ച് ആലപ്പുഴയിലേക്ക് കുടിയേറിയ നവറോജിയെ പോലുള്ള വര്‍ത്തക പ്രമുഖരും ആലപ്പുഴയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. കൊച്ചിയില്‍ നിന്നും ഇംഗ്ലീഷ്, ജൂത കച്ചവടക്കാരും ആലപ്പുഴയിലെത്തി. ഇവരെക്കുറിച്ചെല്ലാം ആലപ്പുഴ തുറമുഖ പട്ടണത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെടുത്തി പൈതൃക പദ്ധതി മ്യൂസിയത്തിൽ വിശദീകരിക്കും.യൂറോപ്യരുടെ മേധാവിത്വത്തിലായിരുന്നു ട്രാവന്‍കൂര്‍ ചേംമ്പറിലെ തദ്ദേശീയ സാന്നിദ്ധ്യമായ ആലപ്പി കമ്പനി ഉടമ കെ.സി. കരുണാകരനെ പോലുള്ള പ്രമുഖരെ അനുസ്മരിക്കുവാനുള്ള പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നു.
(ഡോ. ബെന്നി കുര്യാക്കോസ്)
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ്സ് യാഥാർത്ഥ്യമായതിന് പുറമെ നിർമ്മാണം ആരംഭിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയും കെ.എസ്.ആര്‍.ടി.സി സ്റ്റാൻറും ബോട്ട് ജെട്ടിയും കേന്ദ്രീകരിച്ചുള്ള 500 കോടിയുടെ നിർദ്ദിഷ്ട ആലപ്പുഴ മൊബിലിറ്റി ഹബ്ബ് പദ്ധതിയും പള്ളാത്തുരുത്തി- കലവൂർ ബൈപ്പാസും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടിയാകുേമ്പാൾ ഒരു കാര്യ നിസംശയം പറയാം. ആലപ്പുഴ ഇനി പഴയ ആലപ്പുഴയായിരിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.