Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഎന്താണ് നമ്മുടെ ഓൺലൈൻ...

എന്താണ് നമ്മുടെ ഓൺലൈൻ വിദ്യാഭ്യാസ നയം ?

text_fields
bookmark_border
എന്താണ് നമ്മുടെ ഓൺലൈൻ വിദ്യാഭ്യാസ നയം ?
cancel

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ലോകത്ത് എല്ലായിടത്തും വിദ്യാഭ്യാസ സ്​ഥാപനങ്ങളും വിദ്യാർഥികളും നേരിട്ട പ്രതിസന്ധികളും അത് തരണം ചെയ്യാനുപയോഗിച്ച മാർഗങ്ങളും ഏതാണ്ട് സമാനമാണ്. ഇൻ്റർനെറ്റിെൻ്റ സാധ്യത ഉപയോഗിച്ച് ഓൺലൈനായും അല്ലാതെയുമുള്ള പഠനരീതികളും മറ്റും ലോകത്ത് വ്യാപകമായി കഴിഞ്ഞു.

കോവിഡ് വ്യാപനത്തിന് മുൻപുള്ള കാലങ്ങളിൽ ചുരുക്കം ചില ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങൾ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് വിദ്യാഭ്യാസ വിനിമയത്തിന് ശ്രമിച്ചിരുന്നത്. മസാച്യുസെറ്റ്സ്​ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ളവ അതിൽ ഏറെ മുന്നിലായിരുന്നു. ഇന്ത്യയിൽ ഇഗ്നോ പോലുള്ള സമാന്തര വിദ്യാഭ്യാസ സ്​ഥാപനങ്ങളും മദ്രാസ്​ ഐ.ഐ.ടി പോലുള്ള മുൻനിര സ്​ഥാപനങ്ങളും ഇത്തരം ശ്രമങ്ങളിൽ വിജയിച്ചിരുന്നു.


ഡിജിറ്റൽ സ്​കൂളിങ്, സ്​മാർട്ട് സ്​കൂൾ തുടങ്ങിയ പദങ്ങൾ മലയാളികൾക്ക് സുപരിചിതമാണ്. സർക്കാർ, എയ്ഡഡ് സ്​കൂളുകൾക്ക് സർക്കാർ നൽകുന്ന സാങ്കേതിക വിദ്യകൾക്ക് ലഭിക്കുന്ന പൊതുജന സ്വീകാര്യത ഇത്തരം ശ്രമങ്ങളെ പ്രധാനപ്പെട്ട വാർത്തകളായി നിലനിർത്തുന്നു. സ്​മാർട്ട് ക്ലാസ്സ്റൂമുകൾ എന്നത് എന്താണെന്ന് പൊതുജനങ്ങൾക്ക് വിശദീകരിക്കേണ്ട അവശ്യമില്ലാത്തത്രയും സ്വീകാര്യത അതിന് ലഭിച്ചിരിക്കുന്നു.

സ്​കൂളുകളുടെ അടിസ്​ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. കരിക്കുലത്തിന്‍റെ കാര്യത്തിലും കേരളം പിറകിലല്ല എന്നത് സർവരും അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ സ്​മാർട്ട് ക്ലാസ്​റൂമുകളും ഡിജിറ്റലൈസേഷനും അനിവാര്യതയായ ഈ കാലഘട്ടത്തിൽ കേരളം എവിടെ നിൽക്കുന്നു എന്നത് പുനഃപരിശോധനക്കും സ്വയം വിമർശനത്തിനും വിധേയമാക്കേണ്ട ഒരു വിഷയമാണ്.



കേരളത്തിൽ 56 ശതമാനം ആളുകളിലും ഇന്‍റർനെറ്റ്​ ലഭ്യതയുണ്ട് എന്നാണ് അടുത്തിടെ വന്ന കണക്കുകൾ സൂചിപ്പിക്കുന്നത് ( IAMAI report , India internet 2019). ദേശീയ തലസ്​ഥാന നഗരമായ ഡൽഹി മാത്രമാണ് ഇക്കാര്യത്തിൽ കേരളത്തിെൻ്റ മുൻപിൽ ഉള്ളത് 69 ശതമാനം സാങ്കേതിക വിദ്യ പ്രാപ്യമായവരും (digital haves) പ്രാപ്യമല്ലാത്തവരും ( digital have-nots) തമ്മിലുള്ള അന്തരം ഒരു വശത്ത് ഒരു വലിയ സാമൂഹിക പ്രശ്നമായി നിലകൊള്ളുമ്പോൾത്തന്നെ , ഇത്തരം സാങ്കേതിക വിദ്യകളുപയോഗിച്ച് നൽകുന്ന പാഠഭാഗങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്​തമായ നയം നമുക്കുണ്ടാവേണ്ടതുണ്ട്.

കോവിഡ് പ്രതിസന്ധി ഒരു താൽകാലിക പ്രശ്നമായി കണ്ട് നാം തുടങ്ങിയ വിദ്യാഭ്യാസ രീതികൾ ഒരു തിരിച്ചുപോക്ക് അസാധ്യമായ അവസ്​ഥയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ച് കേരളത്തിൽ മാത്രം നിരവധി ട്യൂഷൻ ആപ്ലിക്കേഷനുകളും മറ്റും ഇതിനകം നിലവിൽ വന്നു കഴിഞ്ഞു. വലിയ മുതൽമുടക്കിൽ അന്താരാഷ്ട്ര കമ്പനികളുമായി ഇടപാടുകളുള്ള ആപ്ലിക്കേഷനുകൾ മുതൽ പ്രാദേശിക സംരംഭങ്ങൾ വരെ അവയിൽ ഉൾപ്പെടുന്നു. മത്സര പരീക്ഷകൾക്ക് നേരത്തെ തന്നെ ഉണ്ടായിരുന്ന ആപ്ലിക്കേഷനുകൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ കോവിഡാനന്തരം മത്സരപരീക്ഷ പരിശീലനങ്ങൾ കൂടുതലും ഓൺലൈനായി മാറിയിരിക്കുന്നു. ഇക്കാരണത്താൽ തന്നെ സർക്കാറിന് ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ നയ നിലപാടുകൾ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യയിൽ ആദ്യത്തെ 'വെർച്വൽ സ്​കൂൾ' എന്ന സംരംഭം ആരംഭിച്ചതും കേരളത്തിലാണ്. വിക്ടേഴ്സ്​ ചാനൽ വഴിയും മറ്റും സർക്കാർ നൽകുന്ന ക്ലാസ്സുകളുടെ ഘടനയും മറ്റും ഇത്തരം സ്വകാര്യ സംരംഭങ്ങളോട് തട്ടിച്ചു നോക്കേണ്ടത് വളരെ പ്രധാനമാണ്



കേവലം ക്ലാസ്​മുറികളുടെ ദൃശ്യവിഷ്കാരം മാത്രമല്ല വേണ്ടത് എന്നത് സുപ്രധാനമായ ഒരു കാര്യം തന്നെയാണ്. ക്ലാസ്​ മുറികളിൽ ഉപയോഗിക്കുന്ന പഠന സഹായ സാമഗ്രികൾക്കപ്പുറത്ത് വെർച്വൽ സ്​പേസ്​ സാധ്യമാക്കുന്ന അപ്ലിക്കേഷൻ പോലുള്ള സാങ്കേതിക വിദ്യകൾ വേണ്ടിടത്ത് വേണ്ടപോലെ ഉപയോഗിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. അനിമേഷൻ കാർട്ടൂണുകളുടെയും , വിർച്വൽ റിയാലിറ്റിയുടെയും ഓഗ്​മെന്‍റഡ്​ റിയാലിറ്റിയുടെയും ലോകത്ത് ജീവിക്കുന്ന നമ്മുടെ കുട്ടികൾക്ക് പറവയോ ചാർട്ടോ മരക്കൊമ്പോ എടുത്ത് കാണിച്ചാൽ മതിയോ എന്നതാണ് ചോദ്യം. പവർപോയിന്‍റ്​ പ്രസ​േന്‍റഷൻ മിന്നിമറയുന്ന അക്ഷരങ്ങൾക്കും അപ്പുറത്ത് പുതിയ സമീപനം ഉണ്ടാവുക എന്നത് അനിവാര്യമാണ്.

സാങ്കേതിക ഉപകരണങ്ങൾ ഉണ്ടായിട്ടും അത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ എത്ര അധ്യാപകർ പ്രാപ്തരാണ് എന്നതും നാം സ്വയം വിലയിരുത്തേണ്ട ഒന്നാണ്. സ്​മാർട്ട് ക്ലാസ്സ്റൂമുകൾ എന്നത് ഒരു െപ്രാജക്ടറും രണ്ട് സ്​പീക്കറും അടങ്ങുന്ന സാങ്കേതിക വിദ്യ എന്നത് മാത്രമല്ല. അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് കൂടി പരിശോധിക്കപ്പെടുകയും കരിക്കുലം അതിനനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യേണ്ടതുമുണ്ട്. വിദ്യാഭ്യാസ ബോർഡിനും ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും കൃത്യവും വ്യകതവുമായ ഓൺലൈൻ പഠന പോളിസി ഉണ്ടാക്കിയാലേ അത് സാധ്യമാകൂ.



ഓൺലൈൻ പഠനത്തിന്‍റെ മറ്റൊരു സാധ്യത ഇന്‍റർനെറ്റിന്‍റെ അനന്തതയാണ്. അനന്തമായ വിവരങ്ങളുടെ ശേഖരങ്ങൾ കണ്ടെത്തുകയും കൃത്യമായി കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. ഓരോ വിജ്ഞാന ശാഖകളെ കുറിച്ചും ഏറ്റവും ആധികാരികമായി പറയാൻ പ്രാപ്തരായ വിവിധ അധ്യാപകരുടെ ക്ലാസ്സുകൾ , മറ്റു ഡോകുമെന്‍ററികൾ തുടങ്ങിയ പഠനോപാധികൾ ഇന്‍റർനെറ്റിൽ ലഭ്യമാണ്. ഇത്തരം പഠനോപാധികൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്നത് ഓൺലൈൻ പഠനരീതിയിൽ അനായാസം സാധ്യമാണ്. ചില സിദ്ധാന്തങ്ങൾ അതിന്‍റെ ഉപജ്ഞാതാക്കളിൽ നിന്ന് തന്നെ കേൾക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ലോകത്ത് ഉന്നത നിലവാരം പുലർത്തുന്ന സർവകലാശാലകളിലെ അധ്യാപകരുടെ ക്ലാസ്സുകൾ കേൾക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. അധ്യാപക പരിശീലന കോഴ്സുകളിൽ കൂടി ഇത്തരം കരിക്കുലം ക്രമപ്പെടുത്തുക അനിവാര്യമാണ്.

പഠന നിർമ്മിതിയിലും ( content creation ) പാഠങ്ങൾ ഒരുക്കി നൽകുന്നതിലും ( content curation) ഒരുപോലെ ശ്രദ്ധചെലുത്തിയാൽ വിജ്ഞാന കുതുകികളായ കുട്ടികൾക്ക് കൂടുതൽ ഫലപ്രദമായി വിജ്ഞാനം പകർന്നു നൽകാനാവും. സമ്പ്രദായികമായ അറിവധികാര പ്രയോഗങ്ങൾക്ക് (knowledge hegemony) പുതിയ കാലത്തും അധ്യാപകർ മുതിരുന്നത് ആശാവഹമായ ഒന്നായി കാണാനാകില്ല. അറിവു ശേഖരണത്തിലും വിജ്ഞാന വിതരണത്തിലും മാത്രമല്ല, വിജ്ഞാന നിർമ്മാണത്തിലും ക്രിയാത്്മകമായി ഇടപെടാൻ കെൽപ്പുള്ള വിദ്യാർത്ഥികളാണ് പുതിയ തലമുറ. ഇന്‍റർനെറ്റ്​ തുറന്ന് വെച്ച സാധ്യതകൾ ഉപയോഗിച്ച്, ജ്ഞാനദാതാവ്​ എന്ന രീതിയിലുള്ള അധ്യാപകന്‍റെ പ്രസകതി തന്നെ ചോദ്യം ചെയ്യപ്പെടേണ്ട കാലഘട്ടത്തിൽ ഒരു സമ്പ്രദായം മുഴുവൻ അതിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online educationOnline Education Policy
News Summary - What is our online education policy?
Next Story