ഗോവയിൽ 587 സ്ഥാനാർഥികൾ; തിങ്കളാഴ്ചക്കകം പത്രിക പിൻവലിക്കാം
text_fieldsമുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ 587 പേർ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. തിങ്കളാഴ്ചക്കകം പത്രിക പിൻവലിക്കാം.
പത്രിക സമർപ്പിച്ചവരിൽ 367 ഓളം പേർ വിമതരുൾപടെ സ്വതന്ത്രരാണ്. ബി.ജെ.പി 40 മണ്ഡലങ്ങളിലും മത്സരിക്കുന്നു. കോൺഗ്രസ് 37 ലും സഖ്യകക്ഷിയായ ഗോവൻ ഫോർവേഡ് പാർട്ടി മൂന്നിടത്തും മത്സരിക്കുന്നു. 39 സീറ്റുകളിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി ബിച്ചോലിം മണ്ഡലത്തിൽ സ്വതന്ത്രനെ പിന്തുണക്കും. തൃണമൂൽ കോൺഗ്രസ് 26 മണ്ഡലങ്ങളിലും സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി 13 സീറ്റിലുമാണ് സ്ഥാനാർഥികളെ നിർത്തിയത്.
ബി.ജെ.പി വിട്ട് സ്വതന്ത്രനായി മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ മത്സരിക്കുന്ന പനാജി തൃണമൂൽ ഒഴിച്ചിട്ടു. എൻ.സി.പിയും സഖ്യകക്ഷി ശിവസേനയും 12 വീതം സീറ്റുകളിൽ മത്സരിക്കുന്നു. 38 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയ റവല്യൂഷനറി ഗോവൻ പാർട്ടി അൽഡോണ, പ്രൊവോറിം മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കും.
മുൻ മുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണയും ലൂയിസിന്യോ ഫെലേറിയോവും ഇത്തവണ മത്സരിക്കുന്നില്ല. ഇരുവരും അവസാന നിമിഷം മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു.
കാലങ്ങളായി പ്രതിനിധാനം ചെയ്യുന്ന പൊറീം മണ്ഡലത്തിൽ റാണയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മകനും പ്രമോദ് സാവന്ത് മന്ത്രിസഭയിൽ മന്ത്രിയുമായ വിശ്വജിത്ത് റാണയുടെ ഭാര്യ ദിവ്യയെ സ്ഥാനാർഥിയാക്കി ബി.ജെ.പി റാണക്ക് ചെക്ക് വിളിച്ചു. മകന്റെ സമ്മർദത്തെത്തുടർന്നാണ് റാണയുടെ പിന്മാറ്റം.
കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന ഫെലേറിയോ ഇതുവരെ മത്സരിച്ച നവേലിം മണ്ഡലം ലഭിക്കാത്തതിനെത്തുടർന്നാണ് പിന്മാറിയത്. നവേലിം ചർച്ചിൽ അലെമാവോയുടെ മകൾക്കു നൽകിയ തൃണമൂൽ ഫറ്റോർഡയാണ് ഫെലേറിയോക്ക് മാറ്റിവച്ചത്. നിലവിൽ രാജ്യസഭാംഗവും തൃണമൂൽ ദേശീയ ഉപാധ്യക്ഷനുമാണ് അദ്ദേഹം.
പ്രതിപക്ഷ വോട്ടുകൾ കോൺഗ്രസ്, തൃണമൂൽ, ആംആദ്മി പാർട്ടികൾക്കിടയിൽ ഭിന്നിക്കുന്നതോടെ ബി.ജെ.പിക്ക് നേരിയ മുൻതൂക്കമാണ് പ്രവചിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.