ഗോവയിൽ അഡ്വ. അമിത് പലേക്കർ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗോവയിൽ അഡ്വ. അമിത് പലേക്കറെ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഗോവയിലെ 40 നിയമസഭാ സീറ്റിലും പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ എ.എ.പിയിൽ ചേർന്ന അമിത് പലേക്കർ ഭണ്ഡാരി സമുദായത്തിൽ നിന്നുള്ള നേതാവാണ്. സെന്‍റ് ക്രൂസ് മണ്ഡലത്തിൽ നിന്നാണ് പലേക്കർ മത്സരിക്കുന്നത്. പിന്നാക്ക വിഭാഗമായ ഭണ്ഡാരി സമുദായത്തിൽ നിന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുമെന്ന വാഗ്ദാനം നിറവേറ്റുകയാണ് ആം ആദ്മി ചെയ്തിരിക്കുന്നത്.
അടുത്ത കാലത്ത് പഴയ ഗോവയിലെ യുനെസ്കോ സംരക്ഷിത പ്രദേശത്ത് ബി.ജെ.പി വക്താവ് ഷൈന എം.സി നിർമ്മിച്ച അനധികൃത ബംഗ്ലാവിനെതിരെ അമിത് പലേക്കർ നിരാഹാര സമരം നടത്തിയിരുന്നു. ഈ സമരത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.
സംസ്ഥാന ജനസംഖ്യയിൽ 35 ശതമാനം വരുന്നതാണ് ഭണ്ഡാരി സമുദായം. ഈ സമുദായത്തിൽ നിന്ന് രവി നായിക് മാത്രമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. രവി നായിക് രണ്ടര വർഷം ഭരണം നടത്തി.
അമിത് പലേക്കറെ കൂടാതെ പ്രതിമ കുട്ടീഞ്ഞോ, വാൽമീകി നായിക് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനാർഥികളായി പരിഗണിക്കുന്നവരുടെ പട്ടികയിൽ ഉയർന്നു വന്നിരുന്നു. ഭരണം ലഭിച്ചാൽ പ്രതിമ കുട്ടീഞ്ഞോ ഉപ മുഖ്യമന്ത്രിയാകുമെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.
ലോക്സഭ എം.പി ഭഗവന്ദ് മന്നിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ആം ആദ്മി പാർട്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.