ഗോവ: പലേക്കർ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി
text_fieldsമുംബൈ: ഗോവയിൽ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അമിത് പലേക്കർ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ബുധനാഴ്ച പനാജിയിൽ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പലേക്കറുടെ പേര് പ്രഖ്യാപിച്ചത്. ഗോവൻ പൈതൃകത്തിന് വിരുദ്ധമായി കെട്ടിടങ്ങൾ പണിയുന്നതിനെതിരെ പൊതുരംഗത്ത് സജീവമായിരുന്ന 46കാരനായ പലേക്കറുടെ കന്നി തെരഞ്ഞെടുപ്പ് അങ്കമാണിത്.
സാന്താക്രൂസ് മണ്ഡലത്തിലാണ് മത്സരിക്കുക. അനധികൃത ബംഗ്ലാവ് നിർമാണത്തിനെതിരായ ധർണക്കിടെ കെജ്രിവാളുമായി പരിചയത്തിലായ പലേക്കർ പിന്നീട് ആം ആദ്മി പാർട്ടിയിൽ ചേരുകയായിരുന്നു. പിന്നാക്ക വിഭാഗമായ ഭണ്ഡാരി സമുദായക്കാരനും രാഷ്ട്രീയത്തിൽ പുതുമുഖവുമായ പലേക്കറെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കാലുമാറ്റ രാഷ്ട്രീയത്താൽ വീർപ്പുമുട്ടുന്ന ഗോവക്കാരുടെ പിന്തുണ പ്രതീക്ഷിച്ചാണെന്നാണ് നിരീക്ഷണം. ഗോവൻ ജനസംഖ്യയിൽ 30 ശതമാനത്തിലേറെ ഭണ്ഡാരി സമുദായക്കാരുണ്ടെന്നാണ് കണക്ക്. അതേസമയം, ഗോവയിൽ കോൺഗ്രസുമായി അകന്ന എൻ.സി.പി, ശിവസേനയുമായി സഖ്യത്തിലായി. ഇനി കോൺഗ്രസുമായി സഖ്യ ചർച്ചയില്ലെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. പട്ടേൽ ശിവസേന നേതാവ് സഞ്ജയ് റാവുത് എന്നിവർ ചേർന്നാണ് ഗോവയിൽ സഖ്യം പ്രഖ്യാപിച്ചത്. എൻ.സി.പിയുടെ ഏക എം.എൽ.എ ആയിരുന്ന ചർച്ചിൽ അലെമാവൊ ഇത്തവണ തൃണമൂൽ കോൺഗ്രസിലാണ്. തൃണമൂലിലാകട്ടെ ചർച്ചിലും മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായ ലൂയിസിന്യോ ഫെലേറിയൊവും തമ്മിലെ കലഹം ശക്തമായിട്ടുണ്ട്. ഫലേറിയൊ ഇതുവരെ മത്സരിച്ചിരുന്ന നവേലിം മണ്ഡലം ചർച്ചിലിന്റെ മകൾ വലങ്കക്ക് നൽകിയ പാർട്ടി ഫറ്റോർഡയാണ് അദ്ദേഹത്തിന് നൽകിയത്.
രാജ്യസഭാംഗമാണെങ്കിലും ഫലേറിയൊവും മത്സരിക്കണമെന്നാണ് തൃണമൂലിന്റെ ആവശ്യം. എന്നാൽ, നവേലിമിന് പകരം ഫടോർഡ മണ്ഡലത്തിൽ തന്റെ പേര് പ്രഖ്യാപിച്ചതോടെ ഫലേറിയൊ ഉടക്കിലാണെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.