അഴിമതിയും ഭരണവിരുദ്ധ വികാരവും ഗോവയിൽ ഏശിയില്ല; പരീക്കറുടെ നാട്ടിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച
text_fieldsഅഴിമതിയും ഭരണവിരുദ്ധ വികാരവും ഉയർത്തി ഗോവൻ മണ്ണിൽ വീണ്ടും അധികാരത്തിലെത്താമെന്ന കോൺഗ്രസിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകുന്നതാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം. വലിപ്പത്തിൽ കുഞ്ഞനായ ഗോവയിൽ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. പക്ഷേ വോട്ടെണ്ണി തുടങ്ങിയപ്പോൾ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.
2017ലെ തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവടത്തിന്റെ തന്ത്രങ്ങൾ പയറ്റിയാണ് ബി.ജെ.പി ഗോവയിൽ അധികാരം പിടിച്ചത്. ഇക്കുറി ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയാൻ കരുതലോടെയാണ് കോൺഗ്രസ് നീങ്ങിയത്. എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയും ഡി.കെ ശിവകുമാർ, പി. ചിദംബരം പോലുള്ളവരെ സംസ്ഥാനത്തേക്ക് അയച്ചുമായിരുന്നു കോൺഗ്രസിന്റെ കരുനീക്കം. എന്നാൽ, തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
18 സീറ്റുമായി ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 10 സീറ്റാണ് കോൺഗ്രസിന് നേടാനായത്. മൂന്ന് സീറ്റിൽ എം.ജെ.പിയും ഒമ്പത് സീറ്റിൽ സ്വതന്ത്രരുമാണ് മുന്നേറിയത്.കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബി.ജെ.പി രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന മഹാരാഷ്ട്ര ഗോമന്ത് പാർട്ടിയെയോ സ്വതന്ത്ര സ്ഥാനാർഥികളേയോ ഒപ്പം കൂട്ടി അനായാസം ബി.ജെ.പി ഗോവ ഭരിക്കാൻ തന്നെയാണ് സാധ്യത.
അഴിമതിയും വികസനവുമായിരുന്നു ഗോവയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ. ഭരണകക്ഷിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയപ്പോൾ വികസനമായിരുന്നു ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. മനോഹർ പരീക്കറിനെ തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും ഉയർത്തികാണിക്കാൻ ബി.ജെ.പി ശ്രദ്ധിച്ചു. പക്ഷേ പരീക്കറിന്റെ മകൻ ഉത്പലിന് സീറ്റ് നൽകിയുമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഉത്പൽ എഫ്ക്ട് ഗോവയിൽ ഏശിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയാവും ബി.ജെ.പിക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി. പ്രമോദ് സാവന്തും വിശ്വജിത്ത് റാണയും മുഖ്യമന്ത്രി പദത്തിനായി രംഗത്തുണ്ട്. നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് കേവലം 650 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ മുഖമന്ത്രി മോഹത്തിന് മങ്ങലേൽപ്പിക്കാനിടയുണ്ട്. മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിക്ക്(എം.ജി.പി) താൽപര്യം വിശ്വജിത്ത് റാണയായതിനാൽ നറുക്ക് അദ്ദേഹത്തിന് വീഴുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.