ഗോവയിൽ ബി.ജെ.പിക്ക് തിരിച്ചടി; സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പർസേക്കർ
text_fieldsപനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പിയിൽനിന്ന് രാജിപ്രഖ്യാപിച്ച് ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്മീകാന്ത് പർസേക്കർ. പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്ന് 65കാരനായ ലക്ഷ്മീകാന്ത് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഔദ്യോഗികമായി രാജിക്കത്ത് കൈമാറും.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രിക തയാറാക്കുന്ന കമ്മിറ്റിയുടെ ചുമതലയുള്ള നേതാവാണ് ലക്ഷ്മീകാന്ത്. പാർട്ടി കോർ കമ്മിറ്റിയിലെ അംഗവുമാണ് അദ്ദേഹം.
2002 മുതൽ 2017വരെ മാന്ദ്രെം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു ലക്ഷ്മീകാന്ത്. എന്നാൽ, ഇൗ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ദയാനന്ദ് സോപ്തെയെ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ പർസേക്കറിനെ സോപ്തെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ 2019ൽ ഒമ്പതു കോൺഗ്രസ് നേതാക്കൾക്കൊപ്പം സോപ്തെയും ബി.ജെ.പിയിലെത്തുകയായിരുന്നു.
താൻ പാർട്ടിയിൽനിന്ന് രാജിവെക്കാൻ തീരുമാനിച്ചതായും അടുത്ത നീക്കം പിന്നീട് തീരുമാനിക്കുമെന്നും പർസേക്കർ പറഞ്ഞു.
2014 മുതൽ 2017 വരെ ഗോവ മുഖ്യമന്ത്രിയായിരുന്നു പർസേക്കർ. മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ പ്രവേശിച്ചതിന് ശേഷമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.