റാണെ മരുമകളോട് കൊമ്പ് കോർക്കുമോ; ഗോവയിൽ സസ്പെൻസ്
text_fieldsമുംബൈ: ഗോവയിലെ പോറീം മണ്ഡലത്തിലെ സസ്പെൻസ് പൊളിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിലെ കാരണവരും ആറു തവണ മുഖ്യമന്ത്രിയുമായ പ്രതാപ് സിങ് റാണെ. റാെണയെ ഇത്തവണയും കോൺഗ്രസ് പോറീമിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും മത്സരിക്കുമെന്നോ ഇല്ലെന്നോ ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റാണെയുടെ സ്വന്തം മണ്ഡലമായി അറിയപ്പെടുന്ന പോറീമിൽ മകൻ വിശ്വജിത്തിന്റെ ഭാര്യ ദിവ്യയെ സ്ഥാനാർഥിയാക്കി ബി.ജെ.പി 'ചെക്ക്' വെച്ചിരിക്കുകയുമാണ്.
എന്നിട്ടും റാണെക്ക് മിണ്ടാട്ടമില്ല. റാെണയുടെ സമ്മതത്തോടെയാണ് മരുമകളുടെ സ്ഥാനാർഥിത്വമെന്ന് ബി.ജെ.പി ഗോവയുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വെളിപ്പെടുത്തിയതും വിവാദമായി. 1972 മുതൽ ഗോവ നിയമസഭയിൽ അംഗമായ റാെണ മാർച്ചോടെ നിയമസഭയിൽ അര നൂറ്റാണ്ട് തികക്കും. ആദ്യ അങ്കം മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിൽ.
പിന്നീട് ഇന്നോളം കോൺഗ്രസുകാരൻ. 2017ൽ വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാറുണ്ടാക്കാൻ കഴിയാത്തതിൽ ചൊടിച്ച് മകൻ വിശ്വജിത് ബി.ജെ.പിയിലേക്ക് കൂറുമാറി മന്ത്രിയായതോടെ റാെണയും സംശയ നിഴലിലായി. പിതാവ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് വിശ്വജിത് പറയുകയും ചെയ്തു. അതിനിടെ നിയമസഭയിൽ 50 വർഷം തികക്കുന്നത് കണക്കിലെടുത്ത് ബി.ജെ.പി സർക്കാർ അദ്ദേഹത്തിന് ആജീവനാന്ത കാബിനറ്റ് പദവിയും നൽകി. റാണെയെ ബി.ജെ.പി ചാക്കിടുകയാണോയെന്ന സംശയം ഇതോടെ ബലപ്പെട്ടു.
ഭാര്യ വിജയ ദേവിയോ താനൊ മത്സരിക്കുമെന്ന സൂചനയാണ് ഒടുവിൽ റാണെ നൽകിയത്. മരുമകൾക്കായി അവസാന നിമിഷം അദ്ദേഹം പിൻമാറുമോ എന്ന പേടിയാണ് കോൺഗ്രസിന്. വെള്ളിയാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന ദിവസം. അതേസമയം, റാണെ മത്സരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും മകളും ആവശ്യപ്പെടുന്നതെന്നാണ് വിവരം. റാണെ കുടുബത്തിൽ വിള്ളൽ വീണെന്ന സൂചനയും പുറത്തുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.