പനാജിയിൽ ആരു തോറ്റാലും ജയിക്കും 'പരീകർ'
text_fieldsമുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കാൽ നൂറ്റാണ്ടായി മുൻ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ പരീകർ കാത്തുസൂക്ഷിച്ച പനാജി ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നാണ് ഉറ്റുനോക്കുന്നത്. പരീകറുടെ 'രാഷ്ട്രീയ എതിരാളി' അതനാസിയൊ മൊൻസെരറ്റെക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയതിനെ വെല്ലുവിളിച്ച് മകൻ ഉത്പൽ പരീകർ സ്വതന്ത്രനായി രംഗത്തിറങ്ങിയതോടെ പനാജി ശ്രദ്ധയാകർഷിക്കുന്നു. ലോകമാകെ ഗോവയുടെ ഖ്യാതി ഉയർത്തിയ പരീകറുടെ 'ഗോൾഡൻ ഗോവ' സ്വപ്നം സാക്ഷാത്കരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിലൂടെയാണ് ബി.ജെ.പി പ്രചാരണത്തിന് തുടക്കമിട്ടത്.
അച്ഛനു ശേഷം ഗോവയിൽ ബി.ജെ.പി ദിശമാറ്റിയെന്നും അച്ഛന്റെ പാരമ്പര്യം വീണ്ടെടുക്കാനാണ് മത്സരിക്കുന്നതെന്നുമാണ് ഉത്പലിന്റെ പക്ഷം. രാഷ്ട്രീയത്തിൽ അതികായനായ മൊൻസെരറ്റെയെ ഉത്പലിന് ചെറുക്കാനാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. എതിരാളികളായാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും പരീകറിനും മൊൻസെരറ്റെക്കുമിടയിൽ 'അന്തർ ധാര' സജീവമായിരുന്നു. നേരത്തെ യുനൈറ്റഡ് ഗോവൻ പാർട്ടി, കോൺഗ്രസ് ടിക്കറ്റുകളിൽ മത്സരിച്ചപ്പോഴൊന്നും മൊൻസെരറ്റെ പരീകർക്കെതിരെ നിന്നിട്ടില്ല. തൊട്ടടുത്ത താലേഗാവ്, സാന്താക്രൂസ് മണ്ഡലങ്ങളിലാണ് മത്സരിച്ചു ജയിച്ചത്. ഉത്തര ഗോവയിലെ തീസ്വാടി മേഖലയിൽ വരുന്ന മണ്ഡലങ്ങളിലെ മൊൻസെരറ്റെയുടെ സ്വാധീനം പരീകർക്കും തുണയായിട്ടുണ്ട്. ഈ സ്വാധീനമാണ് മൊൻസെരറ്റെയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിനാലാണ് ഉത്പലിനെ തഴഞ്ഞ് മൊൻസെരറ്റെയെ ഒപ്പം കൂട്ടിയത്.
പരീകറുടെ വിയോഗശേഷം 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ പനാജി പിടിച്ച മൊൻസെരറ്റെ പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു. 10 കോൺഗ്രസ് എം.എൽ.എമാരുമായിട്ടായിരുന്നു വരവ്. അച്ഛനൊപ്പം ഇന്നോളം രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നുമില്ല. പരീകറുടെ വോട്ടുബാങ്കായിരുന്ന 20 ശതമാനം വരുന്ന സാരസ്വത് ബ്രാഹ്മൺ സമൂഹം ഉത്പലിനൊപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. ശിവസേനയും തൃണമൂലും ഉത്പലിനെ പിന്തുണക്കുന്നു. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എൽവിസ് ഗോമസും നിസ്സാരക്കാരനല്ല. മൊൻസെരറ്റെയും ഉത്പലും കൊമ്പുകോർക്കുന്നതിനിടയിൽ ഗോമസിന്റെ കൈ തെളിയുമോ എന്നും കാത്തിരുന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.