പരീക്കറിന്റെ മകന് സീറ്റ് നിഷേധിച്ച് ബി.ജെ.പി; ഉത്പലിനെ 'ആപി'ലേക്ക് ക്ഷണിച്ച് കെജ്രിവാൾ
text_fieldsപനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് സീറ്റ് നിഷേധിച്ച് ബി.ജെ.പി. ഗോവയിൽ ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഉത്പൽ പരീക്കർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന് വ്യാപക പ്രചാരണവുമുണ്ടായിരുന്നു. എന്നാൽ, ഈ ഊഹാപോഹങ്ങളെ തള്ളിയായിരുന്നു ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനം.
പരീക്കറിന്റെ മണ്ഡലമായ പനാജിയിലായിരുന്നു ഉത്പലിന്റെ പ്രതീക്ഷ. എന്നാൽ, മുൻ കോൺഗ്രസ് നേതാവായിരുന്ന അറ്റാനാസിയോ മൊൺസെറേറ്റിന് പനാജി സീറ്റ് ബി.ജെ.പി നൽകുകയായിരുന്നു. പനാജിക്ക് പകരം മറ്റു രണ്ടു സീറ്റുകൾ ഉത്പലിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉത്പൽ ഇവ നിരസിച്ചു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ തന്റെ നിലപാട് ഉടൻ വ്യക്തമാക്കുമെന്ന് മാധ്യമപ്രവർത്തകരെ ഉത്പൽ അറിയിച്ചിട്ടുണ്ട്.
ഉത്പൽ രണ്ടു സീറ്റുകൾ സ്വീകരിക്കുമെന്നായിരുന്നു തങ്ങളുടെ വിശ്വാസമെന്നും 'പരീക്കർ പരിവാറി'നെ പാർട്ടി എന്നും ബഹുമാനിക്കുന്നുണ്ടെന്നും ബിജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, ഉത്പലിനെ ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ച് ഡൽഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ബി.ജെ.പി ഗോവ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൊട്ടുപിന്നാലെയായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
'ബി.ജെ.പി പരീക്കർ കുടുംബത്തെപോലും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതിൽ ഗോവക്കാർക്ക് വിഷമമുണ്ട്. മനോഹർ പരീക്കറിനെ എപ്പോഴും ഞാൻ ബഹുമാനിക്കുന്നു. ഉത്പലിന് എ.എ.പിയിലേക്ക് സ്വാഗതം. തെരഞ്ഞെടുപ്പിനെ എ.എ.പി സ്ഥാനാർഥിയായി നേരിടൂ' -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ബി.ജെ.പിയുമായി പിണങ്ങി സ്വതന്ത്രനായി മത്സരിച്ചാൽ ഉത്പൽ പരീക്കറിനെ പിന്തുണക്കണമെന്ന് ശിവസേനയുടെ സഞ്ജയ് റാവത്ത് പ്രതിപക്ഷത്തോട് അഭ്യർഥിച്ചിരുന്നു.
മൂന്നുതവണ ഗോവ മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കർ. 25 വർഷത്തോളം പനാജി മണ്ഡലം അദ്ദേഹത്തിന്റെ കൈവശമായിരുന്നു. 2019ൽ പരീക്കറിന്റെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അറ്റാനാസിയോ മൊൺസെറേറ്റ് വിജയിച്ചു. എന്നാൽ പിന്നീട് മൊൺസെറേറ്റ് കൂടുമാറി ബി.ജെ.പിയിലെത്തി.
എൻജിനീയറിങ് ബിരുദ ധാരിയാണ് ഉത്പൽ. പനാജി മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് മണ്ഡലത്തിൽ പ്രചാരണ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.