കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഫ്‌സ്‌പ പിൻവലിക്കും; ബി.ജെ.പി അതിനെ 'സംഘടിത അക്രമ' നിയമമാക്കിയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഫ്‌സ്‌പ (സായുധ സേന പ്രത്യേക അധികാര നിയമം) പിൻവലിക്കുമെന്ന് മണിപ്പൂരിന്‍റെ ചുമതലയുള്ള ഭക്തചരൺ ദാസ്. അഫ്‌സ്‌പയെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള 'സംഘടിത അക്രമ' നിയമമാക്കി ബി.ജെ.പി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
60 അംഗ നിയമസഭയിൽ 35-40 സീറ്റുകൾ കോൺഗ്രസ് നേടും. സർക്കാറും രൂപവത്കരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 34 ശതമാനം വോട്ട് ഇത്തവണ അഞ്ചു ശതമാനം കൂടുമെന്നും ദാസ് പ്രവചിച്ചു.
തുടർച്ചയായി മൂന്നു തവണ കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്നു. ഇത് കോൺഗ്രസ് അടിത്തറ ശക്തമാണെന്നതിന് തെളിവാണ്. ബി.ജെ.പി അധികാരത്തിൽ വന്നത് ജനവിധി മാനിച്ചല്ല, നിയമവിരുദ്ധമായ രീതിയിലാണ്. ഹൈകോടതി ഉത്തരവുണ്ടായിട്ടും 12 എം.എൽ.എമാർ ഭരണഘടനാവിരുദ്ധമായി അധികാരത്തിൽ തുടർന്നു -അദ്ദേഹം പറഞ്ഞു.
54 സീറ്റുകളിലാണ് മണിപ്പൂരിൽ കോൺഗ്രസ് മത്സരിക്കുന്നത്. കൂടാതെ സി.പി.ഐ, സി.പി.എം, ആർ.എസ്.പി, ജെ.ഡി (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയുമായി ചേർന്ന് തെരഞ്ഞെടുപ്പ് സഖ്യവും രൂപവത്കരിച്ചു. ഫെബ്രുവരി 28, മാർച്ച് 5 തീയതികളിലാണ് മണിപ്പൂരിൽ നിയമസഭ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.