മണിപ്പൂർ: 26 സീറ്റിൽ ബി.ജെ.പി മുന്നിൽ, 13 ഇടങ്ങളിൽ കോൺഗ്രസ്
text_fieldsഇംഫാൽ: എക്സിറ്റ് പോളുകൾ ശരിവെച്ച് മണിപ്പൂരിൽ ബി.ജെ.പി ലീഡ് തുടരുന്നു. ബി.ജെ.പി 26 സീറ്റുകളിലും കോൺഗ്രസ് 13 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) ഏഴ് സീറ്റുകളിലും ജെ.ഡി.യു അഞ്ച് സീറ്റുകളിലും മറ്റുള്ളവർ ഒമ്പത് സീറ്റുകളിലും മുന്നിലുണ്ട്.
രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സീറ്റുകളാണുള്ളത്. ഫെബ്രുവരി 28ന് നടന്ന ഒന്നാം ഘട്ടത്തിൽ 38 സീറ്റുകളിലേക്കായിരുന്നു മത്സരം. ബാക്കി സീറ്റുകളിലേക്ക് മാർച്ച് അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്. മണിപ്പൂരിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് പിന്തുണ നൽകി. നോങ്തോംബം ബിരേൻ സിങ് ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞതവണ 28 സീറ്റുകൾ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് ഇത്തവണ ഭരണത്തിലേറാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസും സി.പി.ഐയും ചേർന്ന് മണിപ്പൂർ പ്രോഗസീവ് സെക്യൂലർ അലയൻസ് എന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്. സി.പി.എം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്.
Live Updates
- 10 March 2022 10:40 AM IST
സൈകുലിൽ ‘കുക്കി പീപ്പിൾസ് അലയൻസ്’ ലീഡ് ചെയ്യുന്നു
സൈകുൽ മണ്ഡലത്തിൽ കുക്കി പീപ്പിൾസ് അലയൻസ് സ്ഥാനാർത്ഥി കിംനിയോ ഹാക്കിപ് ഹാങ്ഷിങ് 289 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ജനുവരിയിലാണ് ഈ സഖ്യം രൂപീകരിക്കുന്നത്. മിസോ കുന്നുകളിൽ വസിക്കുന്നവരാണ് ‘കുക്കി’ വിഭാഗക്കാർ. കുക്കി ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് കൂട്ടായ്മയുണ്ടാക്കിയത്. സൈകുൽ, സിംഗ എന്നീ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു.
- 10 March 2022 10:29 AM IST
26 സീറ്റുകളിൽ ബി.ജെ.പി ലീഡ്
ബി.ജെ.പി 26 സീറ്റുകളിലും കോൺഗ്രസ് 13 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) 7 സീറ്റുകളിലും ജെഡിയു 5 സീറ്റുകളിലും മറ്റുള്ളവർ 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
- 10 March 2022 10:25 AM IST
മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മുന്നിൽ
തൗബാലിൽനിന്ന് ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ് 472 വോട്ടിന് മുന്നിൽ. 2002 മുതൽ 2017 വരെ ഇദ്ദേഹം മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്നു. തൗബാലിൽനിന്നാണ് കഴിഞ്ഞതവണയും ജയിച്ചത്.
- 10 March 2022 10:02 AM IST
മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മുന്നിൽ
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഹീൻഗാങ് മണ്ഡലത്തിൽ 2,598 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ശരത്ചന്ദ സിങ്ങാണ് മുഖ്യ എതിരാളി. 2002 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട് ബിരേൻ സിങ്.
- 10 March 2022 9:52 AM IST
23 സീറ്റിൽ ബി.ജെ.പി മുന്നേറുന്നു. കോൺഗ്രസിന് 14 സീറ്റിൽ ലീഡുണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടി 10 സീറ്റിൽ മുന്നിലാണ്. നാഗാ പീപ്പിൾസ് ഫ്രണ്ട് അടക്കമുള്ള മറ്റു പാർട്ടികൾ 13 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു.
- 10 March 2022 9:19 AM IST
വിട്ടുകൊടുക്കാതെ ബി.ജെ.പി
ബി.ജെ.പി 17 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 14 സീറ്റിൽ മുന്നേറുന്നു. രണ്ടിടത്ത് നാഷനൽ പീപ്പിൾസ് പാർട്ടി മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.