സഖ്യകക്ഷിയെ ഇത്തിൾകണ്ണിയെന്ന് വിളിച്ചു; വക്താവിനെ മണിപ്പൂർ ബി.ജെ.പി പുറത്താക്കി
text_fieldsഇംഫാൽ: സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയെ (എൻ.പി.പി) അപമാനിച്ചതിന് തുടർന്ന് മുഖ്യവക്താവായിരുന്ന ചോങ്തോം ബിജോയ് സിങ്ങിനെ ബി.ജെ.പി പുറത്താക്കി. ആറുവർഷത്തേക്കാണ് പുറത്തക്കിയത്. എൻ.പി.പിയെ ഇത്തിൾകണ്ണിയെന്ന് വിളിച്ചായിരുന്നു ബിജോയ് സിങ് അപമാനിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉറിപോക് മണ്ഡലത്തിൽ ജെ.ഡി.യു സ്ഥാനാർഥിയായ കെ.എച്ച്. സുരേഷിനെ പിന്തുണക്കുമെന്ന് സിങ് അറിയിച്ചു.
'അഴിമതിക്കെതിരെ ശബ്ദിച്ചതിനെ തുടർന്നാണ് എനിക്ക് പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് എന്നെ പുറത്താക്കിയത്. സംസ്ഥാന അധ്യക്ഷന്റെ നിക്ഷിപ്ത താൽപര്യപ്രകാരമായിരുന്നു പുറത്താക്കൽ. ഉറിപോക്കിൽ ജനതാദൾ (യുനൈറ്റഡ്) സ്ഥാനാർഥിയെ ഞാൻ പിന്തുണയ്ക്കും'-അദ്ദേഹം വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ. രഘുമണിയാണ് ബി.ജെ.പി സ്ഥാനാർഥി.
അച്ചടക്ക ലംഘനത്തെ തുടർന്നാണ് സിങ്ങിനെ പുറത്താക്കിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എ. ശാരദ ദേവി പറഞ്ഞു. ഫെബ്രുവരി 28, മാർച്ച് അഞ്ച് എന്നീ തീയതികളിലായാണ് 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.