കടപുഴക്കി ബദലാവ്; പഞ്ചാബ് തൂത്തുവാരി ആപ്
text_fieldsമാറ്റത്തിെൻറ കാറ്റ് പത്താൻ കോട്ട് മുതൽ മലേർകോട്ല വരെ ആഞ്ഞുവീശിയ പഞ്ചാബിൽ വൻമരങ്ങളെല്ലാം കടപുഴകി. ഒരു 'ബദലാവി'(മാറ്റം)നായുള്ള പഞ്ചാബികളുടെ രാഷ്ട്രീയ ദാഹം ശമിപ്പിക്കുന്നതിൽ മൂന്ന് മേഖലകളായ മാൾവയും മാഝയും ദോബയും ഒരു വേർതിരിവും കാണിച്ചില്ല. കോൺഗ്രസിെൻറയും അകാലിദളിെൻറയും ബി.ജെ.പിയുടെയും ശക്തികേന്ദ്രങ്ങൾ ഒന്നും ആ കാറ്റിൽ നിന്ന് മാറിനിന്നില്ല.
വോട്ടുയന്ത്രത്തിലൂടെ ശിക്ഷിക്കണമെന്ന് കരുതിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയൊന്നും പഞ്ചാബികൾ വെറുതെ വിട്ടില്ല. പി.പി.സി.സി പ്രസിഡന്‍റ് നവ്ജോത് സിങ് സിദ്ദുവിനെയും അദ്ദേഹത്തെ വെല്ലുവിളിച്ച് വന്ന ശിരോമണി അകാലിദളിെൻറ പ്രമുഖ നേതാവ് ബിക്രം സിങ് മജീതിയയെയും ഒരു പോലെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി പ്രവർത്തക ജീവൻ ജ്യോത് കൗർ നേടിയ അട്ടിമറി ജയമാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലത്തിെൻറ നേർചിത്രം. മൂന്ന് മുൻ മുഖ്യമന്ത്രിമാർ തോറ്റ പഞ്ചാബിൽ നിലവിലുള്ള മുഖ്യമന്ത്രി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും തോറ്റു. കൂടാതെ ഉപ മുഖ്യമന്ത്രിമാരും ധനമന്ത്രിയും തോറ്റു.
ആപ്പിനെ തളക്കാൻ കോൺഗ്രസ് ദലിത് മുഖമാക്കി ഇറക്കിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി സ്വന്തം തട്ടകമായ ചംകോർ സാഹിബിലും കനത്ത പരാജയമേറ്റുവാങ്ങി.
ആപ്പിന്റെ വോട്ടുബാങ്ക് ദലിതുകളാണെന്ന് കരുതി 32 ശതമാനം വരുന്ന ദലിത് സിഖ് വോട്ടുകൾപിടിക്കാൻ ദലിതനായ ചരൺജിത് ചന്നിയെ മുഖ്യമന്ത്രി പദത്തിൽ ഇരുത്തിയായിരുന്നു കോൺഗ്രസ് പരീക്ഷണം. ശിരോമണി അകാലിദൾ ബി.എസ്.പിയുമായി ഉണ്ടാക്കിയതും അതേ ദലിത് വോട്ടുബാങ്കിൽ കണ്ണുവെച്ചായിരുന്നു. എന്നാൽ, മാറ്റത്തിനായി വോട്ടുചെയ്യാൻ നിശ്ചയിച്ചിറങ്ങിയ പഞ്ചാബി വോട്ടർമാർ ഹിന്ദു-സിഖ്, ദലിത് -ജാട്ട് ഭേദങ്ങൾക്കതീതമായി ചൂലിന് വോട്ടു ചെയ്തു. 32 ദലിത് സംവരണ മണ്ഡലങ്ങളിൽ 26ഉം ആപ്പിന് കിട്ടിയപ്പോൾ ആറെണ്ണം മാത്രമാണ് ദലിത് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന് കിട്ടിയത്. ബി.എസ്.പിയെ പിടിച്ച അകാലികൾക്കൊന്നുപോലും കിട്ടിയതുമില്ല.
പഞ്ചാബ് ഒരു ദശകം അടക്കിവാണ ബാദൽ കുടുംബത്തിലെ പ്രമുഖരായ അഞ്ച് സ്ഥാനാർഥികളെയും ജനം വിട്ടില്ല. വിവിധ മാഫിയയുടെ സംരക്ഷകരെന്ന കുപ്രസിദ്ധി നേടിയ ബാദൽ കുടുംബത്തിെൻറ കോട്ടകൾ എല്ലാം തകർന്നു. മുൻ മുഖ്യമന്ത്രി പ്രകാശ് സിങ്ബാദൽ ലാംബിയിൽ തോറ്റപ്പോൾ ജലാലാബാദ് മകൻ സുഖ്ബീർ സിങ് ബാദലിനെയും പാർട്ടി മണ്ഡലം ബാദലിെൻറ മരുമകൻ ആദേശ് പ്രതാപ് കൈറോനെയും കൈവിട്ടു. കെ.പി.സി.സി പ്രസിഡന്‍റ് നവ്ജോത് സിങ് സിദ്ദുവിനെ തോൽപിക്കാൻ ജയിലിൽനിന്നിറങ്ങി അമൃത്സർ ഈസ്റ്റിലേക്ക് വന്ന ബാദൽ കുടുംബത്തിലെ ബിക്രം സിങ് മജീതിയ ആപ് തരംഗത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാദൽ കുടുംബത്തിൽനിന്ന് കോൺഗ്രസിലേക്ക് ചേക്കേറി പഞ്ചാബിൽ ധനമന്ത്രിയായ മൻപ്രീത് സിങ് ബാദലും രക്ഷപ്പെട്ടില്ല. ആപ്പിന്റെ പുതുമുഖം ജഗ്രൂപ് സിങ് ഗിൽ മൂന്നിരട്ടിയിലേറെ വോട്ട് നേടിയാണ് ബാദൽ കുടുംബത്തിെൻറ കോട്ടയായ ഭട്ടിൻഡ നഗര മണ്ഡലം പിടിച്ചത്. ക്യാപ്റ്റനുമായി സഖ്യമുണ്ടാക്കി സ്വന്തം പാർട്ടി വളർത്താമെന്ന് കരുതിയ ബി.ജെ.പിക്കും കനത്ത നിരാശയായിരുന്നു ഫലം. ആ കോട്ടകളും ആപ് പിടിച്ചടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.