ആപ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മന്നിന്റെ തെര. പ്രചാരണത്തിന് വൻ ജനാവലി; കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് നോട്ടീസ്
text_fieldsന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൻ ജനാവലിയെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് നോട്ടീസ് അയച്ചത്.
പഞ്ചാബിലെ പാർട്ടിയുടെ തലവനും സംഗ്രൂരിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ഭഗവന്ത് മന്നിനെ ആപിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ധുരി മണ്ഡലത്തിൽനിന്നാണ് ഭഗവന്ത് മാൻ ജനവിധി തേടുക. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. പ്രചാരണത്തിൽ മുദ്രവാക്യം മുഴക്കിയും പുഷ്പവൃഷ്ടി നടത്തിയും വൻ ജനാവലി ഭഗവന്ത് മാനിനെ സ്വീകരിക്കാനുമെത്തിയിരുന്നു.
എന്നാൽ, പ്രചാരണത്തിന് കുറച്ചുപേരെ മാത്രമാണ് ക്ഷണിച്ചതെന്നും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പരന്നതോടെ നിരവധി പേർ തടിച്ചുകൂടുകയുമായിരുന്നുവെന്ന് ആപ് പ്രതികരിച്ചു. ഭഗവന്ത് മന്നിനെ സ്വീകരിക്കാനെത്തിയ വൻ ജനാവലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്കും റോഡ് ഷോയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 20നാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. 117 സീറ്റുകളിലേക്കാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.