ബാദലിന്റെ തട്ടകത്തിലും 'ബദലാവ്' തന്നെ ഭീഷണി
text_fieldsഇതുപോലെ തരംഗം സൃഷ്ടിച്ച ശേഷവും ബൂത്തുകളിൽ കേഡറുകളില്ലാത്തതിനാൽ ആം ആദ്മി പാർട്ടി വമ്പൻ പരാജയമേറ്റുവാങ്ങിയ 2017ലേതിന് സമാനമായ സ്ഥിതിയല്ല ഇത്തവണ. വോട്ടുനാളിൽ ഭട്ടിൻഡയിലെത്തിയപ്പോൾ കോൺഗ്രസിനെയും അകാലിദളിനെയും പോലെ എല്ലായിടങ്ങളിലും സജീവമായ ആം ആദ്മി പാർട്ടിയുടെ ബൂത്തുകളുണ്ട്.
അവിടെയെല്ലാം വളന്റിയർമാരുമുണ്ട്. പോളിങ്ബൂത്തുകൾക്കുള്ളിൽ അവരുടെ ഏജന്റുമാരുമുണ്ട്. 2017ൽ കാണാത്ത കാഴ്ചയാണിതെന്ന് ഭട്ടിൻഡ ശഹീദെ അഅ്സം സ്കൂളിലെ പോളിങ്ബൂത്തിൽ കോൺഗ്രസ് ഏജന്റായി ഇരിക്കുന്ന പ്രദീപ് സിങ് 'മാധ്യമ'ത്തോടു പറഞ്ഞു. അകാലിദളിൽനിന്നും ബാദൽ കുടുംബത്തിൽനിന്നും കോൺഗ്രസിലേക്ക് ചാടിയ പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിങ് ബാദൽ മത്സരിക്കുന്ന മണ്ഡലമാണിത്.
ബാദൽ ജയിക്കുമെന്നും എന്നാൽ, മത്സരം കടുക്കുമെന്നും പ്രദീപ് സിങ് പറഞ്ഞു. കോൺഗ്രസിന്റെയും അകാലിദളിന്റെയും ബി.ജെ.പിയുടെയും ബൂത്തുകളിൽ വോട്ടർ സ്ലിപ് നൽകാൻ ഇരിക്കുന്നവർ കൂടുതലും മധ്യവയസ്കരും മുതിർന്നവരുമാണെങ്കിൽ ആപിന്റെ ബൂത്തിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്.
ചന്നിയുടെ ഭയ്യാ പരാമർശം വേണ്ടിയിരുന്നില്ല
പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബിലെ ബിഹാറി കുടിയേറ്റക്കാരെ കുറിച്ച് നടത്തിയ 'ഭയ്യാ' പരാമർശം അസമയത്തായി പോയെന്നും കോൺഗ്രസിന് അതു വലിയ ക്ഷീണമാണ് ഉണ്ടാക്കിയതെന്നും കോൺഗ്രസ് പോളിങ് ഏജന്റായ പ്രദീപ് സിങ് പറഞ്ഞു.
ആ മുറിവ് കുടിയേറ്റ വോട്ടർമാരിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പഞ്ചാബിൽ കുടിയേറി താമസമാക്കിയവരും ഇതേ അഭിപ്രായം പങ്കുവെച്ചു. കുട്ടികളോട് ചോദിച്ചുനോക്കൂ, ചന്നി പറഞ്ഞത് ശരിയായില്ലെന്ന് അവർ പോലും പറയുമെന്നായിരുന്നു ഉത്തരാഞ്ചലിൽനിന്ന് കുടിയേറിയ ഹുകുംസിങ്ങിന്റെ മറുപടി.
'പരമാവധി പോയാൽ തൂക്കുസഭ വരും'
ആപിനെ ഭയന്ന് പല മണ്ഡലങ്ങളിലും 2017ൽ അകാലിദൾ കോൺഗ്രസിന് വോട്ടുചെയ്തതുപോലെ ഇക്കുറിയും അവർ പലയിടത്തും കോൺഗ്രസിനെ സഹായിക്കുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് സഹദേവ് രജീന്ദർ പറഞ്ഞു.
അകാലിദൾ നേതാക്കളായ ബാദൽ കുടുംബത്തെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കോൺഗ്രസ് സർക്കാർ കേസുകളിൽ ഏറെ സഹായിച്ചിട്ടുണ്ട് ചന്നി വന്ന ശേഷവും ബാദലിനെ ദ്രോഹിച്ചിട്ടില്ല. ഇരുകൂട്ടരും തമ്മിൽ ധാരണയുണ്ടെന്നും രജീന്ദർ അവകാശപ്പെട്ടു. ആപ് ഓളമുണ്ടാക്കിയതിനാൽ ഒരുപക്ഷേ, തൂക്കുസഭ വന്നേക്കാം. എന്നാലും കോൺഗ്രസ് തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നും സഹദേവ് തുടർന്നു.
വോട്ടു ചെയ്ത സ്ഥാനാർഥിയുടെ പേരറിയാത്തവർ
വോട്ട് ചെയ്തിറങ്ങിയവരിൽ കോൺഗ്രസിനും ബി.ജെ.പിക്കും വോട്ട് ചെയ്തവർ തങ്ങളുടെ സ്ഥാനാർഥികളുടെ പേര് പറയുന്നുണ്ടെങ്കിലും ആപിന് ചെയ്തവരോട് ചോദിക്കുമ്പോൾ മിക്കവർക്കും സ്ഥാനാർഥികളുടെ പേര് അറിയില്ല. മാറ്റത്തിന് വോട്ട് ചെയ്തുവെന്നും ചൂലിന് വോട്ട് ചെയ്തുവെന്നുമൊക്കെയാണ് അവർ പറയുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസിന് വോട്ട് ചെയ്ത ഹർപ്രീത് സിങ് പറഞ്ഞതും തന്റെ വോട്ട് ഇക്കുറി ചൂലിനായിരുന്നു എന്നാണ്. ആരാണ് സ്ഥാനാർഥി എന്ന് ചോദിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി മൻപ്രീത് സിങ് ബാദലാണെന്നും ആപ് സ്ഥാനാർഥിയുടെ പേരറിയില്ലെന്നുമായിരുന്നു മറുപടി.
'കുറെക്കാലമായി രണ്ട് കൂട്ടർ മാത്രം തിന്നുകയായിരുന്നു, ഇനി ഇവരും കുറച്ച് തിന്നട്ടെ' എന്ന വികാരമാണ് മറ്റൊരു വോട്ടർ പങ്കുവെച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഭട്ടിൻഡയിൽ അകാലിദൾ കൊണ്ടുവന്ന വികസനങ്ങളെ കുറിച്ച് വാചാലനായ അകാലി പ്രവർത്തകൻ മത്സരം മുറുകി കോൺഗ്രസും ആപും തമ്മിലായതോടെ കോൺഗ്രസിനെ തോൽപിക്കാൻ ചൂലിന് വോട്ട് ചെയ്തതാണെന്ന് പറഞ്ഞു. ആപ് ഇക്കുറി അധികാരത്തിൽ വരുമെന്ന് പറഞ്ഞ് 35 ലക്ഷം രൂപക്കാണ് ബർണാലയിൽ ഒരാൾ പന്തയംവെച്ചിരിക്കുന്നതെന്ന് ചൂല് ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മറ്റൊരു വോട്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.