'പഞ്ചാബ് മോഡലു'മായി ആപ്
text_fieldsചണ്ഡിഗഢ്: കാൽനൂറ്റാണ്ടായി കോൺഗ്രസ് ഉരുക്കു കോട്ടയായ പഞ്ചാബ് തൂത്തുവാരാൻ 'പഞ്ചാബ് മോഡൽ' പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ജോലി, അഴിമതിരഹിത ഭരണം, കുറ്റകൃത്യങ്ങളിൽ ഇരകൾക്ക് നീതി, മരുന്നുവില നിയന്ത്രണം തുടങ്ങി സംസ്ഥാനത്ത് സദ്ഭരണം വാഗ്ദാനം ചെയ്യുന്ന പുതു മാതൃകയാണ് 'പഞ്ചാബ് മോഡൽ' എന്നാണ് ആപ്പിന്റെ പ്രഖ്യാപനം. മൊഹാലിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആപ് നേതാവ് അരവിന്ദ് കെജ്രിവാൾ തന്നെയാണ് പുതുമാതൃക പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്ത് പയറ്റി വിജയിച്ച മാതൃകയിലൂടെ ജനമനസ്സിൽ ഇടംനേടി പഞ്ചാബ് പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കെജ്രിവാൾ.
ഡൽഹി മാതൃകയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതിയായ 300 യൂനിറ്റുവരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമായിരിക്കുമെന്ന വാഗ്ദാനം തന്നെയാണ് പഞ്ചാബിലെയും ഹൈലൈറ്റ്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കരണം, 16,000 മെഡിക്കൽ ക്ലിനിക്കുകൾ തുറക്കുക വഴി സംസ്ഥാനത്തെ ആശുപത്രികളുടെ വിപുലീകരണം, സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ എന്നിവയും പദ്ധതിയിലെ പത്ത് അജണ്ടകളിൽ ഉൾപ്പെടുന്നുണ്ട്. അഴിമതി ഇല്ലാതാക്കുന്നതോടൊപ്പം കർഷകർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന റെയ്ഡ് രാജിനും അറുതിവരുത്തുമെന്ന് ആപ് ഉറപ്പുനൽകുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുവഴി സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് പഞ്ചാബികൾ എന്ന് കെജ്രിവാൾ പറഞ്ഞു. 'കഴിഞ്ഞ 25 വർഷമായി പഞ്ചാബ് ഭരിക്കുന്നത് കോൺഗ്രസാണ്. അതിൽതന്നെ 19 വർഷവും ബാദൽ കുടുംബത്തിന്റെ കൈകളിലായിരുന്നു ഭരണം. പരസ്പര പങ്കാളിത്തത്തോടെയാണ് ഇരുകൂട്ടരും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. അവർ വീണ്ടും അധികാരത്തിലെത്തിയാൽ പരസ്പരം എതിരായി ഒരു നടപടിയും എടുക്കില്ലെന്ന് ഉറപ്പാണ്. കോൺഗ്രസ്-ബാദൽ കൂട്ടുകെട്ട് ഇത്രകാലം സംസ്ഥാനത്തെ കൊള്ളയടിക്കുകയായിരുന്നു. ഇവരുടെ കൂട്ടുകച്ചവടം പൊളിച്ച് സംസ്ഥാനത്ത് സാധാരണക്കാരുടെ ഭരണം കൊണ്ടുവരാനാണ് ആപ്പിന്റെ ശ്രമം. അതിന് ഒരു അവസരം ജനങ്ങൾ തരുമെന്നാണ് പ്രതീക്ഷ''-കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.