പഞ്ചാബ് തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി മത്സരിക്കുക രണ്ടു മണ്ഡലങ്ങളിൽനിന്ന്, ദലിത് വോട്ടുകൾ കേന്ദ്രീകരിക്കുക ലക്ഷ്യം
text_fieldsഅമൃത്സർ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ രണ്ട് മണ്ഡലങ്ങളിൽനിന്ന് മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ദലിത് വോട്ടുകൾ ലക്ഷ്യംവെച്ചാണ് പാർട്ടിയുടെ നീക്കം. ആദംപൂർ, ചാംകൗർ സാഹിബ് എന്നീ മണ്ഡലങ്ങളിൽനിന്നാണ് ചന്നി ജനവിധി തേടുകയെന്നാണ് വിവരം.
ദലിത് സമുദായത്തിൽപ്പെട്ട ചന്നി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രചരണത്തിലൂടെ ദലിത് വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
അകാലിദളിന്റെ കോട്ടയാണ് ആദംപൂർ മണ്ഡലം. അഞ്ചുനിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇവിടെ അകാലിദൾ നേട്ടം കൊയ്തപ്പോൾ 2002ൽ മാത്രമാണ് കോൺഗ്രസിന് വിജയം നേടാനായത്. ശക്തനായ സ്ഥാനാർഥിയെതന്നെ രംഗത്തിറക്കി അകാലിദളിന്റെ കോട്ട പിടിക്കാനാണ് കോൺഗ്രസിന്റെ നീക്കം. അടുത്തിടെ ആദംപൂർ മണ്ഡലത്തിൽ നിരവധി വികസന പദ്ധതികൾക്ക് ചന്നിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരുന്നു. ചന്നിയുടെ സിറ്റിങ് മണ്ഡലമാണ് ചാംകൗർ സാഹിബ്.
അതേസമയം മുഖ്യമന്ത്രിയെ തന്നെ രണ്ടു മണ്ഡലങ്ങളിൽനിന്ന് മത്സരിപ്പിക്കുന്നതോടെ കോൺഗ്രസ് എത്രമാത്രം നിരാശയിലാെണന്ന് മനസിലാക്കാമെന്ന് ശിരോമണി അകാലിദൾ നേതാവ് പവൻ ടിനു പറഞ്ഞു. മണ്ഡലത്തിൽ ചന്നി തറക്കല്ലിടൽ കർമം മാത്രമാണ് നടത്തിയതെന്നും വികസന പദ്ധതികൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
2011ലെ സെൻസസ് പ്രകാരം 2.77കോടിയാണ് പഞ്ചാബിലെ ദലിത് ജനസംഖ്യ. ഇതിൽ 31.9 ശതമാനവും വോട്ടർമാരാണ്. ഇതിൽ 19.4 ശതമാനം ദലിത് സിഖുകളും 12.4 ശതമാനം ഹിന്ദു ദലിതും 0.98 ശതമാനം ദലിത് ബുദ്ധിസ്റ്റുമാണ്.
സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ദലിത് ഗ്രൂപ്പിനെ (രവിദാസ്യ) പ്രതിനിധീകരിക്കുന്നയാളാണ് ചന്നി. ആകെ ദലിത് ജനസംഖ്യയിൽ 20.7 ശതമാനം വരും ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.