പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആര്? സൂചന നൽകി വിഡിയോ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയാരെന്ന തർക്കം മുറുകവേ, മുഖ്യമന്ത്രിയാരാകുമെന്ന സൂചന നൽകി കോൺഗ്രസിന്റെ വിഡിയോ. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തന്നെ മുഖ്യമന്ത്രിയാകുമെന്ന സൂചന നൽകുന്നതാണ് വിഡിയോ. 36 സെക്കൻറ് ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ.
ഒരു വ്യക്തി ഒരു സ്ഥാനത്ത് തുടരാൻ നിർബന്ധിതനാക്കപ്പെടുന്നുണ്ടെങ്കിൽ അയാളാണ് യഥാർഥ മുഖ്യമന്ത്രിയെന്ന് പറയുന്നതാണ് വിഡിയോയുടെ തുടക്കം. ബോളിവുഡ് താരം സോനു സൂദാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. യഥാർഥ നേതാവ് സ്ഥാനത്തിനായി സമരം ചെയ്യേണ്ടതില്ല. അത്തരത്തിലൊരു വ്യക്തിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് സ്വയം പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ചിലപ്പോൾ അതൊരു ബാക്ക് ബെഞ്ചറായിരിക്കാം. അത്തരത്തിലൊരാളെ തെരഞ്ഞെടുത്ത് നിനക്ക് ഈ അവസരം അർഹിക്കുന്നതാണെന്ന് പറയുംപോലെ ആ നേതാവിനോട് ആ പദവി അർഹിക്കുന്നതാണെന്ന് പറയേണ്ടതില്ല എന്നും സോനു സൂദ് പറയുന്നു.
എന്നാൽ, ഇതിനുശേഷം എല്ലാവരെയും ഞെട്ടിച്ച് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ വിവിധ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ചന്നിയെ തന്നെ പരിഗണിക്കുമെന്നും അനൗദ്യോഗിക സൂചന ഈ വിഡിയോയിലൂടെ കോൺഗ്രസ് നൽകുന്നു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജോത് സിങ് സിദ്ദു മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കണമെന്ന ആവശ്യം നിരവധി തവണ ഉയർത്തിയിരുന്നു. എന്നാൽ സിദ്ദുവിന്റെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കാൻ ഹൈക്കമാൻഡ് ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചന്നിയും സിദ്ദുവും തമ്മിൽ ശീതയുദ്ധവും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയായി സിദ്ദുവിനെ പരിഗണിച്ചാൽ ദലിത് വോട്ടുകൾ നഷ്ടമാകുമെന്നാണ് കോൺഗ്രസിന്റെ ഭയം.
അതേസമയം, ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.