ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, ഞങ്ങൾക്ക് ഭയമില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിൽ ബി.ജെ.പിയെയും കേന്ദ്രസർക്കാറിനെയും വിമർശിച്ച് കോൺഗ്രസ്. ഇത്തരം പരിശോധനകളെ ഭയക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
'ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, കാരണം അവർക്ക് ഒളിച്ചുവെക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്. എല്ലാവരും നിങ്ങളെപ്പോലെയല്ല. ഞങ്ങൾക്ക് ആരെയും പേടിയില്ല' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി പരിശോധന. പരിശോധനയിൽ ആറു കോടി രൂപ കണ്ടെടുത്തതായി ഇ.ഡി അറിയിച്ചിരുന്നു. ചന്നിയുടെ ബന്ധുവായ ഭൂപീന്ദർ സിങ് ഹണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ നാലു കോടി രൂപയും സന്ദീപ് കുമാർ എന്ന വ്യക്തിയുടെ വീട്ടിൽനിന്ന് രണ്ടുകോടി രൂപയും കണ്ടെടുത്തതായി പറയുന്നു. ഭൂപീന്ദർ സിങ്ങിന്റെ വീട്ടിൽ ഉൾപ്പെടെ 10 ഇടങ്ങളിലായിരുന്നു പരിശോധന.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ജനങ്ങൾ മറുപടി പറയുമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
ഇ.ഡിയെ ബി.ജെ.പിയുടെ 'ഇലക്ഷൻ ഡിപ്പാർട്ട്മെന്റ്' എന്ന് വിശേഷിപ്പിച്ച ശേഷമായിരുന്നു വിമർശനം. രാജ്യത്തെ ഏക ദലിത് മുഖ്യമന്ത്രിക്കെതിരെ മുൻവിധിയോടെയാണ് ബി.ജെ.പിയുടെ പ്രവർത്തനമെന്നും പാർട്ടി വക്താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.