50 വർഷത്തെ കോൺഗ്രസ് ബന്ധത്തിന് അന്ത്യം, മുതിർന്ന നേതാവ് യോഗീന്ദർ മാൻ ആം ആദ്മിയിലേക്ക്
text_fieldsഅമൃത്സർ: 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന യോഗീന്ദർ സിങ് മാൻ ആം ആദ്മി പാർട്ടിയിലേക്ക്. കോൺഗ്രസ് അംഗത്വം രാജിവെച്ച യോഗീന്ദറിനെ പഞ്ചാബിന്‍റെ ചുമതല വഹിക്കുന്ന രാഘവ് ചദ്ദ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്തു. പരിചയ സമ്പന്നനായ നേതാവിന്‍റെ വരവ് പഞ്ചാബിലെ പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന് രാഘവ് പറഞ്ഞു.
പട്ടികജാതി വിഭാഗം നേതാവായ യോഗീന്ദർ മാൻ, മൂന്നു തവണ നിയമസഭാംഗവും ബിയാന്ത് സിങ്, രജീന്ദർ കൗർ ഭട്ടൽ, ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നീ സർക്കാറുകളിൽ മന്ത്രിയുമായിരുന്നു. നിലവിൽ പഞ്ചാബ് ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനാണ്.
കോടിക്കണക്കിന് രൂപയുടെ എസ്.സി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുംഭകോണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെ വിമർശിച്ച് യോഗീന്ദർ രംഗത്ത് വന്നിരുന്നു. തന്‍റെ മണ്ഡലമായ ഫഗ്‌വാരക്ക് ജില്ലാ പദവി നൽകണമെന്ന ആവശ്യം സർക്കാർ തള്ളിയതിലും യോഗീന്ദറിന്‍റെ നീരസത്തിന് കാരണമായി.
117 അംഗ പഞ്ചാബ് നിയമസഭയിൽ ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.