ആപ്പിന്റെ അവസാന അടവ് 'ഹിന്ദു കാർഡ്'
text_fieldsസംഘ്പരിവാർ പയറ്റുന്ന 'ഹിന്ദു ഖത്റേ മേം ഹെ' (ഹിന്ദു ഭീഷണിയിലാണ്) പ്രചാരണവുമായി ആം ആദ്മി പാർട്ടി. പഞ്ചാബിലെ ലുധിയാനയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് 'ആപ്' നേതാവ് അരവിന്ദ് കെജ്രിവാൾ ഹിന്ദു കാർഡ് പുറത്തെടുത്തത്. 'പഞ്ചാബിൽ കെജ്രിവാളിന്റെ ഹിന്ദു കാർഡ്' എന്ന നിലയിൽ പഞ്ചാബി-ഹിന്ദി മാധ്യമങ്ങൾ അവസാന അടവ് വാർത്തയാക്കിയത്.
ജനങ്ങൾക്കിടയിൽ വിശേഷിച്ചും ഹിന്ദുക്കളുടെ മനസ്സിൽ സുരക്ഷിതത്വക്കുറിച്ച് ആശങ്കയുണ്ടെന്ന് ഹിന്ദുവ്യക്തി തന്നോടു വന്നു പറഞ്ഞുവെന്നായിരുന്നു കെജ്രിവാളിന്റെ വെളിപ്പെടുത്തൽ. ദേശസുരക്ഷയുടെയും ആഭ്യന്തര സുരക്ഷയുടെയും കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും കളിക്കുന്ന തരംതാണ രാഷ്ട്രീയം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുമുമ്പ് ജലന്ധറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആപ് സർക്കാർ പഞ്ചാബിൽ അധികാരത്തിൽ വന്നാൽ നിർബന്ധ മതപരിവർത്തനം തടയാനുള്ള ബിൽ കൊണ്ടുവരുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. സിഖ് സമുദായത്തിന്റെ വോട്ടുകൾ മൂന്നായി വീതിക്കപ്പെടുന്ന പഞ്ചാബിൽ 38 ശതമാനം ഹിന്ദുക്കളുടെ വോട്ട് ലക്ഷ്യം വെച്ച് ബി.ജെ.പി പ്രചാരണം ശക്തമാക്കിയപ്പോഴാണ് അറ്റകൈക്ക് ഹിന്ദുകാർഡും കെജ്രിവാൾ പുറത്തെടുക്കുന്നത്.
പ്രധാനമന്ത്രി സുരക്ഷിതനല്ലാത്ത പഞ്ചാബിൽ നിങ്ങളെങ്ങനെ സുരക്ഷിതരാകുമെന്ന് ചോദിച്ച് പഞ്ചാബിലെ ഹിന്ദു വോട്ടുബാങ്കിന്റെ സുരക്ഷിതത്വം ചർച്ചയാക്കി വരുകയായിരുന്നു മോദിയും അമിത് ഷായും. യു.പിയിൽ പരസ്യമായി ഹിന്ദു കാർഡ് പുറത്തെടുത്ത് കർഷക രോഷത്തെ നേരിടാൻ നോക്കുന്ന ബി.ജെ.പി വളരെ സൗഹാർദ അന്തരീക്ഷമുള്ള പഞ്ചാബിൽ അതിന് കഴിയാത്തതുകൊണ്ടാണ് സുരക്ഷിതത്വ പ്രശ്നം ഉന്നയിച്ച് നേർക്കുനേർ അല്ലാതെ ഹിന്ദുവോട്ടുകൾ തങ്ങളുടേതാക്കാൻ നോക്കുന്നത്.
സിഖുകാരുടെ പാർട്ടിയെന്ന മുദ്രയുള്ള ശിരോമണി അകാലിദളിന് കിട്ടാത്ത പഞ്ചാബിലെ ഹിന്ദു വോട്ട് കോൺഗ്രസിനും ബി.ജെ.പിക്കുമിടയിൽ പരമ്പരാഗതമായി വീതിക്കപ്പെടാറാണുള്ളത്. എന്നാൽ, ഹിന്ദുഭൂരിപക്ഷ മണ്ഡലങ്ങളിൽ പോര് ബി.ജെ.പിയും കോൺഗ്രസും ആപും തമ്മിലുള്ള ത്രികോണ മത്സരമായിട്ടുണ്ട്.
കർഷക സമരത്തിനു ശേഷമുള്ള രോഷത്തിനിടയിലും പത്ത് സീറ്റുകളെങ്കിലും നേടി പഞ്ചാബിലെ ഹിന്ദു വോട്ടുകൊണ്ട് പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കോൺഗ്രസിനെ അധികാരത്തിൽനിന്നിറക്കി ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം പഞ്ചാബിൽ ഉണ്ടാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ആർക്കും ഭരിക്കാനാവാതെ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായാൽ ഗവർണർ ഭരണത്തിലൂടെ പഞ്ചാബ് തങ്ങളുടെ വരുതിയിൽ കൊണ്ടുവരാമെന്ന കണക്കുകൂട്ടലുമുണ്ട്.
പഞ്ചാബിൽ മാറ്റത്തിനുള്ള കാറ്റ് അനുകൂലമാക്കി അധികാരത്തിലെത്താൻ നോക്കുന്ന കെജ്രിവാൾ അതിനായി ഹിന്ദുവോട്ടിൽ വലിയൊരു പങ്ക് പിടിക്കാനാണ് ഇതിലൂടെ നോക്കിയതെന്ന് പഞ്ചാബിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ഐ.പി സിങ് പറഞ്ഞു. 'ഹിന്ദു ഖത്റേ മേം ഹെ' എന്ന സംഘ് പരിവാർ പ്രചാരണം മറ്റൊരു തരത്തിൽ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാൽ, ഇരുതലമൂർച്ചയുള്ള അടവാണിത്. ഇതിനകം സിഖ് സമുദായത്തിൽ ഈ ആപ് നേടിയ സ്വീകാര്യത നഷ്ടപ്പെടുത്താനും അവസാന നാളുകളിലെ ഈ കളി ഒരു പക്ഷേ കാരണമായേക്കുമെന്നും സിങ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.