കോൺഗ്രസിനും അകാലിദളിനും ജീവന്മരണ പോരാട്ടം
text_fieldsമാറ്റത്തിനായുള്ള വോട്ടർമാരുടെ മോഹത്തിൽ പിടിച്ച് ആം ആദ്മി പാർട്ടി ശക്തമായ തരംഗമുയർത്തിയ പഞ്ചാബിൽ പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിച്ചപ്പോൾ കോൺഗ്രസും അകാലിദളും നടത്തുന്നത് പിടിച്ചുനിൽക്കാനുള്ള ജീവന്മരണ പോരാട്ടം. അത് കാണാൻ നാലു ജില്ലകളിലായി 23 നിയമസഭ മണ്ഡലങ്ങളുള്ള ഡോബ മേഖലയിൽ വരണം. 25 മണ്ഡലങ്ങളുള്ള മാഝ മേഖലയെപ്പാേലെ ശക്തമായ ത്രികോണ മത്സരത്തിലേക്ക് മാറിയിരിക്കുകയാണ് ഡോബയും.
2017ലെ തെരഞ്ഞെടുപ്പിൽ കാര്യമായ ഇളക്കമുണ്ടാക്കാതിരുന്ന ഡോബയിൽ കോടികൾ വാരിയെറിഞ്ഞാണ് ഇത്തവണ ആം ആദ്മി പാർട്ടിയുടെ പ്രചാരണം. ''വെള്ളം പോലെയാണ് കെജ്രിവാൾ പഞ്ചാബിൽ പ്രചാരണത്തിന് പണമൊഴുക്കുന്നത്'' -വെള്ളിയാഴ്ച ഇവിടെയിറങ്ങിയ, പ്രമുഖ പത്രങ്ങളിലൊന്നായ ജാഗ്ബനിയിൽ ആം ആദ്മി പാർട്ടി നൽകിയ നാലുപേജ് പരസ്യം നിവർത്തിക്കാണിച്ച് പഞ്ചാബ് ഹ്യൂമൻറൈറ്റ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഗുർഭജൻ സിങ് 'മാധ്യമ'ത്തോടു പറഞ്ഞു. ഇത്രയും പണമൊഴുക്കി പ്രചാരണത്തിൽ തരംഗമുയർത്തിയിട്ടും കെജ്രിവാളിന് ഹിന്ദു കാർഡ് ഇറക്കേണ്ടിവരുന്നത് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന ആശങ്കകൊണ്ടാണെന്ന് ഗുർഭജൻ സിങ് തുടർന്നു. ഡോബ മേഖലയിൽ ജലന്ധർ നഗരത്തിലെ സെൻട്രൽ, നോർത്ത്, വെസ്റ്റ് മൂന്ന് എന്നീ മൂന്നു മണ്ഡലങ്ങളിലും മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ രജീന്ദർ കുമാർ ബേരിക്കെതിരെ അകാലിദൾ-ബി.ജെ.പി സഖ്യസർക്കാറിൽ ഉപമുഖ്യമന്ത്രിയായ മനോരഞ്ജൻ കാലിയ ജയം ഏറക്കുറെ ഉറപ്പിച്ചിരുന്ന ജലന്ധർ സെൻട്രൽ മണ്ഡലത്തിൽ ആപ് പ്രചാരണത്തിൽ മുന്നേറിയതോടെ ചിത്രം മാറിയെന്നാണ് വോട്ടറായ ഗുർഭജൻ പറയുന്നത്.
ജലന്ധർ കന്റോൺമെന്റിലും കർതാർപുരിലും ആപ്പിന് മേൽക്കൈയുണ്ട്. ആപ് ദുർബലമായ, സിഖ് മേധാവിത്വമുള്ള ജലന്ധറിലെ ഗ്രാമീണ മേഖലകളിലായ ആദംപുർ, ഫിലോർ, നുകോതർ, ഷാകൂർ എന്നീ മണ്ഡലങ്ങളിൽ മത്സരം കോൺഗ്രസും അകാലിദളും തമ്മിലാണ്. ആം ആദ്മി പാർട്ടി കഴിഞ്ഞാൽ പണമിറക്കി പ്രവർത്തനം നടത്തുന്നത് അകാലിദൾ-ബി.എസ്.പി സഖ്യമാണ്. ഇത്തവണ പിടിച്ചുനിന്നില്ലെങ്കിൽ പഞ്ചാബ് രാഷ്ട്രീയത്തിൽനിന്ന് ഒലിച്ചുപോകുമെന്നു കണ്ട് ബി.എസ്.പിയുമായി ചേർന്ന് ചിട്ടയായ പ്രവർത്തനമാണ് തങ്ങളുടെ മേഖലകളിൽ അകാലിദൾ നടത്തുന്നത്. അതോടൊപ്പം ഗ്രാമീണ മേഖലയിൽ വോട്ടർമാർക്ക് പണം നൽകി വോട്ടുപിടിക്കാറുള്ള ശിരോമണി അകാലിദൾ ഈ തെരഞ്ഞെടുപ്പിലും അതാവർത്തിക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്.
മുഖ്യമന്ത്രി ചന്നിയുടെ സമുദായമായ രവിദാസ്യ ദലിതുകൾക്ക് മേധാവിത്വമുള്ള മേഖലയിൽ കോൺഗ്രസിന്റെ നില ഭദ്രമാണെന്ന് കരുതിയാണ് അദ്ദേഹം രണ്ടാമത്തെ മണ്ഡലം പോലും ഇവിടെയാക്കാതിരുന്നത്. പാർട്ടിക്കുള്ളിലെ ചേരിപ്പോരും മാൽവ, മാഝ മേഖലകളിലെപ്പോലെ കോൺഗ്രസിന് ഇവിടെ തലവേദനയാകുന്നില്ല. അകാലിദളിനെ പിന്തുണക്കുന്ന മാഝ മേഖലയിലെ ക്രിസ്ത്യൻ വോട്ടർമാരുടെ നിലപാടിൽനിന്ന് ഭിന്നമായി അവരുടെ പിന്തുണ ഇവിടെ ഏതാണ്ട് പൂർണമായും കോൺഗ്രസിനാണ്. പ്രചാരണത്തിനൊടുവിൽ കെജ്രിവാൾ ഇറക്കിയ ഹിന്ദു കാർഡ് ആപ്പിനെ തിരിഞ്ഞുകുത്തിയെങ്കിലെന്ന് കോൺഗ്രസും അകാലിദളും സ്വകാര്യമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും 38 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടുകൾ നിർണായകമായതിനാൽ ഇരുകൂട്ടരും പരസ്യമായി പ്രചാരണ വിഷയമാക്കുന്നില്ല. പ്രചാരണം അവസാനിക്കുമ്പോൾ ബി.ജെ.പി -ക്യാപ്റ്റൻ സഖ്യം പ്രചാരണത്തിൽ നാലാം സ്ഥാനത്തു തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.