സിദ്ദു-സ്റ്റെപ്പ് ഔട്ട്, ക്ലീൻ ബൗൾഡ്...
text_fieldsഅമൃത്സർ: ലെഗ് ബ്രേക്ക് ബോളിനെ സ്റ്റെപ് ഔട്ട് ചെയ്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സിന് പറത്തുന്ന അതേ ലാഘവത്തോടെയാണ് നവ്ജ്യോത് സിങ് സിദ്ദു രാഷ്ട്രീയത്തെയും നേരിട്ടത്. സ്വന്തം ഫോമിന് മേലുള്ള ആത്മവിശ്വാസം കൊണ്ട് മാത്രം രാഷ്ട്രീയത്തിന്റെ പിച്ചിൽ അതിജീവിക്കാനാകില്ലെന്ന് അദ്ദേഹം ഇന്ന് തിരിച്ചറിഞ്ഞിരിക്കും. പിച്ചിന്റെ സ്വഭാവവും എതിരാളിയുടെ ആവനാഴിയുടെ ആഴവും പരിഗണിക്കാതെയുള്ള സ്ട്രോക്പ്ലേയിൽ കുറ്റിതെറിച്ച് പുറത്താകുമ്പോൾ ബാറ്റുകൊണ്ട് പാഡിലടിച്ച് സ്വയം പഴിച്ച് ക്രീസ് വിടുന്ന പഴയ സിദ്ദുവിനെ നമുക്ക് ഓർമയുണ്ട്. അതേ കാഴ്ചയുടെ ആവർത്തനം ഇന്ന് പഞ്ചാബിലെ വോട്ടെണ്ണലിലും കാണുന്നു.
ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിൽ 'സ്ട്രോക് ലെസ് വണ്ടർ' എന്നാണ് സിദ്ദുവിനെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് കളി മാറി. തന്റെ പരിമിതമായ സ്ട്രോക്കുകളെ ഫലപ്രദമായി വിനിയോഗിച്ച സിദ്ദു സ്പിന്നർമാരുടെ പേടി സ്വപ്നമായി മാറി. ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരായ ഷെയ്ൻവോണും മുരളീധരനുമൊക്കെ അവരുടെ കരിയറിന്റെ തുടക്കത്തിൽ സിദ്ദുവിൽ നിന്ന് നല്ല തല്ല് വാങ്ങിയിട്ടുണ്ട്.
രാഷ്ട്രീയത്തിൽ പക്ഷേ, ഒന്നാം ഓവർ മുതൽ അടിച്ചുകളിച്ച സിദ്ദു ഏതുനിമിഷവും പുറത്താകുമെന്ന സ്ഥിതി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കോൺഗ്രസിന് എന്നും തീരാ തലവേദനയായിരുന്നു സിദ്ദു. എന്നും ഓരോ പ്രശ്നങ്ങൾ ഉയർത്തിയ അദ്ദേഹം സ്വയം മാധ്യമ ശ്രദ്ധയിൽ നിന്നതിനൊപ്പം പാർട്ടിയുടെ സാധ്യതകളെ തകർത്തുകൊണ്ടുമിരുന്നു. ആദ്യം അമരീന്ദറുമായും പിന്നീട് ഛന്നിയുമായുമെല്ലാം തെറ്റിയ സിദ്ദു ആരുമായും ചേർന്നുപോയില്ല. എന്നും ഉടക്ക് പ്രസ്താവനകളുമായി അദ്ദേഹം കളം നിറഞ്ഞുകൊണ്ടേയിരുന്നു. പല ഘട്ടത്തിലും പാർട്ടി പുറത്താക്കിയേക്കുമെന്നും അദ്ദേഹം സ്വമേധയാ പുറത്തുപോകുമെന്നുമുള്ള പ്രതീതി ജനിച്ചു. പക്ഷേ, ദുർബലമായ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വേറെ വഴികളില്ലായിരുന്നു.
അമരീന്ദർ പാർട്ടി വിട്ടപ്പോൾ മുഖ്യമന്ത്രി കസേര സിദ്ദു മോഹിച്ചിരുന്നു. പക്ഷേ, പാർട്ടി ചിന്തിച്ചത് മറ്റൊരു വഴിയിലായിരുന്നു. സാധാരണക്കാരെ ഒപ്പം നിർത്താൻ ദലിതനായ ചന്നിയെ മുഖ്യമന്ത്രി പദത്തിലേക്ക് കോൺഗ്രസ് പരിഗണിച്ചതോടെ സിദ്ദു പിണങ്ങി. പിണക്കം പരസ്യമാക്കിയ സിദ്ദു തുടക്കം മുതൽ ചന്നിയുമായി ഉടക്കി. മാസങ്ങൾ മാത്രം നീണ്ട ഭരണകാലത്ത് ചന്നിക്ക് ഒരുതരത്തിലുള്ള സമാധാനവും അദ്ദേഹം നൽകിയില്ല. ഗതികേട് കൊണ്ട് കോൺഗ്രസും എല്ലാം സഹിച്ചു. സിദ്ദുവും കൂട്ടരും പാലം വലിക്കുമെന്ന് ഭയന്നാണ് ചന്നി രണ്ടു സീറ്റിൽ മത്സരിക്കാൻ പോലും തയാറായത്. ഒടുവിൽ എല്ലാം തകരുമ്പോൾ സിദ്ദുവിന് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. കളി ഇനിയും തുടരുമോ? അതോ, എല്ലാം അവസാനിപ്പിച്ച് കളം വിടുമോ?...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.