Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightഭഗവന്ത് മാൻ;...

ഭഗവന്ത് മാൻ; പഞ്ചാബികളുടെ ജുഗ്നു, അറിയാം പുതിയ മുഖ്യമന്ത്രിയെ

text_fields
bookmark_border
ഭഗവന്ത് മാൻ; പഞ്ചാബികളുടെ ജുഗ്നു, അറിയാം പുതിയ മുഖ്യമന്ത്രിയെ
cancel

ചണ്ഡീഗഢ്: 'സി. എം എന്ന വാക്കിന് കോമൺ മാൻ എന്നാണ് അർഥം. എന്റെ ജീവിതത്തിൽ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഇതൊന്നും പുതിയ അനുഭവമല്ല' -ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടയുടൻ ഭഗവന്ത് മാൻ പറഞ്ഞതാണിത്. ആ വാക്കുകൾ യാഥാർഥ്യമാകുമോ എന്നറിയാൻ പഞ്ചാബി ജനതക്ക് ഇനി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരില്ല. ആപ്പ് അടിച്ചുവാരിയെടുത്ത പഞ്ചാബിന്റെ മണ്ണിനെ ഇനി ഭഗ്‍വന്ത് മാൻ നയിക്കും.



എപ്പോഴും തമാശകൾ പറഞ്ഞ് ചിരിപ്പിക്കുന്നതിനാലാകണം പഞ്ചാബികൾ സ്നേഹത്തോടെ ഭഗവന്ത് മാന്നിനെ 'ജുഗ്നു' എന്നാണ് വിളിക്കുന്നത്. കപിൽ ശർമയുമായി ചേർന്നുള്ള 'ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ജനപ്രിയ ടെലിവിഷൻ കോമഡി ഷോ കണ്ടവർ ഭഗ്വന്തിനെ ഇഷ്ടപ്പെടാതിരിക്കില്ല. പഞ്ചാബിലെ അറിയപ്പെടുന്ന ഹാസ്യതാരമാണ് ഭഗവന്ത്. ജുഗ്നു എന്ന പേര് കൂടാതെ 'കോമഡി കിങ്' എന്ന മറ്റൊരു പേരുകൂടിയുണ്ട് ഭഗ്‍വന്തിന്. അഭിനേതാവ്, നടൻ, ഗായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലും ഭഗവന്ത് തിളങ്ങിയിട്ടുണ്ട്.

1973 ഒക്ടോബർ 17ന് പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സതോജ് ഗ്രാമത്തിൽ മൊഹിന്ദർ സിങിന്റെയും ഹർപൽ കൗറിന്റെയും മകനായാണ് ജനനം. സിഖ്-ജാട്ട് കുടുംബാംഗമാണ്. സ്കൂൾ പഠനകാലം മുതൽ തന്നെ കോമഡി പരിപാടികളിൽ സജീവമായിരുന്നു. പട്യാല ശഹീദ് ഉദ്ദംസിങ് ഗവൺമെന്റ് കോളജിൽ നിന്ന് വിവിധ ഹാസ്യ മത്സരങ്ങൾക്ക് ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് 'ലോക് ലെഹർ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒ നടത്തുന്നുണ്ട്. 12 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്.

2011ലാണ് അദ്ദേഹം കോമഡി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പീപ്പിൾസ് ഓഫ് പഞ്ചാബിലെ അംഗമായിട്ടായിരുന്നു തുടക്കം. 2012ലെ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിൽ ലെഹ്‌റഗാഗ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ അവിടെനിന്നും രാജിവെച്ച് ആപ്പിൽ ചേർന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംഗ്രൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ചു. 2014 മുതൽ ലോക്‌സഭാംഗമാണ്. അതിനിടെയാണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിയമസഭ മത്സരത്തിൽ മാറ്റുരക്കാൻ നിയോഗമുണ്ടായത്.

4.31 കോടി രൂപയുടെ ആസ്തിയും 1.63 കോടിയുടെ ബാധ്യതയും ഉള്ളതായി തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ടൊയോട്ട ഫൊർച്യൂണർ കാറുകളും ഒരു ഷവർലെ ക്രൂസും സ്വന്തമായുള്ളതായി സത്യവാങ്മൂലത്തിൽ രേഖ​പ്പെടുത്തിയിട്ടുണ്ട്.

ഭഗവന്ത് മാന്നിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. മദ്യപാന ആരോപണം ആണ് അതിൽ എറ്റവും പ്രധാന​പ്പെട്ടത്. പാർലമെന്റിൽ മദ്യപിച്ചെത്തിയ ഭഗ്വന്ത്, പഞ്ചാബിന്റെ പ്രതിഛായക്കാണു മങ്ങലേൽപ്പിക്കുന്നത് എന്നായിരുന്നു അമരിന്ദറിന്റെ പ്രതികരണം. ഭഗ്വന്തിന്റെ മദ്യപാനത്തിനെതിരെ, എ.എ.പി എം.പിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്‌സഭാ സ്പീക്കർക്കു പരാതി നൽകി. ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാര ചടങ്ങിലും, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്‌സറിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ചടങ്ങിലും മദ്യപിച്ച് എത്തി ഭഗവന്ത് ചീത്തപ്പേര് കേൾപ്പിച്ചു.

2019ൽ ആം ആദ്മി പാർട്ടിയുടെ ഒരു പൊതുയോഗത്തിൽ അമ്മ ഹർപാൽ കൗറിനൊപ്പം എത്തിയ മാൻ എല്ലാവരെയും ഞെട്ടിച്ചു​കൊണ്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. മദ്യം ഉപേക്ഷിക്കുകയാണെന്നും ഇനി ഒരിക്കലും തൊടില്ലെന്നും അമ്മയെ സാക്ഷിയാക്കി പ്രതിജ്ഞയെടുത്തു. ആപ്പിന്റെ പഞ്ചാബ് കൺവീനർ ആയിരുന്നു മാൻ. മയക്കുമരുന്ന് മാഫിയ കേസിൽ അരവിന്ദ് കെജ്‌രിവാൾ ബിക്രം സിംഗ് മജിതിയയോട് നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന് 2018ൽ എ.എ.പി പഞ്ചാബിന്റെ കൺവീനറായിരുന്ന മാൻ രാജിവെച്ചിരുന്നു.

ഇന്ദർപ്രീത് കൗറിനെ വിവാഹം കഴിച്ചെങ്കിലും 2015ൽ ഇരുവരും വേർപിരിഞ്ഞു. ഒരുമിച്ച് താമസിക്കാൻ ജോലിത്തിരക്കുകൾ കാരണം കഴിയുന്നില്ല എന്നതായിരുന്നു ഇരുവർക്കുമിടയിലെ വിഷയം. ഇന്ദർ പ്രീത് കൗർ യു.എസിൽ സ്ഥിര താമസമാണ്. അവിടേക്ക് മാന്നിനെ ക്ഷണിച്ചെങ്കിലും പോകാൻ വിസമ്മതിച്ചു. ഇന്ദർ പ്രീത് ഇന്ത്യയിലേക്ക് മടങ്ങാനും തയ്യാറായില്ല. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly electiom 2022
News Summary - punjab assembly election results
Next Story