പഞ്ചാബ് കോൺഗ്രസ്: ചരൺജിത് ചന്നി മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും
text_fieldsന്യൂഡൽഹി: പഞ്ചാബിൽ ചരൺജിത് സിങ് ചന്നി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും. മുഖ്യമന്ത്രി സ്ഥാനാർഥിക്കായി പാർട്ടി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ചന്നിക്കാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്.
ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെ ലുധിയാനയിലെത്തുന്ന രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. കോൺഗ്രസ് അധികാരം നിലനിർത്തിയാൽ ആരു മുഖ്യമന്ത്രിയാകുമെന്നത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആപ് ചെയ്തതതിന് സമാനമായി പൊതുജനാഭിപ്രായം തേടിയാണ് കോൺഗ്രസും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും ചിത്രത്തിലുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം ഉയർത്തിക്കാട്ടാൻ സിദ്ദു പലതവണ ശ്രമിച്ചിരുന്നു.
രണ്ട് മണ്ഡലങ്ങളിലാണ് ചന്നി മത്സരിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും കോൺഗ്രസ് തീരുമാനിച്ചതായി സൂചനയുണ്ട്. പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന് സിദ്ദു നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.