പഞ്ചാബ്: ആപ് വരുന്നതിൽ ആധി ക്രിസ്ത്യൻ വോട്ടർമാർക്ക്
text_fieldsഗുരുദാസ്പുർ: കർതാർപുർ കോറിഡോർ സ്ഥിതി ചെയ്യുന്ന ദേര ബാബ നാനക് നിയമസഭ മണ്ഡലത്തിൽ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രന്ദാവ ആപ് സ്ഥാനാർഥിയിൽനിന്നും ശിരോമണി അകാലിദളിൽനിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഭരണവിരുദ്ധ വികാരത്തിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി തോൽക്കുമെന്ന് കരുതുന്നവർ ഏറെ. ഈ മണ്ഡലത്തിൽ കോൺഗ്രസിനെ കൈവിട്ട് ശിരോമണി അകാലിദളിന് ഒപ്പം നിൽക്കുന്നതുകണ്ട ക്രിസ്ത്യൻ വോട്ടർമാരോട് ആപ്പിനെ പിന്തുണക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ആശങ്ക തുറന്നുപറഞ്ഞു.
ആപ് സർക്കാർ വരുകയാണെങ്കിൽ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് ജലന്തറിൽ കെജ്രിവാൾ പറഞ്ഞത് ക്രിസ്ത്യൻ സമൂഹം വലിയ ആശങ്കയോടെയാണ് കാണുന്നതെന്ന് പരിവർത്തിത ക്രിസ്ത്യാനിയായ അംരീക് പറഞ്ഞു. ദേര ബാബ നാനക് മണ്ഡലത്തിൽ ഡൊമിനിക് മട്ടുവും തൊട്ടടുത്ത മണ്ഡലമായ അജ്നാലയിൽ സോണി ജാഫറും ക്രിസ്ത്യൻ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ ഹർപ്രതാപ് സിങ് അജ്നാലയിൽ ഭരണവിരുദ്ധ വികാരം ഏറ്റുവാങ്ങുന്നതിനാൽ അകാലിദളിനാണ് അവിടെയും ജയസാധ്യതയെന്നും കൊലക്കേസ് പ്രതിയായ, 30 ലക്ഷം ബാങ്ക് വായ്പ തിരിച്ചടക്കാത്ത ആപ് സ്ഥാനാർഥി മത്സരചിത്രത്തിലില്ലെന്നും അംരീക് തുടർന്നു. ഇന്ത്യ-പാക് അതിർത്തിയിലെ സെന്റ് ജോസഫ് കാത്തലിക് ചർച്ചിന് കീഴിൽ 250ഓളം ക്രിസ്ത്യൻ കുടുംബങ്ങളുണ്ടെന്ന് ഫാദർ റിമോൾഡ് മാരിയോ പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിൽനിന്ന് ജലന്തറിലെത്തിയപ്പോഴും ഇതേ ആപ് വിരുദ്ധ വികാരമാണ് ക്രിസ്ത്യൻ സമൂഹത്തിൽ കണ്ടത്. എന്നാൽ, ഗുരുദാസ്പൂരിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവെക്കുന്ന ജലന്തറിൽ ക്രിസ്ത്യൻ വോട്ടുകളിൽ വലിയൊരു പങ്ക് അങ്ങോട്ടാണെന്നും ഒരു ഭാഗം ശിരോമണി അകാലിദളിനാണെന്നും ജലന്തറിലെ ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ ഐ.പി. സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.