ഇനി തർക്കമില്ല: പഞ്ചാബിൽ ചന്നി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും
text_fieldsലുധിയാന: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലുധിയാനയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രഖ്യാപനം.
'ജനങ്ങളെ മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ആവശ്യമെന്ന പഞ്ചാബ് ജനതയുടെ അഭിപ്രായം കണക്കിലെടുത്താണ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. പഞ്ചാബിലെ ജനങ്ങളുടെയും പാർട്ടിയുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനം. ഒട്ടും വ്യക്തിപരമല്ല' -രാഹുൽ പറഞ്ഞു.
പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടിയുടെ നിർണായക തീരുമാനം. തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിക്കാറില്ലെന്നും പ്രവർത്തകർ ആവശ്യപ്പെട്ടാൽ പ്രഖ്യാപനം നടത്താൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്‍റെയും ചരൺജിത് സിങ് ചന്നിയുടെയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനാർഥി സാധ്യത പട്ടികയിൽ ഉയർന്നിരുന്നത്. കഴിഞ്ഞ വർഷം സിദ്ദുവിന്‍റെ നേതൃത്വത്തിലുള്ള വിമത എം.എൽ.എമാരുടെ സംഘവുമായി ഒരു വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നത്.
ഇതോടെ അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിനെ നാമനിർദ്ദേശം ചെയ്യുമെന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ഹൈക്കമാൻഡിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും സിദ്ദു നേരത്തെ പറഞ്ഞിരുന്നു. അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് സിദ്ദു ഇത്തവണ ജനവിധി തേടുന്നത്. ചംകൗര്‍ സാഹേബ്, ചന്നി ബാദൗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നായിരിക്കും ചന്നി ഇത്തവണ ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.