ആപ്പിന് വോട്ട് ചെയ്യാത്തവർ വിഷമിക്കേണ്ട, ഇത് എല്ലാവരുടെയും സർക്കാർ -ഭഗവന്ത് മാൻ
text_fieldsചണ്ഡിഗഢ്: പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യാത്തവർ വിഷമിക്കേണ്ടതില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാവും സർക്കാർ പ്രവർത്തിക്കുകയെന്നും പഞ്ചാബിലെ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ.
സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ ജന്മനാടായ നവാൻഷഹർ ജില്ലയിലെ ഖട്കർ കാലാനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഒരു സർക്കാർ ഓഫിസിലും മുഖ്യമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കില്ല. പകരം ഭഗത് സിങ്ങിന്റെയും ബി.ആർ. അംബേദ്കറിന്റെയും ഫോട്ടോകൾ സ്ഥാപിക്കും. സത്യപ്രതിജ്ഞ ചടങ്ങ് രാജ്ഭവനിലല്ല, ഖത്കർ കാലാനിൽ നടക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും മാൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
സ്‌കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തൽ, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യമൊരുക്കൽ, വ്യവസായം തിരികെ കൊണ്ടുവരൽ, കൃഷി ലാഭകരമാക്കൽ, സ്ത്രീ സുരക്ഷ, കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് തന്റെ സർക്കാറിന്റെ പ്രധാന ലക്ഷ്യം. കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ഗ്രാമങ്ങളിലും ട്രാക്കുകളും സ്റ്റേഡിയങ്ങളും സ്ഥാപിക്കും.
പഞ്ചാബിനെ ശരിയായ പാതയിൽ കൊണ്ടുവരും. ഒരു മാസത്തിനുശേഷം മാറ്റം അനുഭവപ്പെടും. സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ മന്ത്രിമാർ അതിർത്തിയിലും ഗ്രാമങ്ങളിലും തെരുവുകളിലും പോകും. നേരത്തെയുണ്ടായിരുന്ന സർക്കാറുകൾ മോത്തിബാഗ് കൊട്ടാരത്തിൽ നിന്നും (അമരീന്ദറിന്റെ പട്യാലയിലെ വസതി) കൂറ്റൻ മതിലുകളുള്ള വീട്ടിൽ നിന്നുമാണ് (പ്രകാശ് സിങ് ബാദലിന്റെ വീട്) ഭരണം നടത്തിക്കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ പഞ്ചാബ് ജനങ്ങളുടെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.