തൂക്കുസഭ പ്രതീക്ഷിച്ച് അമൃത്സറിലെ വോട്ടർമാർ
text_fieldsതണുപ്പ് വിട്ടുമാറാത്ത അമൃത്സറിൽ നേരം പുലരുന്നത് തെരഞ്ഞെടുപ്പ് ചർച്ചകളുടെ ചൂടിലേക്കാണ്. പ്രഭാത സവാരിക്കിറങ്ങിയ 60 കഴിഞ്ഞ ജഗ്ദീഷ് കുമാർ രാവിലെ ഉർദു പത്രം വാങ്ങിവെച്ചത് കണ്ട് ഇതാർക്കാണെന്ന് ചോദിച്ചു. 90 കഴിഞ്ഞ കാരണവർക്ക് ഉർദു ഭാഷ മാത്രമേ വഴങ്ങൂ, ഉർദുപത്രമേ വായിക്കൂ എന്നും മറുപടി. ഹരിയാനയിൽനിന്ന് അമൃത്സറിലേക്ക് കുടിയേറിയ ബി.ജെ.പി അനുഭാവമുള്ള കുടുംബത്തിൽ നിന്നുള്ള വിമുക്ത ഭടനായ ജഗ്ദീഷ് കുമാർ പറയുന്നത് കോൺഗ്രസ് - ആം ആദ്മി പാർട്ടി പോര് കടുത്തതോടെ ഇത്തവണ പഞ്ചാബിൽ തൂക്കുസഭ വരുമെന്നാണ്.
തെരഞ്ഞെടുപ്പ് മുറുകും വരെ ആം ആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നു സാഹചര്യങ്ങൾ. എന്നാൽ, അതിർത്തിയിൽ സമരം ചെയ്ത കർഷകരുടെ പാർട്ടി പിടിക്കുന്ന വോട്ടുകളത്രയും ആപ്പിന്റെ നഷ്ടമാണ്. അതുകൊണ്ട് ആപ്പിന് പഞ്ചാബിൽ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പത്ര വിൽപനക്കാരനായ സുനിൽ അതിനോട് വിയോജിച്ച് ഇക്കുറി 'ബദലാവ്' ഉണ്ടാകുമെന്നും ആം ആദ്മി പാർട്ടി ഭരണത്തിലെത്തുമെന്നും ഉറച്ചുവിശ്വസിക്കുന്നു.
ആപ്പുകാരനാണല്ലേ എന്ന് ചോദിച്ചപ്പോൾ ജീവിതത്തിൽ ഇന്നു വരെ ഒരു പാർട്ടിക്കും വോട്ടുചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികളിൽ ഒന്നിനെയും വിശ്വാസമില്ലെന്നും അരാഷ്ട്രീയമായ ഉത്തരം. തുടർന്ന് 75 സീറ്റുകളോടെ ആപ് അധികാരത്തിലെത്തുമെന്ന തന്റെ സ്വന്തം വകയിലുള്ള സർവേ ഫലവും സുനിൽ പ്രഖ്യാപിച്ചു. പേര് പറയാത്ത ഒരു ബി.ജെ.പി അനുഭാവി സുനിലിനെ ഖണ്ഡിച്ചു. അത് സംഭവിക്കില്ലെന്നും തൂക്കുസഭയായിരിക്കും വരുകയെന്നും ബി.ജെ.പിയുടെയും ക്യാപ്റ്റന്റെയും നിലപാട് അതിൽ നിർണായകമാകുമെന്നും അദ്ദേഹം വാദിച്ചു. അങ്ങനെ വന്നാൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി ആപ്പിനെ പിന്തുണക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും ആപ്പിന് തിരിച്ച് ബി.ജെ.പി - പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യത്തെ പിന്തുണക്കാമല്ലോ എന്നും വാദിച്ചു.
പഞ്ചാബിൽ മറ്റിടങ്ങളിലില്ലാത്ത ത്രികോണ മത്സരം അമൃത്സർ ജില്ലയിലെ പല മണ്ഡലങ്ങളിലുമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ചർച്ച. ചായക്കാരന്റെ അടുത്തും തെരഞ്ഞെടുപ്പാണ് സംസാരം. കാലമിത്രയും പഞ്ചാബിൽ കോൺഗ്രസിന് വോട്ടുചെയ്ത താൻ ആദ്യമായി ഇക്കുറി മാറ്റി ചെയ്യുമെന്നും അത് ചൂലിനായിരിക്കുമെന്നും ചായക്ക് വന്നിരിക്കുന്ന അശോക് കുമാർ പറയുമ്പോൾ ചായക്കാരൻ തന്നെ അത് ഖണ്ഡിച്ചു. തന്റെ വോട്ടും ആപ്പിനാണെങ്കിലും ഇരുകൂട്ടരും തമ്മിൽ കടുത്ത മത്സരമാണെന്നും ആർക്കും ഭൂരിപക്ഷമില്ലാതിരിക്കാനുള്ള സാചര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി രണ്ടു മണ്ഡലത്തിലും തോൽക്കുമെന്ന കെജ്രിവാളിന്റെ അഭിപ്രായം ഇരുവരും ഒരുപോലെ ചിരിച്ചുതള്ളി.
ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ജനങ്ങൾ വല്ല പ്രതീക്ഷയും അർപ്പിക്കുന്നുണ്ടെങ്കിൽ അത് ചന്നി മുഖ്യമന്ത്രി സ്ഥാനാർഥിയായത് കൊണ്ട് മാത്രമാണെന്ന് അശോക് കുമാർ കെജ്രിവാളിനെ തിരുത്തി. കേവലം മൂന്ന് മാസത്തേക്ക് തൽക്കാല മുഖ്യമന്ത്രിയാക്കിയതായിരുന്നു ചന്നിയെ. അദ്ദേഹം പ്രവർത്തിച്ചുകാണിച്ചതുകൊണ്ട് കോൺഗ്രസിന് പിന്നെ മാറ്റാൻ കഴിഞ്ഞില്ല.
രണ്ട് വർഷം മുമ്പെങ്കിലും ചന്നിയെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കിൽ ആപ്പിന് ഈ കിട്ടുന്ന വോട്ടുകളെല്ലാം കോൺഗ്രസിനാകുമായിരുന്നു എന്ന് അശോക് കുമാറിന്റെ സാക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.